മലപ്പുറം: ദേവീസ്തുതികളും കീര്‍ത്തനങ്ങളും നിറഞ്ഞ മറ്റൊരു നവരാത്രികാലം കൂടി കടന്നു പോകുന്നു. അക്ഷരോപാസകര്‍ക്കും വിവിധ കലോപാസകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് നവരാത്രികാലം. നവരാത്രി നാളുകളില്‍ വ്രതം നോറ്റ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നു. വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ പണിയായുധങ്ങളും വിവിധ കലകള്‍ അഭ്യസിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പൂജയ്ക്ക് വെക്കുന്നു. നാവിന് തുമ്പില്‍ ഹരിശ്രീ കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത് വിജയദശമി നാളിലാണ്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും സ്കൂളുകളിലും വായനശാലകളിലും ഇന്നലെ പുസ്തകങ്ങള്‍ പൂജയ്ക്ക് വെച്ചു. ഫാക്ടറികളിലും തൊഴിലിടങ്ങളിലും പൂജ നടന്നു. മഹാനവമി ദിനമായ ഇന്നും പൂജകള്‍ നടക്കും. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കലാ- സാംസ്കാരിക പരിപാടികളും നടക്കും.
നാളെയാണ് വിജയദശമി. മിക്ക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ തന്നെ പ്രധാനകേന്ദ്രമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നാളെ നൂറുകണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിക്കും. രാവിലെ അഞ്ച് മണിക്ക് കുട്ടികളുടെ വിദ്യാരംഭവും 9.30ന് കവികളുടെ വിദ്യാരംഭവും നടക്കും.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടക്കും.
മലപ്പുറം താമരക്കുഴി ശ്രീമാരിയമ്മന്‍ കോവിലില്‍ നാളെ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. മുണ്ടുപറമ്പ് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നാളെ രാവിലെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഒതുക്കുങ്ങല്‍ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരീ ഇന്ന് മഹാനവമി പൂജ നടക്കും. നാളെ രാവിലെ ഒന്‍പത് മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ശ്രീസ്വാതി തിരുനാള്‍ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ മലപ്പുറം കോട്ടപ്പടി കെമിസ്റ്റ് ഭവനില്‍ നവരാത്രി സംഗീതോത്സവം അരങ്ങേറും.
ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ ബാബുരാജിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വിവിധ സംഗീതോപകരണങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഫ്യൂഷന്‍ അരങ്ങേറും. ശ്രീ സായി കലാക്ഷേത്രയുടെ സഹോദര സ്ഥാപനമായ സ്വാതി തിരുനാള്‍ സ്കൂള്‍ ഓഫ് മ്യൂസിക് 23 മുതല്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്തുള്ള കടക്കാടന്‍ കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിക്കും. നൃത്തം, വോക്കല്‍, വാദ്യോപകരണ പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ നാളെ ആരംഭിക്കും.
ഇന്ത്യനൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ഇന്ന് മഹാനവമി പൂജ നടക്കും. വിജയദശമി ദിനത്തില്‍ രാവിലെ എട്ട് മണിക്ക് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.
വേങ്ങര ശ്രീഅമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തില്‍ ഇന്ന് മഹാനവമിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും വൈകിട്ട് ആയുധപൂജയും നടക്കും. നാളെ രാവിലെ ഏഴു മുതല്‍ സരസ്വതി പൂജയും എട്ട് മണിക്ക് വിദ്യാരംഭവും നടക്കും.
നറുകര നറുമധുര ഭഗവതി ക്ഷേത്രം, താനൂര്‍ ശ്രീ ചിറക്കല്‍ ഭഗവതീക്ഷേത്രം, പൊന്നാനി ഓംതൃക്കാവ് ശിവക്ഷേത്രം, വളാഞ്ചേരി തൊഴു വാനൂര്‍ ഭഗവതി ക്ഷേത്രം, പുലാമന്തോള്‍ പാലൂര് ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കാരക്കുന്ന് മണ്ണന്തല ശ്രീമഹാവിഷ്ണു ക്ഷേത്രം, എളയൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, നിലമ്പൂര്‍, നടുവിലകളം സുബ്രഹ്മണ്യ ക്ഷേത്രം,വീരാഡപുരിക്ഷേത്രം, വില്വാത്മഹാദേവ ക്ഷേത്രം,അമരമ്പലം ശിവക്ഷേത്രം, ചമ്മന്തിട്ട ഭഗവതി ക്ഷേത്രം, എടക്കര ശ്രീദുര്ഗ്ഗക്ഷേത്രം,
ശ്രീകൃഷ്ണക്ഷേത്രം, കുറത്തിമല ശ്രീകുറത്തിയമ്മ ക്ഷേത്രം, പാലേമാട് ശ്രീധര്‍മ്മശാസ്തക്ഷേത്രം, വള്ളിക്കാട് മഹാദേവക്ഷേത്രം, കാരക്കോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: