പെരിന്തല്‍മണ്ണ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമപ്പിക്കാന്‍ കേവലം രണ്ട് ദിവസങ്ങള്‍ അവശേഷിക്കെ ‘സ്വതന്ത്രരുടെയും’ ‘വിമതരുടെയും’ ശല്യം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍. അതിനാല്‍ തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാതെ കാത്തിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ഏതായാലും വരും ദിവസങ്ങള്‍ മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ആര്‍ക്കും ധൈര്യപൂര്‍വ്വം മത്സരിക്കാവുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. രാഷ്ട്രീയ നിലപാടുകള്‍ക്കും മുന്നണി സംവിധാനങ്ങള്‍ക്കും അപ്പുറം വ്യക്തി ബന്ധങ്ങള്‍ തന്നെയാകും മിക്ക വാര്‍ഡുകളിലും വിധിയെഴുത്തിനെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശം ചെയ്താല്‍ മുന്നണികള്ക്കാകും അങ്കലാപ്പ്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അനുനയിപ്പിച്ച് പിന്‍വലിച്ച് സ്വതന്ത്രനെ പിന്തുണക്കുന്നതും ഈ രംഗത്ത് പുതുമയല്ല. സീറ്റ് നേടുക തന്നെ പ്രധാനം. എന്നാല്‍ മുന്നണി നിശ്ചയിച്ച
സ്ഥാനാര്‍ത്ഥിക്കെതിരെ നില്ക്കുന്ന സ്വന്തം പാര്‍ട്ടിയിലുള്ള വിമതരെ തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പേടി. തങ്ങളുടെ ജയത്തേക്കാള്‍ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കുക തന്നെയാണ് പലപ്പോഴും വിമതരുടെ ലക്ഷ്യം. പാര്‍ട്ടിയിലെ അസംതൃപ്തരുടെ പിന്തുണയും ധാരാളമായി ലഭിക്കും. ഘടക കക്ഷികള്‍ തമ്മിലുള്ള മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുഖ്യ ”ആകര്‍ഷണം. മലപ്പുറം ജില്ലയിലെ മിക്ക വാര്‍ഡുകളിലും കോണ്‍ഗ്രസും ലീഗും തമ്മില്‍ മത്സരമാണ്. അതിന് കോണ്‍ഗ്രസിന് ലഭിക്കുന്നതാകട്ടെ ചിരവൈരികളായ സിപിഎമ്മിന്റെ പിന്തുണയും.
എന്നാല്‍ പാളയത്തില്‍ പടയോ തൊഴുത്തില്‍കുത്തോ ബാധിക്കാത്ത ഏക പാര്‍ട്ടി ബിജെപി യാണ്. ഒരു വാര്‍ഡില്‍ പോലും ബിജെപിക്ക് ,വിമത ശല്യമില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അച്ചടക്കമുള്ള പെരുമാറ്റം കൊണ്ടും തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപി ബഹുദൂരം മുന്നിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: