തിരുവനന്തപുരം: കിഴക്കന്‍ യൂറോപ്പിലെ വിനോദസഞ്ചാര വിപണിയിലേക്ക് പുതിയ സാധ്യതകള്‍ തുറന്ന് പോളണ്ടിന്റെ തലസ്ഥാനനഗരിയായ വാഴ്സയില്‍ കേരളടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച പോളണ്ടിലെ രാജ്യാന്തര ടൂറിസം വിപണിയിലെ പ്രതിനിധികള്‍ പങ്കെടുത്ത മേളയില്‍ കേരളത്തിന്റെ ആയുര്‍വേദവും വശ്യസുന്ദരമായ കടല്‍ത്തീരങ്ങളും പ്രധാന പ്രചരണായുധങ്ങളായി.
വിശാലമായ ഭൂപ്രദേശവും സാംസ്കാരിക വൈവിധ്യവും അതിവേഗം വളരുന്ന സാമ്പത്തിക മേഖലയുമാണ് കിഴക്കന്‍ യൂറോപ്പിനെ കേരളത്തിന് അനുയോജ്യമായ വിപണിയാക്കുന്നതെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. വാഴ്സയിലെ മമയ്സോണ് ഹോട്ടല്‍ ലെ റജിനയില്‍ നടന്ന റോഡ്ഷോയില്‍ ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചു. പോളണ്ടിലെയും ലിത്വാനിയയിലെയും ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയ മുഖ്യാതിഥിയായിരുന്നു.
കേരള ടൂറിസത്തിന്റെ വ്യാപാരപങ്കാളികളായ സിജിഎച്ച് എര്‍ത്ത്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, പയനീര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, ലോട്ടസ് ഡെസ്റ്റിനേഷന്‍, സീതാറാം ബീച്ച് റിസോര്‍ട്ട്, ദ നാട്ടിക ബീച്ച് ആയുര്‍വേദ റീസോര്ട്ട്, ദ പോള്‍ റിസോര്‍ട്ട്സ് ആന്‍ഡ് ഹോട്ടല്‍സ് എന്നിവര്‍ റോഡ്ഷോയില്‍ പങ്കെടുത്തു.
പോളണ്ട് തലസ്ഥാനത്തെ ടൂറിസം വ്യവസായ പ്രതിനിധികളില്‍ നിന്ന് വലിയ പ്രതികരണമാണ് കേരളടൂറിസത്തിനു ലഭിച്ചതെന്നും കേരളത്തെക്കുറിച്ചറിയാനാണ് അവര്‍ വളരെ താത്പര്യം പ്രകടിപ്പിച്ചുവെന്നും ഷെയ്ക്ക് പരീത് പറഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രചാരണം നടത്തിയാല്‍ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാകുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ബിസാരിയ പറഞ്ഞു.
കേരളത്തിന്റെ ആധികാരികമായ ആയുര്‍വേദത്തിന് പോളണ്ടില്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേക ദിവസങ്ങളില്‍ സാംസ്കാരിക പരിപാടികളും സാംസ്കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ വാഴ്സ റോഡ്ഷോയിലൂടെ നേടിയ അവബോധം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പ്രചരിപ്പിക്കാമെന്നും ബിസാരിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 4824 സഞ്ചാരികളാണ് പോളണ്ടില്‍ നിന്ന് കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: