പരപ്പനങ്ങാടി: വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. പരപ്പനങ്ങാടി പഞ്ചായത്ത് മാറി നഗരസഭയുടെ പരിവേഷമണിയുമ്പോഴും പേരിനുപോലും വികസനം ഇതിലെ കടന്നുപോയിട്ടില്ല. ഈ തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ശിലസ്ഥാപനം നടന്നതും ഒരു പക്ഷേ പരപ്പനങ്ങാടിയിലായിരിക്കും. അത് മിക്കതും നിര്‍വഹിച്ചതാകട്ടെ നാടിന്റെ സ്വന്തം മന്ത്രിയും. പാലത്തിങ്ങലെ ടൂറിസം പദ്ധതി, കിരനാല്ലൂര്‍ ന്യൂകട്ട്, സയന്‍സ് പാര്‍ക്ക്, പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ്, ഇങ്ങനെ പോകുന്ന ശിലാസ്ഥാപന പട്ടിക. പദ്ധതി നടന്നാലും ഇല്ലെങ്കിലും ശിലയില്‍ ഞങ്ങളുടെ മന്ത്രിയുടെ പേരുണ്ടല്ലോ എന്ന ഗമയിലാണ് ലീഗുകാരുടെ നടപ്പ്. പരപ്പനങ്ങാടി മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഉദ്ഘാടനത്തിന്റെ പിറ്റേന്ന് മുതല്‍ ടോള്‍ പിരിവിനെതിരെ സര്‍വ്വകക്ഷികളും സമരത്തിലായിരുന്നു. സമരം ശക്തി പ്രാപിച്ചപ്പോള്‍ മന്ത്രിയും ജില്ലാ ഭരണകൂടവും അനുനയത്തിനെത്തി. ഒടുവില്‍ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അതോടെ സമരക്കാര്‍ പന്തലും പൊളിച്ച് സ്ഥലം വിട്ടു. പക്ഷേ ടോള്‍ പിരിവ് മുറപോലെ നടക്കുന്നു. ടോള്‍ ബൂത്തിലെ നാല് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഇവിടുത്തെ വരുമാനം തികയുന്നില്ലായെന്നതാണ് സത്യം. അതിനിടെയായിരുന്നു മറ്റൊരു ജനകീയ പ്രശ്നം പ്രദേശത്തെ മസ്ജിദിലേക്ക് മയ്യത്ത് കൊണ്ടുപോകാന്‍ ഏറെ പ്രയാസം അഞ്ചുപുരയില്‍ നിന്നും മറ്റും ഓവര്‍ ബ്രിഡ്ജ് വഴി ഒരു കിലോമീറ്ററോളം നടക്കണം. പിന്നീട് അവിടുന്ന് എല്ലാ പെട്ടെന്നായിരുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ചു. മേല്‍പ്പാലം തുടങ്ങിയിടത്തുനിന്ന് തന്നെ അടിപ്പാലവും നിര്‍മ്മിക്കാന്‍ തീരുമാനമായി. നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെയാണ് പുത്തന്‍ പീടികയില്‍ മറ്റൊരു അടിപ്പാലത്തിന് ഏതാനും ദിവസം മുമ്പ് ശിലയിട്ടത്. ഇപ്പോള്‍ പരപ്പനങ്ങാടി നഗരസഭയില്‍ റെയില്‍പ്പാതക്ക് കുറുകെ നാല് അണ്ടര്‍ ബ്രിഡ്ജുകളും മൂന്ന് ലെവല്‍ ക്രോസിംഗും ഒരു മേല്‍പ്പാലവുമുണ്ട്. ഏതായാലും അടിപ്പാലത്തിന്റെ കാര്യത്തില്‍ പരപ്പനങ്ങാടിക്കാര്‍ ധന്യരായി. നൂറുകണക്കിന് ബസുകള്‍ വന്നുപോകുന്ന പരപ്പനങ്ങാടിയില്‍ നാല് ബസുകള്‍ പോലും നിര്‍ത്താനാവാത്ത ഒരു ബസ് സ്റ്റാന്‍ഡാണ്. മൂക്കുപൊത്താതെ കടന്നുചെല്ലാന്‍ കഴിയാത്ത ഒരു ഒറ്റമുറി മൂത്രപ്പുരയും. യാത്രക്കാരായ സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ റെയില്‍വേ സ്റ്റേഷന് തന്നെ ശരണം. കേന്ദ്രം വെറുതെ കൊടുത്ത ലോ ഫ്ളോര്‍ ബസ് പരപ്പനങ്ങാടിയിലേക്ക് കൊണ്ടുവന്നത് മന്ത്രി തന്നെയാണ്. പക്ഷേ ഈ ബസ് ഒന്ന് തിരിക്കണമെങ്കില്‍ ഡ്രൈവര്‍ നട്ടംതിരിയേണ്ട അവസ്ഥയാണ്. ചമ്രവട്ടം-തിരൂര്‍-കോഴിക്കോട് പാതയിലുള്ള ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാല നിര്‍മ്മാണം ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. പരാധീനതകളാല്‍ നട്ടംതിരിയുന്ന പരപ്പനങ്ങാടിക്ക് ശാപമോഷം നല്കാന് മറ്റൊരു യുഗപുരുഷന് വരേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: