അന്ന് കാത്തിരുന്നത് അച്ഛന്റെ, സഹോദരന്റെ, ഭര്‍ത്താവിന്റെ, സുഹൃത്തിന്റെയൊക്കെ വിവരങ്ങള്‍ക്കായിരുന്നു. സ്നേഹത്തിന്റെ, കരുതലിന്റെ നിറംചാലിച്ച ആ കുനുകുനുത്ത അക്ഷരങ്ങളിലേക്ക് എത്രയോതവണ കണ്ണുപായിച്ചിരിക്കാം. ചിലവ വായിച്ചിട്ടും വായിച്ചിട്ടും മതിവരാതെ ഹൃദയത്തോട് ചേര്ത്തുപിടിച്ചിരുന്നിരിക്കാം. ചിലപ്പോഴൊക്കെ നിനച്ചിരിക്കാതെ അവയെത്തി വേദനയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടിട്ടുമുണ്ടാവാം. എന്നാലിന്ന് കത്തുകള്‍ക്കായി കാത്തിരുന്ന ആ കാലമൊക്കെപ്പോയി. പോസ്റ്റ് ഓഫീസില്‍ പോയി, സ്റ്റാമ്പ് വാങ്ങി പശയില്‍ മുക്കി, കത്തില്‍ സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് മാസ്റ്ററെ ചേട്ടാ, അല്ലെങ്കില്‍ ചേച്ചീ എന്നുവിളിച്ചുകൊണ്ട് ഈ കത്തിന്റെ കാര്യം മറക്കല്ലെയെന്ന് ഓര്‍മിപ്പിച്ച കാലവും പോയി. സാങ്കേതികത കുതിക്കുകയാണല്ലോ.
ഇന്ന് ആര്‍ക്കും വിവരങ്ങള്‍ ധരിപ്പിക്കാന്‍ കത്ത് ഒരു നിര്‍ബന്ധ മാര്‍ഗ്ഗമല്ല. പറയാനുള്ളതൊക്കെ ഒരുനിമിഷാര്ത്ഥം കൊണ്ട് പറയാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയിലേക്ക് ലോകം മാറിക്കഴിഞ്ഞു. കത്തുകള്‍ അയക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും വിവാഹ ക്ഷണപത്രങ്ങളെങ്കിലും ഇടയ്ക്കൊക്കെ നമ്മെ തേടിയെത്തിയിരുന്നു. എന്നാലിന്ന് ഫോണില്‍ ഒരുവാക്ക് പറയും. പിന്നെ പറയുക, കല്യാണക്കുറി ഞാന്‍ വാട്സ് ആപ്പില്‍ അയക്കാട്ടോ എന്നാവും. ഗൃഹാതുരതയുടെ ഓര്‍മപ്പെടുത്തലുകളായി പോസ്റ്റ് ഓഫീസും പോസ്റ്റ്മാനുമെല്ലാം മാറിത്തുടങ്ങിയിരിക്കുന്നു.
ഒരു സ്വകാര്യ മൊബൈല്‍ഫോണ്‍ കമ്പനിയുടെ പരസ്യമുണ്ടായിരുന്നു, മഴവരുമ്പോള്‍ കയറിനില്ക്കാന് മാത്രമുപകരിക്കുന്നതായി ടെലിഫോണ്‍ ബൂത്തുകള്‍ എന്നു ധ്വനിപ്പിക്കുന്ന പരസ്യം. റേഡിയോയുടെ കാര്യവും അങ്ങനെയായിരുന്നു, മണ്മറയുന്ന ആശയ വിനിമയ സംവിധാനമായി റേഡിയോവിനെ പലരും എഴുതിത്തള്ളി. പക്ഷേ, പ്രധാനമന്ത്രിയുടെ മന്‍കീ ബാത് പരിപാടി റേഡിയോയെ വീണ്ടും മുന്‍ നിരയിലേക്കു കൊണ്ടുവന്നുകഴിഞ്ഞു. അതുപോലെ കത്തുകള്‍ അയയ്ക്കാനും കിട്ടാനും മാത്രമുള്ള സംവിധാനത്തിനപ്പുറം പോസ്റ്റ് ഓഫീസ് വളരുകയാണ്.
പോസ്റ്റ് ഓഫീസുകളും ഇന്ന് ആധുനികവത്കരണത്തിന്റെ പാതയിലാണ്. എല്ലാ മേഖലയും മാറ്റത്തിന്റെ വഴിയേ നീങ്ങുമ്പോള്‍ പോസ്റ്റോഫീസുകളും അതിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നു. തപാല്‍ വകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ തപാല്‍ വകുപ്പ് ഇന്ന് നിത്യജീവിതത്തില്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലെയാവും, എല്ലാം ഒരു കുടകീഴില്‍…
എല്ലാവര്‍ഷവും ഒക്ടോബര്‍ ഒമ്പതിനാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. വിവരങ്ങള്‍ കൈമാറുന്നതിന് തപാലിനെ ആശ്രയിച്ചിരുന്നവരുടെ എണ്ണത്തില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ജനങ്ങളെ പോസ്റ്റോഫീസുമായി അടുപ്പിക്കാന്‍ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒട്ടനവധി പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം പലര്‍ക്കുമില്ല. കേവലം കത്ത് അയക്കുന്നതിന് മാത്രമുള്ള സ്ഥലമല്ല തപാല്‍ ആഫീസെന്നും മറ്റനവധി സേവനങ്ങളും നമ്മുടെ വീടിന് തൊട്ടടുത്തുള്ള ഈ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുമെന്നും അറിയുമ്പോള്‍ ജനം വീണ്ടും തപാലാപ്പീസിലെത്തും, തീര്‍ച്ച.
തപാല്‍ പദ്ധതികള്‍
എന്റെ സ്റ്റാമ്പ് പദ്ധതി
സ്റ്റാമ്പിനൊപ്പം സ്വന്തം ഫോട്ടോയും ചേര്‍ത്ത് ഒട്ടിച്ചയക്കാവുന്നവിധത്തില് ഭാരത തപാല്‍ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് എന്റെ സ്റ്റാമ്പ് പദ്ധതി. 2011ല്‍ ദല്‍ഹിയില്‍ തപാല്‍മുദ്രകളുടെ ലോക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഭാരതത്തില്‍ ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍ രാജ്യത്ത് ആദ്യമായി എന്റെ സ്റ്റാമ്പ് പദ്ധതി ആരംഭിച്ചത്.
ഒരു രൂപ മുതല്‍ അഞ്ചുരൂപ വരെയുള്ള സ്റ്റാമ്പുകളാണ് അനുവദിക്കുക. സ്റ്റാമ്പിന് പ്രധാനമായും രണ്ട് ഭാഗമുണ്ടാകും. രണ്ടാമത്തെ ഭാഗത്തായിരിക്കും സ്വന്തം ചിത്രം. ആദ്യഭാഗത്ത് സാധാരണ സ്റ്റാമ്പുകളിലെ ചിത്രമുണ്ടാകും. ഫലത്തില്‍ ഒന്നിനു പകരം രണ്ട് സ്റ്റാമ്പാണുണ്ടാകുക. ഇഷ്ടപ്പെട്ട പശ്ചാത്തലം തിരഞ്ഞെടുക്കാം. താജ്മഹല്‍, പൂവുകള്‍, പഞ്ചതന്ത്രകഥകള്‍, പരിസ്ഥിതി തുടങ്ങിയവയുടെ പശ്ചാത്തലത്തിലായിരിക്കും ഫോട്ടോയുള്ള സ്റ്റാമ്പുകള്‍. വിദേശ രാജ്യങ്ങളില്‍ നേരത്തെതന്നെ ഈ സംവിധാനമുണ്ട്. പോസ്റ്റോഫീസില്‍ ഫോട്ടോയെടുക്കുന്നതിനുള്ള സൗകര്യവുമുണ്ടാവും.
എന്നാല്‍ തപാല്‍ വകുപ്പ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമെന്നത് ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ്. ഇതിനാല്‍ത്തന്നെ തപാല്‍ ഉരുപ്പടികള്‍ കൃത്യസമയത്ത് ആവശ്യക്കാരുടെ പക്കല്‍ എത്തിക്കാനും സാധിക്കുന്നില്ല. തപാല്‍ വകുപ്പിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടമാകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അയ്യായിരത്തോളം തപാല്‍ ആഫീസുകള്‍ ഇപ്പോള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്. ഇതിനൊരു പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്.
സമ്പാദ്യത്തിനും സമൃദ്ധിക്കും
പോസ്റ്റോഫീസ് വഴി പെണ്‍കുട്ടികളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഘു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. രാജ്യത്തെ ഏത് പോസ്റ്റ് ഓഫിസില്‍ നിന്നും സുകന്യ സമൃദ്ധി പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കാം. പത്തു വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് അക്കൗണ്ട് ആരംഭിക്കാനാവുക. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്താന്‍ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മാതാപിതാക്കള്‍ക്കോ, നിയമപ്രകാരമുള്ള രക്ഷകര്‍ത്താവിനോ അക്കൗണ്ട് ആരംഭിക്കാം.
പ്രായപൂര്‍ത്തിയെത്തിയശേഷം പെണ്‍കുട്ടിക്കു മാത്രമേ അക്കൗണ്ടിലെ തുക പിന്‍വലിക്കാനാവൂ എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ ആരംഭിക്കാനാവൂ. എന്നാല്‍ ഒരു രക്ഷിതാവിന് രണ്ട് പെണ്‍കുട്ടികളുണ്ടെങ്കില്‍ രണ്ടുപേര്‍ക്കുമായി രണ്ട് വ്യത്യസ്ത അക്കൗണ്ടുകള്‍ തുടങ്ങാം. അക്കൗണ്ട് ആരംഭിക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. ഒരു വര്‍ഷം നിക്ഷേപിക്കാവുന്ന പരമാവധി തുക ഒന്നരലക്ഷം രൂപയാണ്.
വര്‍ഷത്തില്‍ ആയിരം രൂപയെങ്കിലും നിക്ഷേപിക്കണം. 14 വര്‍ഷത്തേക്ക് മാത്രമേ സുകന്യ സമൃദ്ധി അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനാവൂ. എങ്കിലും തുടര്‍ന്നുള്ള ഏഴു വര്‍ഷം അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായിരിക്കും. ഇക്കാലയളവില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പലിശ ലഭ്യമാകുകയുംചെയ്യും. 18 വയസ്സിനുശേഷം പെണ്‍കുട്ടിയുടെ വിവാഹം കഴിയുകയാണെങ്കില്‍ അക്കൗണ്ട്് ക്ലോസ് ചെയ്യാം. നിലവില്‍ സുകന്യ സമൃദ്ധി പദ്ധതി വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് 9.2ശതമാനമാണ്.
പെണ്‍കുട്ടിക്കു 18 വയസ്സു തികഞ്ഞാല്‍ തൊട്ടു മുന്‍ സാമ്പത്തികവര്‍ഷം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനംവരെ പിന്‍വലിക്കാം. അക്കൗണ്ട് ഉടമയുടെ മരണം കാരണം കാലാവധിയെത്തുന്നതിനുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടിവന്നാല്‍ അവശേഷിക്കുന്ന തുക രക്ഷകര്‍ത്താവിന് നല്‍കുന്നതാണ്. സുകന്യ സമൃദ്ധി പദ്ധതിക്കു കീഴിലെ നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80 സി അനുസരിച്ച് ആദായനികുതി ഇളവ് ഉണ്ട്. ജനസംഖ്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുതലുള്ള കേരളത്തില്‍ സുകന്യ സമൃദ്ധി പദ്ധതി അക്കൗണ്ടുകളുടെ എണ്ണം 10 ലക്ഷം ആക്കി ഉയര്‍ത്താനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇ-കൊമേഴ്സ് രംഗത്തേക്കും
തപാല്‍ വകുപ്പ് ഇ-കൊമേഴ്സ് രംഗത്തേക്കും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷത്തോടെ ഇ-കൊമേഴ്സ് രംഗത്തും ചുവടുറപ്പിക്കും. ഇ-കൊമേഴ്സ് സേവനങ്ങള്‍ക്കായി ഐടി മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അടിസ്ഥാന സൗകര്യ വൈവിധ്യവല്‍കരണത്തിനായി 4909 കോടി രൂപയുടെ പദ്ധതിയാണ് തപാല്‍ വകുപ്പ് വിഭാവനം ചെയ്യുന്നത്. കൂടാതെ ഡെലിവറി വേഗത്തിലാക്കുന്നതിനായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 2000 കോടി രൂപയും ചെലവഴിക്കും.
സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉള്ള വേദിയായിട്ടാവും പോര്‍ട്ടല്‍ അവതരിപ്പിക്കുക. എന്നാല്‍ കൃത്യമായ പരിശോധനയ്ക്കു ശേഷമായിരിക്കും എന്തെല്ലാം ഉല്പന്നങ്ങള് വില്‍ക്കണമെന്നും ആര്‍ക്കെല്ലാം അതിന് അനുമതി നല്‍കണമെന്നും തീരുമാനിക്കുക. ഭാരതത്തിന്റെ തനത് ഉല്പന്നങ്ങളായിരിക്കും വില്‍ക്കുന്നത്. സ്പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കാഷ്യു ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഗുണമേന്മ ഉറപ്പാക്കിയ ഉല്പന്നങ്ങളാവും ഇത്തരത്തില്‍ വിറ്റഴിക്കുക.
കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വില്ക്കാന് തപാല്‍ വകുപ്പ്
കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വില്ക്കാന് തപാല്‍ വകുപ്പ് സഹായിക്കുന്നുണ്ട്. കൃഷിക്കാരുടെ വീടുകളിലെത്തി വിളകളുടെ വിവരങ്ങള്‍ ശേഖരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നു. സ്മാര്‍ട്ട്ഫോണ്‍ വഴിയെടുത്ത ഫോട്ടോയും ഒപ്പം ചേര്‍ക്കും. ഉല്പന്നങ്ങള്ക്ക് മികച്ച വില ലഭിക്കുന്നതിനുള്ള ട്രേഡിങ് പ്ലാറ്റ്ഫോം ഒരുക്കുകയാണ് തപാല്‍വകുപ്പിന്റെ ലക്ഷ്യം. ഗ്രാമങ്ങളില്‍പോലും സാന്നിധ്യമുള്ളതിനാല്‍ ഫലപ്രദമായി പദ്ധതി നടപ്പാക്കാനാകുമെന്ന വിശ്വാസത്തിലാണ് വകുപ്പ്. വ്യാപിച്ചുകിടക്കുന്ന ശൃംഖല പ്രയോജനപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക. പുതിയ കാലഘട്ടത്തിലെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുകയെന്നതും വകുപ്പിന്റെ ലക്ഷ്യമാണ്.
ഗതാഗത ചെലവില്ലാതെ തന്നെ കര്‍ഷകര്‍ക്ക് ഉല്പന്നം വിറ്റഴിക്കാന്‍ സഹായിക്കുകയെന്നതാണ് ലക്ഷ്യം. സേവനത്തിന് കര്‍ഷകരില്‍നിന്ന് തുക ഈടാക്കില്ല. ഉല്പന്നങ്ങള് വാങ്ങുന്നവരില്‍ നിന്നാകും ചെറിയ ഫീസ് വാങ്ങുക.പോസ്റ്റ് ഓഫീസുകളിലും എടിഎം എന്ന പദ്ധതിയ്ക്ക് കഴിഞ്ഞമാസം കേരളത്തില്‍ തുടക്കമിട്ടു. തുടക്കത്തില്‍ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ സേവനം ലഭ്യമാകൂ. അക്കൗണ്ട് ഏത് പോസ്റ്റ് ഓഫീസിലാണോ അവിടുത്തെ എടിഎം മാത്രമേ ഉപയോഗിക്കാവൂ. കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതോടെ തപാല്‍ വകുപ്പിന്റെ ഏത് എടിഎമ്മില്‍ നിന്നും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാം. എടിഎം സൗകര്യത്തിന് പുറമെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങളും ലഭിക്കും.
ആറു മാസത്തിനകം സംസ്ഥാനത്തെ 58 പ്രധാന പോസ്റ്റ് ഓഫീസുകളില്‍ എടിഎം സ്ഥാപിക്കുന്നതിനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇ-മണിയോര്‍ഡര്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യ വിതരണം, മൈക്രോഫിനാന്‍സ് എന്നീ പദ്ധതികളും വ്യാപിപ്പിക്കും.
ഇത്തരത്തിലുള്ള നൂതനാശയങ്ങളിലൂടെ തപാല്‍ വകുപ്പ് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തില്‍ അന്യം നിന്നുപോകേണ്ടിയിരുന്ന തപാല്‍ ആഫീസുകള്‍ ഇന്ന് പുനരുജ്ജീവനത്തിന്റെ പാതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: