പരപ്പനങ്ങാടി: ഇരുമുന്നണികളിലും അസംതൃപ്തരായ നേതാക്കള്‍ പ്രാദേശികമായി അവിശുദ്ധ കൂട്ടായ്മകള്‍ക്ക് രൂപം നല്കുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന ഉള്‍ഭയമാണ് ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്. അണികളുടെ കൊഴിഞ്ഞുപോക്കുകൊണ്ട് ദാരിദ്രരായ നേതൃത്വം പരാജയഭീതിയിലാണ്. ഫലത്തില്‍ പലയിടത്തും നേര്‍ക്കുനേര്‍ മത്സരമായിരിക്കും നടക്കുക. മുന്നണികളുടെ സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രസ്താവന ഇറക്കുമ്പോഴും പ്രദേശിക പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. കോണ്‍ഗ്രസ്-ലീഗ് ഉള്പ്പോരില് മറുകണ്ടം ചാടിയവരും സംവരണത്തില്‍ തട്ടി സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടവരുമാണ് ഇപ്പോള്‍ സൗഹൃദത്തിലായിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ബിജെപി പരപ്പനങ്ങാടിയില്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. പക്ഷേ യുഡിഎഫില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുകയാണ്. നിരവധി തവണ മത്സരിച്ചവരെ തന്നെ വീണ്ടും പരീക്ഷിക്കുന്നത് യുവാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതക്ക് കാരണമായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കും ഒപ്പം നിന്ന സജീവ പ്രവര്‍ത്തകരും ഈ നിലപാടില്‍ അസംതൃപ്തരാണ്. ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് അറിയിക്കാന്‍ ഡമ്മികളെ നിര്‍ത്തി അണികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനും ചിലര്‍ ശ്രമിക്കുന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ ശത്രുക്കളെ കൂട്ടുപിടിക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നാണ് പാര്‍ട്ടികളിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ പറയുന്നത്.
നെടുവയിലെ ഏറ്റവും മുതിര്‍ന്ന കെപിസിസി മെമ്പര്‍മാരുടെ വാര്‍ഡിലും സമീപ വാര്‍ഡുകളിലുമാണ് നെറികെട്ട രാഷ്ട്രീയ കോപ്രായങ്ങള്‍ അരങ്ങേറുന്നത് എന്നതാണ് വിചിത്രം. ഒത്തുതീര്‍പ്പ് സമരത്തിലൂടെ ജനത്തെ വിഡ്ഢിയാക്കിയ അതേ നയം തന്നെയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: