സാധാരണക്കാരായ നാട്ടിൻപുറത്തുകാരുടെ കുടുംബത്തിൽ സംഭവിക്കുന്ന ജീവിതഗന്ധിയായ അനുഭവസാക്ഷ്യവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട സമാന്തര സിനിമ ‘നേരറിയാതെ’ പ്രദർശനത്തിനൊരുങ്ങി. പുല്ലൂർ പെരിയ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാർശ്വവത്കരിക്കപ്പെട്ട ഗ്രാമീണരുടെ മദ്യപാനം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. മദ്യപാനം മൂലം മാനസികമായും ശരീരികമായും തകർന്നുപോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് ചിത്രം പറയുന്നു.
സ്ത്രീകളും കുട്ടികളും നേരിടുന്ന കൊടിയ യാതനയും ദുരന്തവും കലർപ്പില്ലാതെ തുറന്നു പറയുകയാണ് ഈ ചിത്രം. മദ്യപാനം ഒരു രോഗമാണെന്നും രോഗം പരത്തുന്ന രോഗാണുവാണ് മദ്യം എന്ന സന്ദേശവും കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർത്ഥികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദർപ്പണം ക്രിയേഷൻസിന്റെ ബാനറിൽ പെരിയ ചാലിങ്കാൽ സൺഡേസ്കൂൾ എന്ന സാംസ്കാരിക സംഘടനയിലെ പ്രവർത്തകരാണ് ചിത്രത്തിന്റെ പിന്നിൽ.
നേരറിയാതെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ നിർവ്വഹിക്കുന്നു. കഥ നാടക പ്രവർത്തകനായ പി.കെ.രാമകൃഷ്ണൻ, ഛായാഗ്രഹണം സജീഷ്രാജ് പെരുമണ്ണ, എഡിറ്റിംഗ് ഷിബു ജോൺ. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ചിത്രീകരണം പെരിയ, തന്നിത്തോട്, പുല്ലൂർ, മാക്കരംക്കോട്ട് എന്നിവിടങ്ങളിലായി പൂർത്തിയായി. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: