കൊച്ചി: സംസ്ഥാനത്തെ അഭിഭാഷക ക്ഷേമനിധി അഞ്ചു ലക്ഷം രൂപയില്‍ നിന്നും പത്തുലക്ഷം രൂപയായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതായി ബാര്‍ കൗണ്‍സില്‍ ഓഫ് കേരളാ ചെയര്മാന് അഡ്വ.ജോസഫ് ജോണ്‍ അറിയിച്ചു. സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥന പരിണിച്ചാണ് സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യ നിയമ വകുപ്പു മന്ത്രി കെ.എം.മാണി, ബാര്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ.ജോസഫ് ജോണ്‍, വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റി ചെയര്മാന് കൂടിയായ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
അഭിഭാഷക വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്പ്, അഭിഭാഷകരുടെ നിശ്ചിതവാര്ഷിക സംഭാവന, ലീഗല്‍ ബനഫിറ്റ് ഫണ്ടില്‍ നിന്നുള്ള വിഹിതം, അഭിഭാഷകരുടെ എന്റോള്‍മെന്റ് ഫീസില്‍ നിന്നുള്ള വിഹിതം എന്നിവയാണ് വെല്‍ഫെയര്‍ ഫണ്ടിലേക്കുള്ള വരുമാനം. ഓരോവര്‍ഷവും ഈയിനങ്ങളില്‍ ഏഴര കോടിയോളം രൂപയുടെ വരുമാനമാണുള്ളത്. എന്നാല്‍ പ്രതിവര്‍ഷം പത്തുകോടി രൂപ വിതരണം നടത്തേണ്ടിവരുന്നുണ്ട്. ഫണ്ട് പത്ത് ലക്ഷം രൂപയാക്കിയാല്‍ പ്രതിവര്‍ഷം ഇരുപതു കോടി രൂപ ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ഫണ്ടിലേക്കുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കണമെന്ന ബാര്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചതായി ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: