കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി 3,976.65 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവിലെ 3,059.74 കോടി രൂപയുടെ കയറ്റുമതിയില്‍ നിന്നും മുപ്പതു ശതമാനം വളര്‍ച്ചയാണ് ഇത്തവണ കൈവരിക്കാനായത്. വെളുത്തുള്ളി, കുരുമുളക്, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ എണ്ണ, ഓലിയോറെസിന്‍ എന്നിവയുടെ കയറ്റുമതിയാണ് ഏപ്രില്‍, ജൂണ്‍ മാസത്തിലെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 215,215 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്.
കയറ്റുമതിചെയ്യപ്പെട്ട 4,250 ടണ്‍ പുതിനയും അനുബന്ധ ഉല്‍പ്പന്നങ്ങളും 455 കോടിരൂപയുടെ വിദേശ നാണ്യമാണ് നേടിത്തന്നത്. ഏകദേശം 430.8 കോടിരൂപയുടെ ജീരക കയറ്റുമതിയാണ് ആദ്യ പാദത്തില്‍ നടന്നത്. 24,500 ടണ്‍ മഞ്ഞള്‍ കയറ്റുമതിയിലൂടെ 238.4 കോടി രൂപ ലഭിച്ചു. ആദ്യ പാദത്തില്‍ 10,500 ടണ്‍ ഉലുവയാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ 65,94 കോടി രൂപ ലഭിച്ചു. 38.72 കോടി രൂപയുടെ ജാതിക്കയും ജാതിപത്രിയുമാണ് വിദേശത്ത് വിറ്റഴിഞ്ഞത്.
2014-15 വര്‍ഷത്തെ ആദ്യ പാദത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം വെളുത്തുള്ളി കയറ്റുമതിയുടെ അളവില്‍ 272 ശതമാനവും മൂല്യത്തില്‍ 392 ശമാനവും വര്‍ദ്ധനവുണ്ടായി. 4,250 ടണ്‍ വെളുത്തുള്ളി കയറ്റുമതിയിലൂടെ 22.47 കോടിരൂപ ലഭിച്ചു. മല്ലി, കടുക്, പെരുംജീരകം, അയമോദകം എന്നിവയുടെ ശരാശരിവില മുന്‍വര്‍ഷത്തെ സമാന കാലയളവിന് തുല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: