തിരുവനന്തപുരം: നല്ല തിരക്കഥകള്ക്കുപരിയായി കഥ പറയുന്ന രീതിക്കു സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് നടന് പൃഥ്വിരാജ. ‘എന്ന് നിന്റെ മൊയ്തീന്’ എന്ന സിനിമയുടെ വിശേഷങ്ങള്‍ തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ നമുക്ക് മുന്നിലുണ്ടായിരുന്നതാണ്. പക്ഷെ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിന്റെ ശക്തി അതിന്റെ തീവ്രത ചോരാതെ സംവിധായകന് ആര്‍എസ്.വിമല്‍ അവതരിപ്പിച്ചതാണ് അതിന്റെ വിജയം. മതങ്ങളുടെ സാമൂഹ്യ വ്യവസ്ഥിതിയും കുടുംബങ്ങളും വിശ്വാസങ്ങളും തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രണയം ഒടുവില്‍ മരണവും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ആ പ്രണയത്തിന്റെ ശക്തിയാണ് ‘എന്ന് നിന്റെ മൊയ്തീന്’ പറയുന്നത്.
സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. മൊയ്തീനെ അടുത്തറിയാവുന്ന ഓരോരുത്തരും പറഞ്ഞുതന്ന മൊയ്തീന് വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നു. ഫുട്ബോളര്, ഫോട്ടോഗ്രാഫര്‍, സ്വിമ്മര്‍, ജേര്‍ണലിസ്റ്റ്, രാഷ്ട്രീയക്കാരന്, ജനങ്ങളുടെ ഏതു പ്രശ്നത്തിലും ഒപ്പം നില്ക്കുന്നവന്. പക്ഷെ പറഞ്ഞവരുടെയെല്ലാം ഉള്ളില്‍ മൊയ്തീന് ഒരു ഹീറോയായിരുന്നു. ഇതില്‍ നിന്നെല്ലാം ഉള്‍ക്കൊണ്ട് വിമല്‍ സൃഷ്ടിച്ച രൂപമാണ് താന്‍ അവതരിപ്പിച്ചത്.
തന്നേക്കാള്‍ വെല്ലുവിളി നേരിട്ടത് സംവിധായകനാണ്. മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തിന്റെ പത്തുശതമാനംപോലും സിനിമയിലില്ല. ഇനിയും അഞ്ച് സിനിമകള്‍ ഇതിനായി വേണ്ടിവരും. മൊയ്തീന്റെ മരണത്തിനു ശേഷമുള്ള കാഞ്ചനയുടെ ജീവിതം മറ്റൊരു സിനിമയുടെ സാധ്യതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമല്‍ ഈ തിരക്കഥയുമായി തന്നെ കാണാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. മൂന്നുദിവസം ഇതിനായി ശ്രമിച്ചു എന്ന് പിന്നീടാണറിഞ്ഞത്. അതിനുശേഷം പലരെയും സമീപിച്ചു. രമേശ് നാരായണനാണ് എന്നോട് വിമലിന് കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞത്. എല്ലാം ഭാഗ്യംകൊണ്ട് സംഭവിച്ചതാണ്. എ
നിക്ക് സ്വന്തമായി മാനേജറില്ല. അതിന്റെ ഗുണവും ദോഷവുമുണ്ട്. പലപ്പോഴും സെറ്റില്‍ ഫോണെടുക്കാന്‍ കഴിയാറില്ല. അമ്മയും ഭാര്യയും പോലും മറ്റുള്ളവരെ വിളിച്ചാണ് ഫോണ്‍ കൈമാറുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
മൊയ്തീനും കാഞ്ചനയും അഞ്ചുവര്‍ഷമായി തന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നുവെന്ന് സംവിധായകന് ആര്.എസ്.വിമല്‍ പറഞ്ഞു. സിനിമയ്ക്കായി ഒരുപാട് പേരെ സമീപിച്ചിരുന്നു. തനിക്ക് കിട്ടാതെ പോയതെല്ലാം സൗഭാഗ്യങ്ങളായിരുന്നു. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം ലോകമറിയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായി. ‘എന്ന് നിന്റെ മൊയ്തീന്’ തമിഴില്‍ ചെയ്യും. സംഗീതത്തിനുവേണ്ടി എ.ആര്.റഹ്മാനെ സമീപിച്ചിട്ടുണ്ട്. കഥയില്‍ മാറ്റമുണ്ടാവില്ല. മറ്റൊരു ചിത്രം മനസ്സിലുണ്ട്. പുരാണകഥയാണ്. കഥ പൃഥ്വിരാജിനോട് പറയാന്‍ ഇരിക്കുകയാണെന്നും വിമല്‍ പറഞ്ഞു.
സംഗീത സംവിധായകന് എം.ജയചന്ദ്രന് , നടന് ടോവിനോ തോമസ്, നിര്‍മ്മാതാവ് സുരേഷ് രാജ്, പ്രസ്ക്ലബ് പ്രസിഡന്റ് ആര്.അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: