കൊച്ചി: പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച മലയാളം സിനിമ – ഉറുമ്പുകള്‍ ഉറങ്ങാറില്ല- തമിഴിലേക്കു റീമേക്ക് ചെയ്യുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സിനിമയുടെ സംവിധായകന് ജിജു അശോകന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കും ഉടനടി ഉണ്ടാകും. തമിഴില്‍ വിഷന്‍ ഐ മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മൂന്നുകോടി രൂപ ചെലവില്‍ ലോ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോള്‍ 30 ഓളം തീയേറ്റുകളില്‍ നിറഞ്ഞ സദസ്സിനു മുന്‍പാകെ പ്രദര്‍ശനം നടത്തിവരുന്നു. ഈ വാരം ഏതാനും പുതിയ തീയേറ്ററുകള്‍ കൂടി ലഭിച്ചതായി ജിജു പറഞ്ഞു.ചിത്രത്തിന്റെ പരസ്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം പിഴവു സംഭവിച്ചതായും, ഇക്കാരണത്താല്‍ ചില കേന്ദ്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതില്‍ അല്‍പ്പം പരാജയപ്പെട്ടു ഇതു പരിഹരിക്കാനായി പുതിയ പോസ്റ്ററുകള്‍ പതിച്ചുകഴിഞ്ഞു. കേരളത്തിനു പുറത്ത് ഒക്ടോബര്‍ ഒന്‍പതു മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ സുധീര്‍ കരമന, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, അജുവര്‍ഗീസ്, അനന്യ, ജാനകി കൃഷ്ണന്, തെസ്നിഖാന് എന്നിവരാണ് ചെയ്യുന്നത്. ടി.ഇ.രഘുനന്ദന്റെ നിര്‍മ്മാണത്തില്‍ ജിജുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞ ചിത്രം ലാസ്റ്റ് ബെഞ്ച് സാമ്പത്തികമായി പരാജയമായിരുന്നു. എന്നാല്‍ ഈ ചിത്രം അത് നികത്തുമെന്നു കരുതുന്നതായി ജിജു അശോക് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കലാഭവന്‍ ഷാജോന്‍ ,തെസ്നിഖാന്,ജാനകി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: