ചെമ്മാട്: ചെമ്മാട് നഗരത്തിലെ നടപ്പാതകളില്‍ മാലിന്യകൂമ്പാരം. കാല്‍നടയാത്രക്കാരുടെ മാര്‍ഗം തടസ്സപ്പെടുത്തിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. തിരൂരങ്ങാടി പഞ്ചായത്ത് സ്ഥാപിച്ച സമീപകാലത്ത് സ്ഥാപിച്ച മാലിന്യപ്പെട്ടി നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. കൃത്യമായി ഇതില്‍ നിന്നും മാലിന്യം നീക്കം ചെയ്യാത്തതാണ് പ്രധാന കാരണം. ഭക്ഷണ അവശിഷ്ടങ്ങളും ചീഞ്ഞ പച്ചക്കറികളും എല്ലാം റോഡില്‍ നിരന്ന് കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും വമിക്കുന്നത്. മൂക്കുപൊത്തിയാലും ഇതിലെ സഞ്ചരിക്കാനാവാത്ത അവസ്ഥ. കോഴിക്കോട് റോഡിലെ ഓടകളില്‍ നിന്നുള്ള മലിനജലം റോഡിലൂടെ പരന്നൊഴുകുകയാണ്. ഈ ഓടകള്‍ വൃത്തിയാക്കിയിട്ട് വര്ഷങ്ങളായതായി നാട്ടുകാര്‍ പറയുന്നു. മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കാതെ മാലിന്യപ്പെട്ടികള്‍ സ്ഥാപിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല. വ്യാപാരികളും വലിയ ബുദ്ധിമുട്ടിലാണ്. പരിസരത്താകെ മാലിന്യമായതുകൊണ്ട് ആരും കടയിലേക്ക് പോലും വരുന്നില്ലെന്ന് ഇവര്‍ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും മാലിന്യ പ്രശ്നം അതിരൂക്ഷമാണ്.
പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത കടമുറികളിലാണ് ഇവര്‍ താമസിക്കുന്നത്. പ്രദേശത്തെ മാലിന്യപ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വലിയ ആരോഗ്യവിപത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: