തിരുവനന്തപുരം: പ്രശസ്ത കവി പി. കുഞ്ഞിരാമന് നായരുടെ കളിയച്ഛന് എന്ന കവിതയെ ആധാരമാക്കി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് നിര്‍മിച്ച ചിത്രം കളിയച്ഛന് 25ന് റിലീസ് ചെയ്യും. ഒരു വ്യാഴവട്ടക്കാലത്തിന്റെ പരിശ്രമത്തിനൊടുവിലാണ് സിനിമ നിര്‍മിച്ചതെന്ന് സംവിധായകന് ഫറൂക്ക് അബ്ദുല്‍ റഹ്മാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനോജ് കെ. ജയന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിരവധി സംസ്ഥാനദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. സംവിധായകനായ ഫറൂഖ് അബ്ദുള്‍ റഹ്മാന് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ്, സുജനിക രാമനുണ്ണി എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയത്.
‘കളിയച്ഛനെ’പ്പോലെ കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും 25 വര്‍ഷം പൂര്‍ത്തിയാകുന്ന തന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് കളിയച്ഛനിലെ കുഞ്ഞിരാമന് എന്നും മനോജ് കെ. ജയന് പറഞ്ഞു. 2012ല്‍ മികച്ച നവാഗത സംവിധായകന്, മികച്ച സഹനടന്‍, മികച്ച സംഗീതസംവിധായകന് എന്നീ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കളിയച്ഛന് അതേ വര്‍ഷം തന്നെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. 2013ലെ സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വളരെ നാളത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
മനോജ് കെ. ജയന്, പദ്മശ്രീ കലാമണ്ഡലം ശിവന് നമ്പൂതിരി, ബാബു നമ്പൂതിരി, തീര്‍ഥ മുര്ബാദ്കര്, മഞ്ജു പിള്ള, വൈഗ, മണികണ്ഠന് പട്ടാമ്പി, ശിവദാസ് വാര്യര്‍, കലാമണ്ഡലം രാമദാസ്, രാമനുണ്ണി സുജനിക, കലാമണ്ഡലം മനോജ്, കലാമണ്ഡലം സൂര്യനാരായണന്, കലാമണ്ഡലം നീരജ്, കലാമണ്ഡലം ബാലന്, ഷാനവാസ്, ഹരി,ഗോവിന്ദപ്രസാദ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തിയ്യറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: