നിലമ്പൂര്‍: ബിവറേജസ് കോര്‍പ്പറേഷന്റെ നിലമ്പൂരിലെ ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ തീപിടുത്തം. കൗണ്ടര്‍ പൂര്‍ണ്ണമായും ഗോഡൗണ്‍ ഭാഗികമായും കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചയാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മോഷ്ടിച്ച മദ്യകുപ്പികള്‍ കടത്തിയതായാണ് സൂചന. നൂറോളം കുപ്പികള്‍ കെട്ടിടത്തിന് പുറത്ത് കൂട്ടിയിട്ട നിലയിലാണ്. തെളിവ് നശിപ്പിക്കുന്നതിനായി മനപൂര്‍വ്വം കത്തിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പണം ലോക്കറിനുള്ളിലായതിനാല് നഷ്ടപ്പെട്ടില്ല. ഏകദേശം ഒന്നരകോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തീപിടുത്തത്തില്‍ ബില്ലിംഗ് മെഷീന്, റാക്കുകള്‍, മേശ, കസേര, ഡബിള്‍ ഫ്രീസര്‍, കമ്പൂട്ടര് എന്നിവ പൂര്‍ണ്ണമായും നശിച്ചു. നിലമ്പൂര്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ഒന്നര മണിക്കൂറിലെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സിഐ അബ്ദുള്‍ ബഷീര്‍, എസ്ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡ്, വിരളടയാള വിദഗ്ദ്ധര്‍ എന്നിവരും സ്ഥലത്തെത്തി. ഇതിന് മുമ്പ് രണ്ട് തവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ഏകദേശം 13 ലക്ഷം രൂപയുടെ പ്രതിദിന വില്‍പ്പന ഇവിടെ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: