കോഴിക്കോട്: വെട്ടിക്കുറച്ച കാലിത്തീറ്റ സബ്സിഡി മിൽമ മലബാർ മേഖലയിൽ പുന:സ്ഥാപിച്ചു. പത്തുരൂപ അധികം നൽകാനും തീരുമാനമായി. ഇന്നലെ ചേർന്ന മലബാർ മേഖല യൂണിയന്റെ ജനറൽ ബോഡിയിലാണ് ഈ തീരുമാനം. ഇതോടെ നാളെ മുതൽ 50 രൂപയുടെ ആനുകൂല്യം ക്ഷീരകർഷകർക്ക് ലഭ്യമാകും.
മലബാർ മേഖലയുടെ ഈ നടപടി അധികം വൈകാതെ എറണാകുളം, തിരുവനന്തപുരം യൂണിയനുകൾ കൂടി നടപ്പാക്കുമെന്നാണ് സൂചന.മിൽമ ക്ഷീരകർഷകർക്കുള്ള സബ്സിഡി തുടർച്ചയായി വെട്ടിക്കുറച്ചത് സംബന്ധിച്ച് ജന്മഭൂമി വാർത്ത നൽകിയിരുന്നു. മലബാർ മേഖല യൂണിയന്റെ ഇന്നലത്തെ ജനറൽ ബോഡി യോഗത്തിൽ ഈ വിഷയം ചൂടേറിയ ചർച്ചക്കിടയാക്കി. സബ്സിഡി വെട്ടിക്കുറച്ചതിൽ യോഗം പ്രക്ഷുബ്ധമായതോടെ ഭരണസമിതി വഴങ്ങുകയായിരുന്നു.
വെട്ടിക്കുറച്ച 40 രൂപ പുന:സ്ഥാപിക്കുന്നതായും 10 രൂപ അധികം നൽകുന്നതായും പ്രഖ്യാപനമുണ്ടായി. പുതിയ ഇളവോടെ കർഷകർക്ക് ഇനി ഒരു ചാക്ക് കാലിത്തീറ്റ 875 രൂപക്ക് ലഭിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലെ കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പാൽവില വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് കർഷകർക്ക് മിൽമ 240 രൂപ കാലിത്തീറ്റക്ക് സബ്സിഡി അനുവദിച്ചിരുന്നു. ഇതിൽ 200 രൂപ 2014 ജനുവരിയിൽ നിർത്തി. 40 രൂപ ഈ മാസമാദ്യമാണ് ഒഴിവാക്കിയത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകർഷകരാണ് ഇതോടെ പ്രയാസത്തിലായത്. മലബാർ മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടറുടെ യോഗ്യത മാറ്റി നിശ്ചയിക്കുന്ന ഭേദഗതിയും പ്രതിഷേധത്തെ തുടർന്ന് ഭരണസമിതി അജണ്ടയിൽ നിന്ന് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: