കൊച്ചി: വൈഡ് റിലീസിങ്ങിനെ ച്ചൊല്ലിയുള്ള തര്‍ക്കം തീരാതെ മലയാള സിനിമ.പുതിയ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനം. ഇതേതുടര്‍ന്ന് ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന നാലോളം ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കേണ്ട അവസ്ഥയിലാണ്.
ഡബിള്‍ ബാരല്‍, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങള്‍ വൈഡ് റിലീസ് നടത്തിയതില്‍ പ്രതിഷേധിച്ച് ഫെഡറേഷന് ഭാരവാഹികളായ തീയറ്ററുടമകള്‍ ചിത്രത്തിന്റെ ഷെയര്‍ മുഴുവന്‍ നല്‍കാനാകില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഈ തീയറ്ററുകള്‍ക്ക് 18 മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നല്‍കേണ്ടതില്ലെന്ന് വിതരണക്കാരും തീരുമാനിച്ചു. ഇതിനെതിരെയാണ് റിലീസിംഗ് തടസ്സപ്പെടുത്തി ഫെഡറേഷന് രംഗത്തെത്തിയത്.
പെരുന്നാള്‍ റിലീസ് സിനിമകളാണ് ഇതോടെ പ്രതിസന്ധിയിലായത്. രാത്രി വൈകിയും ചര്‍ച്ച തുടരുകയാണ്. തീരുമാനമായില്ലെങ്കില്‍ ലൈഫ് ഓഫ് ജോസൂട്ടി, എന്ന് നിന്റെ മൊയ്തീന്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ഞാന്‍ സംവിധാനം ചെയ്യും എന്നീ സിനിമകളുടെ റിലീസ് മാറ്റിവെക്കേണ്ടി വരും. ഇതിന് പുറമെ മമ്മൂട്ടിയുടെ പത്തേമാരി, ആസിഫലിയുടെ കോഹിന്നൂര്‍ എന്നീ സിനിമകള്‍ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കാന്‍ നാളെ കൊച്ചി ഫിലിം ചേംബര്‍ ഹാളില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചര്‍ച്ച നടത്തുന്നുണ്ട്. ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, സെക്രട്ടറി അക്കര സാജു, ട്രഷറര്‍ കവിതാ സാജു, എക്സിക്യുട്ടിവ് കമ്മറ്റിയംഗം സന്തോഷ് എന്നിവരുടെ തീയേറ്ററുകള്‍ക്കാണ് വിതരണക്കാരുടെ സംഘടന നേരത്തേ വിലക്കേര്‍പ്പെടുത്തിയത്.
മള്ട്ടിപ്ലെക്സുകള്ക്കു നല്കുന്ന വ്യവസ്ഥകള്‍ പ്രകാരം മറ്റ് തീയറ്ററുകള്‍ക്കും സിനിമ നല്കാന് വിതരണക്കാര്‍ തയ്യാറാകണമെന്നും ഫെഡറേഷന് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ നവംബര്‍ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: