നിറഞ്ഞ മനസോടെ, പാല്പ്പുഞ്ചിരിയോടെ കതിര്മണ്ഡപത്തിലേക്കു ചുവടുവയ്
ക്കുന്ന വധു… ഏവരുടെയും ആദരവും
ബഹുമാനവും ഏറ്റുവാങ്ങുന്ന ഈ സുന്ദര മുഹൂര്‍ത്തത്തില്‍ ഒരു സ്ത്രീയുടെ തിലകക്കുറിയെന്താണ്… അവരുടെ മംഗല്യപ്പട്ട്. കേവലം ചടങ്ങുകള്‍ക്കപ്പുറം, അല്ലെങ്കില്‍ ആലങ്കാരികതയ്ക്കപ്പുറം ആരെങ്കിലുമത് ഗൗരവത്തിലെടുത്തിട്ടുണ്ടോ? പെട്ടെന്നുള്ള ഉത്തരം ഇല്ലെന്നാകും. എന്നാല്‍, തെറ്റി.
പട്ടിനെ അടുത്തറിഞ്ഞ്, തന്റെ സഞ്ചാരപഥങ്ങളില്‍ കൂടെക്കൂട്ടിയ ഒരാളുണ്ട്, നമുക്കരികില്‍. വടക്കുംനാഥന്റെ തട്ടകത്തില്‍ വേരുറപ്പിച്ച്, രാജ്യമെങ്ങും, ലോകമെങ്ങും
പടര്‍ന്ന കല്യാണ്‍ സില്‍ക്സിന്റെ അധിപന് ടി.എസ്. പട്ടാഭിരാമന്. പട്ടിനെ ബ്രാന്‍ഡ് ചെയ്ത ഭാരതത്തിലെയെന്നല്ല, ലോകത്തിലെ തന്നെ ആദ്യ വ്യക്തി. നേരില്ക്കണ്ടറിഞ്ഞത് അദ്ദേഹം വസ്ത്രങ്ങളിലേക്കു പകര്‍ത്തിയപ്പോള്‍ അങ്ങനെയൊരു പുതുചരിത്രം പിറന്നു,
കല്യാണ്‍ സില്‍ക്സിലൂടെ.
‘കല്യാണ’ സൗഗന്ധികം
തികച്ചും വ്യത്യസ്തമായ വഴികളിലൂടെയാണ് പട്ടാഭിരാമനും കല്യാണ്‍ സില്‍ക്സും വസ്ത്ര വിപണന രംഗത്ത് വഴികാട്ടിയായത്. പട്ടില്‍ സ്വന്തമായൊരു ബ്രാന്‍ഡ് അവതരിപ്പിച്ചു പട്ടാഭിരാമന്, ‘സൗഗന്ധിക സില്‍ക്ക്’. പേരു പോലെയാണ് ഇതിന്റെ നിര്മാണവഴികളും. പട്ടാഭിസ്വാമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ യാത്രകളിലൂടെ ആര്‍ജിച്ച അറിവ്. ഏറ്റവും മികച്ചത് കണ്ടെത്താന്‍ രാജ്യമെങ്ങും അദ്ദേഹം സഞ്ചരിച്ചു. വന്‍ നഗരങ്ങളിലെ പത്രാസുകളിലേക്കല്ല, ഗ്രാമീണ ഭാരതത്തിന്റെ സൗഗന്ധികങ്ങളിലേക്കാണ് അദ്ദേഹം ചെന്നിറങ്ങിയത്. അതിന് അദ്ദേഹത്തിന് വ്യക്തമായ മറുപടിയുമുണ്ട്- ”ഭാരതത്തിലെ ഏതു ഗ്രാമത്തിനും തനതായ ഒരു വൈഭവമുണ്ട്. അതു തിരിച്ചറിഞ്ഞാല്‍ പിന്നെ മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടതില്ല”. ആ വൈഭവം ദക്ഷിണ ഭാരതത്തില്‍ കാഞ്ചീപുരത്തും, വടക്ക് ബനാറസിലുമാണ് അദ്ദേഹം കണ്ടെത്തിയത്. ഭാരതത്തിലെ പട്ടിന്റെ കേന്ദ്രങ്ങളാണ് ഇവ രണ്ടും.
അവിടെ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന് എന്തെങ്കിലും കാട്ടിക്കൂട്ടുകയല്ല, അവിടത്തെ നെയ്ത്തുഗ്രാമങ്ങള്‍ ഏറ്റെടുക്കുകയാണ് ഇദ്ദേഹം ചെയ്തത്. കാഞ്ചീപുരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ കല്യാണിന്റെ സ്വന്തം നിരവധി നെയ്ത്തുഗ്രാമങ്ങളുണ്ട്. 2,000ത്തിലധികം പേരാണ് ദിവസവും ഇവിടെ പട്ടൊരുക്കല് പ്രവൃത്തിയില്‍ മുഴുകുന്നത്. ഒരു സാരി തയാറാക്കാന്‍ രണ്ടുപേര്‍ ചുരുങ്ങിയത് 15 ദിവസം ജോലിയെടുക്കണം. കല്യാണിന്റെ വിവിധ ഷോറൂമുകളില്‍ ദിവസവുമുള്ള, പ്രത്യേകിച്ച് വിവാഹ സീസണുകളിലെ, തിരക്ക് കണക്കിലെടുത്താല്‍ ബോധ്യമാകും ഇതിനു പിന്നിലെ അധ്വാനം.
അവിടെ ഒരുക്കുന്ന സാരികള്‍ നേരെ ഉപഭോക്താക്കളുടെ കൈയിലെത്തുന്നുവെന്നത് ഏറ്റവും വലിയ പ്രത്യേകത. മുത്തുകള്‍ പതിപ്പിക്കല്‍ പോലുള്ള ചെറിയ ജോലികളേ ഷോറൂമുകളില്‍ നിര്‍വഹിക്കുന്നുള്ളു. ചിത്രവേലകളടക്കം നിര്‍മാണസ്ഥലത്തു തന്നെ സജ്ജീകരിക്കും. ഇത്തരം നെയ്ത്തുഗ്രാമങ്ങള്‍ ഏറ്റെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ പട്ടാഭിരാമനും കല്യാണ്‍ സില്‍ക്സും ചെയ്തത്. തറികളടക്കമുള്ളവ ഇവര്‍ ഒരുക്കി. അതിനു വ്യക്തമായ കാരണവുമുണ്ട്. പട്ടാഭിസ്വാമിയുടെ വാക്കുകളില്‍ പറഞ്ഞാല്‍- ”ഈ ഗ്രാമങ്ങളിലുള്ളവര്‍ ഒരിക്കലും നഗരങ്ങളിലേക്കോ, മറ്റു ഗ്രാമങ്ങളിലേക്കോ മാറാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ഒരുപക്ഷെ, അവരുടെ തനിമ നഷ്ടപ്പെടുത്തും. അതിനാല്‍, സ്വന്തം മണ്ണില്‍ അവര്‍ക്ക് സൗകര്യമൊരുക്കി.” ഒരു നെയ്ത്തുസംഘത്തിന് ഒരു തലവനുണ്ടാകും. ഇദ്ദേഹത്തെ ഡിസൈനുകളും മറ്റും ബോധ്യപ്പെടുത്തിയാല്‍ മതി. സംഘാംഗങ്ങളെ അദ്ദേഹം സജ്ജരാക്കും.
പട്ട് മാത്രമല്ല മറ്റു വസ്ത്രങ്ങളും കല്യാണിന്റെ ശേഖരത്തിലുണ്ട്. ആധുനികതയുടെ ബ്രാന്‍ഡുകള്‍ എന്ന വിശേഷണമുള്ള ജീന്‍സ്, ടോപ്പ്, പുരുഷന്മാര്ക്കുള്ള വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ളത് എല്ലാം… കല്യാണ്‍ ഷോറൂമുകളിലൂടെ വിറ്റഴിക്കപ്പെടുന്ന വസ്ത്രങ്ങളില്‍ 50 ശതമാനവും സ്വന്തം നിര്‍മിതിയെന്ന് അഭിമാനത്തോടെ പറയുന്നു പട്ടാഭിരാമന്. ഷോറൂമുകള്‍ക്കു പുറമെ മൊത്തവില്‍പ്പനയും കല്യാണ്‍ സില്‍ക്സിന്റെ വ്യാപാര സാമ്രാജ്യത്തിലെ അവിഭാജ്യ ഘടകം.
ഗുണം, പുതുമ എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല കല്യാണ്‍. എന്നാല്‍, വില സാധാരണക്കാരന് പ്രാപ്യവും.
പഴയ കാലത്തെ ഒരു പറച്ചില് ഓര്‍മപ്പെടുത്തിയാണ് കല്യാണിന്റെ വസ്ത്ര വൈവിധ്യം പട്ടാഭിരാമന് വ്യക്തമാക്കുന്നത്- ”ഫാഷന്റെ ജനനം ബോംബെയിലും, മരണം കേരളത്തിലുമെന്നാണ് പണ്ട് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ന് സ്ഥിതിമാറി. ജനനവും മരണവും കേരളത്തില്‍ സംഭവിക്കുന്നു. കേരളത്തിന് അതിനുള്ള പ്രാപ്തിയായി. മികച്ച ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. അവിടെ മികച്ചത് പുതുമയോടെ നല്‍കണം.” ഫാഷന്‍ അവിടെ തുടങ്ങി ഇവിടെ വരുമ്പോള്‍ അതിന്റെ കഥകഴിയുന്ന ആ പഴയകഥ കഴിഞ്ഞുവെന്നര്‍ത്ഥം.
വില്‍പ്പനാനന്തര സേവനത്തിലും കല്യാണ്‍ ശ്രദ്ധവയ്ക്കുന്നു. അതിനു കാരണവുമുണ്ട്. ”ഒരാള്‍ ഇവിടെയെത്തി സാധനം വാങ്ങിയാല്‍ അവര്‍ വീണ്ടും വരണം. അതിന് മികച്ച സര്‍വീസ് നല്‍കണം. ഇതിലൂടെ മറ്റൊരു നേട്ടം കൂടി. ആദ്യ ഉപഭോക്താവ് നിലനില്‍ക്കുന്നതിനൊപ്പം, ഒരാള്‍ കൂടിയെത്തും. ഏതു വലിയ പരസ്യത്തേക്കാളും വലുതാണ് വ്യക്തിബന്ധങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണം,”- പട്ടാഭിരാമന് തന്ത്രം പറയുന്നു.
ഭൂതം, വര്‍ത്തമാനം, ഭാവി
നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് കല്യാണിന്. 110 വര്‍ഷം മുന്‍പ് പട്ടാഭിരാമന്റെ മുത്തച്ഛനും സഹോദരനും തൃശൂരിലെ പ്രശസ്തമായ സീതാറാം മില്‍ സ്ഥാപിച്ചുകൊണ്ടാണ് വസ്ത്രമേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് തൃശൂര്‍ റൗണ്ട് സൗത്തിലെ മേനാച്ചേരി ബില്‍ഡിങ്ങില്‍ ജനങ്ങള്‍ക്ക് തുണി നല്കാന് ഇവര്‍ സ്ഥാപനം തുടങ്ങി. കാലങ്ങള്‍ക്കു ശേഷം ഇതേ സ്ഥാപനം ഏറ്റെടുത്ത് പട്ടാഭിരാമന് ഇപ്പോഴത്തെ പടയോട്ടത്തിനു തുടക്കമിട്ടു. മേനാച്ചേരി ബില്‍ഡിങ്ങിലെ അതേ സ്ഥലത്ത് ടി.എസ്. കല്യാണരാമന് ആന്‍ഡ് സണ്‍സ് തുടങ്ങി. പിന്നീടത് കല്യാണ്‍ ഫാബ്രിക്സ് ആയി. 1992 ഏപ്രില്‍ എട്ടിന് ഇന്നത്തെ കല്യാണ്‍ സില്‍ക്സിന്റെ ജനനം. 400 സ്ക്വയര്‍ ഫീറ്റില്‍ തുടങ്ങി, 4,000ത്തിലും, പിന്നീടത് 40,000ത്തിലുമെത്തിയ വിജയഗാഥയാണ് പട്ടാഭിരാമനും കല്യാണ്‍ സില്‍ക്സിനും. 1996ല്‍ മൊത്തവ്യാപാര രംഗത്തേക്കും കടന്നു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര മൊത്തവ്യാപാരികളാണ് കല്യാണ്‍ സില്‍ക്സ്. പ്രത്യക്ഷമായി 7,000 പേര്‍ക്കും, പരോക്ഷമായി 10,000ത്തിലധികം പേര്‍ക്കും തൊഴില്‍ നല്കുന്നു തൃശൂരിന്റെ തിലകക്കുറിയായ ഈ സ്ഥാപനം.
തൃശൂര്‍ കുരിയച്ചിറയിലെ കോര്‍പ്പറേറ്റ് ഓഫീസിലിരുന്ന് പട്ടാഭിരാമന് കല്യാണ്‍ സില്‍ക്സിനെ നിയന്ത്രിക്കുന്നു. തൃശൂര്‍ നഗരത്തിലെ ഷോറൂമുകള്‍ക്കു പുറമെ കുന്ദംകുളം, കൊച്ചി, തൊടുപുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലാണ് കേരളത്തിലെ മറ്റു ഷോറൂമുകള്‍. ബംഗളൂരു (കര്‍ണാടകം), ഈറോഡ് (തമിഴ്നാട്), വിദേശത്ത് യുഎഇയില്‍ ദുബായ്, കരാമ, മീന ബസാര്‍, അബുദാബി, ഷാര്‍ജ എന്നിങ്ങനെ കേരളത്തിനു പുറത്തെ ഷോറൂമുകള്‍.
കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു കല്യാണ്‍ സില്‍ക്സ്. 26ന് തമിഴ്നാട്ടിലെ രണ്ടാമത്തെ ഷോറും സേലത്ത് ഉദ്ഘാടനം ചെയ്യും. ഈറോഡ് നല്കിയ അനുഭവം കരുത്താക്കിയാണ് സേലത്തേക്കു കടക്കുന്നതെന്ന് പട്ടാഭിരാമന്റെ ഭാഷ്യം. കേരളത്തില്‍ കാസര്‍കോട്ട് അടുത്ത ഷോറൂം. ഇത് നാലു മാസത്തിനുള്ളില്‍ തുറക്കാന്‍ പദ്ധതിയെന്നും ഇദ്ദേഹം. പയ്യന്നൂര്‍, വടകര, കൊല്ലം, വിദേശത്ത് യുഎഇയിലെ ഗിസൈസ്, ഖത്തറിലെ ദോഹ, ഒമാനിലെ മസ്കറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ പിന്നീടുള്ള ലക്ഷ്യം.
പട്ടാഭിരാമനിലൂടെ മൂന്നു തലമുറ പിന്നിട്ട കല്യാണിന്റെ പ്രയാണം, മക്കള്‍ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന് എന്നിവരിലൂടെ നാലാം തലമുറയിലേക്ക് പ്രവേശിച്ചു. അച്ഛനൊപ്പം നിന്ന് കല്യാണിനെ മുന്നോട്ടു നയിക്കുന്നു ഇരുവരും. മാര്‍ക്കറ്റിങ്ങില്‍ എംബിഎ നേടിയിട്ടുള്ള ഇവര്‍ കല്യാണ്‍ സില്‍ക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ്.
വിജയമന്ത്രം
കഠിനാധ്വാനം തന്നെ പട്ടാഭിരാമന്റെയും കല്യാണ്‍ സില്‍ക്സിന്റെയും വിജയമന്ത്രം. കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം പതുക്കെ മുന്നോട്ട് ചുവടുവയ്ക്കുകയെന്നത് ഇദ്ദേഹത്തിന്റെ ശൈലി. ”മുന്നോട്ട് പോകുക, ചവിട്ടിക്കയറിയ വഴി മുകളില്‍ നിന്ന് തിരിഞ്ഞു നോക്കേണ്ടതില്ല. അതൊരുപക്ഷേ നിങ്ങളെ ഭയപ്പെടുത്തും.”- പട്ടാഭിരാമന് ഓര്‍മിപ്പിക്കുന്നു. പേരും പെരുമയുമായി, ഇനി മതിയാക്കാമെന്നൊന്നും ഇദ്ദേഹം കരുതുന്നില്ല. അടുത്ത തലമുറയിലൂടെയും അതിനു ശേഷവും മുന്നേറണമെന്ന ദൃഢനിശ്ചയമുണ്ട് ഇദ്ദേഹത്തിന്. ”മതിയെന്നു വിചാരിച്ച് നില്‍ക്കാനാകില്ല” അദ്ദേഹം വ്യക്തമാക്കുന്നു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ചപ്പാടുകളിലും പട്ടാഭിരാമന് പ്രത്യാശയേറെ. രാജ്യത്തിനുള്ളില്‍ തന്നെ കൂടുതല്‍ സ്ഥാപനങ്ങളും വ്യവസായങ്ങളും വന്നാല്‍, ഇവിടെത്തന്നെ തൊഴിലവസരമുണ്ടാകും. തൊഴിലന്വേഷകര്‍ക്ക് ജീവിതച്ചെലവേറെയുള്ള മറുനാടുകളില്‍ പോയി കഷ്ടപ്പെടേണ്ടിവരില്ലെന്നും ഇദ്ദേഹം പറയുന്നു.
സമൂഹത്തെ മറക്കാതെ
എല്ലാ വ്യവസായികളെയും – എന്നാല്‍, എല്ലാവരെയുംപോലെയല്ല – സാമൂഹിക സേവനവുമുണ്ട് പട്ടാഭിരാമന്. നാലാളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചെണ്ടകൊട്ടി ഇതു ചെയ്യണമെന്ന് ഇദ്ദേഹത്തിനൊട്ട് താല്പര്യവുമില്ല, നിര്‍ബന്ധവുമില്ല. ഭാര്യയുടെ പേരിലുള്ള ജാനകി പട്ടാഭിരാമന് സ്മൃതി ട്രസ്റ്റിലൂടെ സേവനപ്രവര്‍ത്തനങ്ങള്‍. ആവശ്യങ്ങള്‍ അറിഞ്ഞ് സേവനം. ഇതിന് മതവും ജാതിയുമൊന്നും മാനദണ്ഡമല്ല. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരാണോയെന്ന് ഉറപ്പുവരുത്തിയ ശേഷം സഹായം നല്‍കും. കേരളത്തില്‍നിന്നുള്ളവരെ മാത്രമേ ഇപ്പോള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. സമൂഹത്തില്‍നിന്ന് ഉപജീവനം തേടുമ്പോള്‍ സമൂഹത്തെ തിരിച്ചു സഹായിക്കേണ്ട ബാധ്യതയുണ്ടെന്ന് പട്ടാഭിരാമന് ഉറച്ചുവിശ്വസിക്കുന്നു.
ഗോ സംരക്ഷണത്തിനും ഇദ്ദേഹം സന്നദ്ധനാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൊടകരയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെ ആദ്യത്തെ ഗോശാല സമര്‍പ്പിക്കുന്നതും കല്യാണ്‍ സില്‍ക്സിന്റെ ഈ അമരക്കാരന് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: