തിരൂര്‍: നിരവധി സമരങ്ങളെ തുടര്‍ന്ന് ശുചീകരിക്കാന്‍ അധികൃതര്‍ തയ്യാറായി പക്ഷേ ഇന്നും ശാപമോഷത്തിനായി കാത്തിരിക്കുകയാണ് തിരൂര്‍പ്പുഴ.
കെട്ടിക്കിടന്നിരുന്ന ചെളിയും മണ്ണും നീക്കം ചെയ്തെങ്കിലും പുതിയ പ്രശ്നം മാലിന്യമാണ്. ശക്തമായ മഴയില്‍ മാലിന്യങ്ങള്‍ ഭൂരിഭാഗവും ഒഴുകിപോയി പുഴ ശുദ്ധിയായതായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തുരുകയാണ്.
നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന അഴുക്കുചാലായാണ് ചിലര്‍ പുഴയെ കാണുന്നത്. പ്രകൃതി സ്നേഹികളുടെ പ്രതിഷേധമുണ്ടെങ്കിലും നഗരസഭ മൗനം പാലിക്കുകയാണ്. പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ ഒരുപരിധി വരെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. തിരൂരിലെ പ്രമുഖ ഹോട്ടലിലെ കക്കൂസ് മാലിന്യം വരെ പുഴയിലേക്കാണ് ഒഴുക്കുന്നതെന്ന് ആരോപണമുണ്ട്. മാലിന്യപ്രശ്നം കാരണം ധാരാളം പേരുടെ ഉപജീവനമാര്‍ഗ്ഗമായിരുന്ന മീന്‍പിടുത്തം നിലച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ രോഗങ്ങളുടെ പിടിയിലാണ്.
താഴെപാലം ഭാഗത്ത് പുഴയിലെ വെള്ളത്തിന്റെ നിറം ഇടക്കിടെ മാറുന്നത് ആളുകളില്‍ പരിഭ്രാന്തി പരത്തുന്നു. പുഴയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകൃതി സ്നേഹികള്‍ നിയമ പോരാട്ടം വരെ നടത്തിയെങ്കിലും ഫലമില്ലാത്ത അവസ്ഥയിലാണ്. പുഴ വൃത്തിയാക്കി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: