കൊച്ചി: ഒരിടവേളക്കു ശേഷം വീണ്ടും നാളികേര വിപണി ഇടിക്കാനുള്ള ശ്രമങ്ങള്‍ ബാഹ്യശക്തികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വിലസ്ഥിരത തുടരുന്നതിനിടെ അടുത്ത ദിവസങ്ങളില്‍ വിപണിയില്‍ കൊപ്രയ്ക്കും വെളിച്ചെണ്ണക്കും സംഭവിച്ചിരിക്കുന്ന വിലക്കുറവില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് നാളികേര വികസന ബോര്‍ഡ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പ്രധാന നാളികേര ഉല്പാദക സംസ്ഥാനങ്ങളായ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നവിടങ്ങളില്‍ ശരാശരിയിലും കുറവായിരുന്നു. അതിനാല്‍ അടുത്തവര്‍ഷം നാളികേരോല്പാദനത്തില് കാര്യമായി വര്‍ദ്ധനവുണ്ടാകാന്‍ സാദ്ധ്യതയില്ല.
കാലവര്‍ഷം അവസാനിച്ചതിനാല്‍ കരിക്കു വിപണിയിലും ഉണര്‍വ്വ് ദൃശ്യമാണ്. നാളികേര ഉല്പാദക ഫെഡറേഷനുകള്‍ വഴി നീര ഉല്പാദനവും വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ ഫലമായി വരും മാസങ്ങളില്‍ വിപണിയിലേക്കുള്ള കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വരവ് കുറയാനുള്ള സാദ്ധ്യതയും നിലനില്ക്കുന്നു. ഭാരതത്തില്‍ നിന്നുള്ള നാളികേരാധിഷ്ഠിത ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ 2015 – 16 ല്‍ (2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ) സ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കൊപ്ര, വെളിച്ചെണ്ണ എന്നീ പ്രാഥമിക ഉല്പന്നങ്ങള്ക്കുമപ്പുറം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനത്തിനായി കൂടുതല്‍ നാളികേരം, ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനു പുറമെ വെളിച്ചെണ്ണയുടെ ഇറക്കുമതിയില്‍ 2015-16ല്‍ (ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍) 2014 – 15 വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്സവ കാലത്തോടനുബന്ധിച്ച് ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നും വെളിച്ചെണ്ണക്ക് ആവശ്യകതയേറി വരികയുമാണ്. പ്രധാന നാളികേര വിപണികളിലെ ദൈനംദിന വിലയും 60 ദിവസത്തെ മൂവിങ്ങ് ആവറേജും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അടുത്ത മാസങ്ങളില്‍ വില സ്ഥിരമായി നില്‍ക്കാനുള്ള എല്ലാ സാദ്ധ്യതകളും നിലനില്‍ക്കുന്നതായി ബോധ്യപ്പെടുന്നതാണ്. ഇപ്രകാരം നാളികേര ഉല്പന്നങ്ങള്ക്ക് വില സ്ഥിരത കൈവരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സംജാതമായിരിക്കേ വിപണിയില്‍ അനുഭവപ്പെടുന്ന വിലക്കുറവ് ഉത്സവകാലത്തുണ്ടാകുന്ന ആവശ്യകത മുന്നില്‍ കണ്ട് വിലക്കുറവില്‍ ഉല്പന്നം സംഭരിച്ചു വെക്കാനുള്ള ബാഹ്യലോബികളുടെ ഗൂഢശ്രമമായി വേണം കരുതാന്‍. ഇതിനെതിരെ നാളികേര കര്‍ഷകരും, നാളികേര ഉല്പാദക സംഘങ്ങളും ഫെഡറേഷനുകളും, നാളികേര ഉല്പാദക കമ്പനികളും ജാഗ്രത പാലിക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: