തൊടുപുഴ : പാറ പൊട്ടിക്കുന്നതിനിടെ വീടിനുള്ളിലേക്ക് കല്ല് പതിച്ചു. ഗൃഹനാഥ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശാസ്താംപാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെടുമാരിയില് രാജേഷിന്റെ വീടിനുള്ളിലാണ് കല്ല് പതിച്ചത്. ഭാര്യ ഗീതു അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം നാലുമണിയോടെയാണ് ഓട് തകര്‍ന്ന് കല്ല് അടുക്കളയില്‍ വീണത്. ശബ്ദം കേട്ട് ഓടിമാറിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഗീതു പറയുന്നു. ഈ സമയത്ത് ഇവരുടെ രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. ആനകെട്ടിപ്പറമ്പില്‍ ജാഫര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട. കോടതിവിധിയെ തുടര്‍ന്ന് പൂട്ടിയ പാറമട രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നു. പ്രദേശത്ത് പത്തോളം വീടുകള്‍ ഉണ്ട്. പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന കുലുക്കത്തില്‍ വീടുകള്‍ക്കെല്ലാം വിള്ളലുണ്ടായിട്ടുണ്ട്. ഇതില്‍ പ്രതിഷേധിക്കുന്നവരുടെ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് പാറമട ലോബി ചെയ്യുന്നത്. ഭീഷണിപ്പെടുത്തിയും പണം നല്‍കിയും പാറമടയുമായുള്ള കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: