തിരുവനന്തപുരം: ഓണ്‍ലൈന്‍ ലേലം വഴി വിനോദയാത്രയൊരുക്കി വിസിറ്റ് കേരള. ഏറ്റവും കുറഞ്ഞ വിലപറയുന്നവര്ക്ക് വിനോദയാത്രാ പാക്കേജ് വാഗ്ദാനം ചെയ്യുകയാണ് ഈ പദ്ധതി. നിസാര തുകയ്ക്ക് കേരളയാത്രക്ക് അവസരമൊരുക്കുന്ന ‘വിസിറ്റ് കേരള ബിഡ്വാര്സ്’ ലേലമത്സരത്തിന് കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജ് അരങ്ങാകും. ഇന്ത്യയില്‍ ആദ്യമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ മുന്‍നിര്‍ത്തി ഇത്തരമൊരു ലേലം.
മത്സരത്തില്‍ പങ്കാളികളായ അംഗീകൃത സേവനദാതാക്കളുടെ 8,000 രൂപ മുതല്‍ 78,000 രൂപ വരെ വിലയുള്ള അവധിദിന പാക്കേജുകളാണ് ലേലത്തിനെത്തുന്നത്. കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ വിസിറ്റ് കേരള ഓണ്‍ലൈന്‍ പ്രചാരണ പദ്ധതിയുടെ ഭാഗമാണ് ‘വിസിറ്റ് കേരള ബിഡ്വാര്സ്’.
മത്സരത്തില്‍ അവതരിപ്പിക്കുന്ന പാക്കേജുകള്‍ക്ക് ഏറ്റവും കുറഞ്ഞ വില പറയുന്നയാള്‍ക്ക് ആ വിലയ്ക്ക് പാക്കേജ് സ്വന്തമാക്കാമെന്നതാണ് ഇതിന്റെ പ്രതേകത. രണ്ടുപേര്‍ ഒരേ വില പറയുകയാണെങ്കില്‍ ലേലം അസാധുവാകും. 12 ലക്ഷം ആരാധകരുള്ള ഫേസ്ബുക്ക് പേജും നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റും ഉപയോഗിച്ചാണ് കേരള ടൂറിസത്തിന്റെ നൂതന പ്രചാരണ പരിപാടികള്‍.
കേരള ടൂറിസത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകരുമായുള്ള ബന്ധം മറ്റൊരു തലത്തിലേക്കു കൊണ്ടുപോകാന്‍ മത്സരത്തിലൂടെ സാധിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പിഐ ഷെയ്ക്ക് പരീത് പറഞ്ഞു.
കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്, വോയേജസ് കേരള, ഇന്റര്‍സൈറ്റ് ഹോളിഡേസ്, സ്പൈസ് ലാന്റ് ഹോളിഡേസ്, കോസിമ ഹോളിഡേസ്, ദ്രവീഡിയന്‍ ട്രെയില്‍സ്, ഇന്‍ഡസ് ഹോളിഡേസ്, കേരള ട്രാവല്‍സ്, ട്രാവല്‍ പ്ലാനേഴ്സ് തുടങ്ങിയ അംഗീകൃത സേവനദാതാക്കളുമായി ചേര്‍ന്നാണ് കേരള ടൂറിസം വിവിധ പാക്കേജുകള്‍ ലേലത്തിനായി അവതരിപ്പിക്കുന്നത്.
ഒരു സമയത്ത് ഒരു പാക്കേജ് മാത്രമാണ് ലേലത്തിന് എത്തുക. പാക്കേജിന്റെ വിശദവിവരങ്ങളും വിലയും മത്സരത്തിനായി പ്രത്യേകം തയ്യാര്‍ ചെയ്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. കേരളടൂറിസത്തിന്റെ ഫേസ്ബുക്ക് പേജില്‍ (http://bit.ly/KeralaBidWars) സൈന്‍ അപ്പ് ചെയ്തോ പ്ലേ സ്റ്റോറില്‍ നിന്ന് വിസിറ്റ്കേരള ബിഡ് വാര്‍സ് ആപ്ലിക്കേഷന്‍ (http://bit.ly/VisitKeralaBidWars) ഡൗണ്‍ലോഡ് ചെയ്തോ മത്സരത്തില്‍ പങ്കുചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: