ന്യൂദല്‍ഹി: സൗരോര്‍ജ്ജ പാനലുകള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലും സ്ഥലസൗകര്യം ഉള്ളിടങ്ങളിലും സ്ഥാപിച്ച് വൈദ്യുതി സമാഹരണം നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ സൗരോര്‍ജ്ജ മിഷന് 2022 ഓടെ 40,000 മെഗാവാട്ട് സൗരോര്‍ജ്ജം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്ക്കൂള്, കോളേജുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുകളില്‍ വലിയ സൗകര്യമാണ് ഇതിനായി ഉള്ളത്.
ഈ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ആയിരക്കണക്കിന് മെഗാ വാട്ട് സൗരോര്‍ജ്ജം ഉണ്ടാക്കുവാനാകും. പത്ത് ചതുരശ്ര അടി സ്ഥലമാണ് ഒരു സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുവാന്‍ വേണ്ടത്. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിലൂടെ വൈദ്യുതി ബില്ല് വളരെയേറെ ലാഭിക്കുവാനാകും.
സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 15 ശതമാനം സര്‍ക്കാര്‍ സഹായമായി നല്‍കും. വീടുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സാമൂഹ്യമേഖലകള്‍ എന്നിങ്ങനെ നാല് കാറ്റഗറിയിലാണ് പദ്ധതി നടപ്പില്‍ വരുത്തുവാന്‍ ഉദ്ദ്യേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: