പെരിന്തല്‍മണ്ണ: ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ബസ് ചാര്‍ജ് നല്കിയാല് ടിക്കറ്റ് ഇല്ല, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്കിയാല് ബാക്കിയുമില്ല. മിണ്ടിയാല്‍ ജീവനക്കാരുടെ തനിനിറം കാണുമെന്നതിനാല്‍ യാത്രക്കാര്‍ ചോദിക്കാറുമില്ല.
ഇനി അഥവാ ഈ അനീതിക്ക് എതിരെ പ്രതികരിച്ചാലോ, കാര്യങ്ങള്‍കയ്യാങ്കളിയിലെ അവസാനിക്കൂ. ജില്ലയില്‍ ഏകദേശം 3000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായാണ് കണക്കുകള്‍. ഇവയില്‍ പകുതി ബസുകളിലും ടിക്കറ്റ് നല്‍കാറില്ല. പിന്നെയുള്ളത് ചില ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ്. പേരിനെങ്കിലും ടിക്കറ്റ് നല്‍കുന്നത് ഇവര്‍ മാത്രമാണ്. അതേസമയം ബാക്കി നല്‍കാത്തതുമായി ബന്ധപ്പട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കിക്കാന്‍ മാത്രമേ സമയമുള്ളെന്നാണ് യാത്രക്കാരുടെ പരാതി. ചില്ലറ ഇല്ല എന്ന ജീവനക്കാരുടെ വാദത്തിന് യാതൊരു ന്യായീകരണവും ഇല്ലന്നാണ് യാത്രക്കാരുടെ പക്ഷം. കാരണം, ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നത്. ഇവരൊക്കെ തന്നെ കണ്സഷന് തുകയായ രണ്ടുരൂപയും അതിന് മുകളിലും ചില്ലറയായി തന്നെയാണ് നല്‍കുന്നത്. ആ ചില്ലറെ എവിടെ പോയെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സ്വകാര്യ ബസുകളിലെ മിനിമം ചാര്‍ജ്ജ് നാല് രൂപ മാത്രമാണ്. കേരളത്തില്‍ കൂടിയ നിരക്കായ ഏഴ് രൂപ നല്‍കുന്നവര്‍ക്ക് ബാക്കി പോലും ലഭിക്കുന്നില്ല. എന്നാല്‍ വളരെ വ്യത്യസ്ഥമായ ഒരു തട്ടിപ്പ് ചില ജീവനക്കാര്‍ നടത്താറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. അതിങ്ങനെ, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്കുമ്പോള് ഒരു രൂപ കൂടി നല്കാന് കണ്ടക്ടര്‍ ആവശ്യപ്പടും. ബാക്കി നാല് രൂപ നല്‍കാനാണത്രേ. എന്നാല്‍ ഒരു രൂപ നല്കാനില്ലങ്കില് വെറും രണ്ടുരൂപ മാത്രം നല്‍കും. ഒരു രൂപ ഇല്ലെന്ന് അറിയിക്കുകയും ചെയ്യും. കിട്ടാനുള്ളത് ഒരു രൂപ മാത്രമായതിനാല്‍ യാത്രക്കാരന് ചോദിക്കാറുമില്ല ഇനി അഥവാ ചോദിച്ചാല്‍ തന്നെ ‘പിശുക്കന് എന്ന് വിളിച്ച് നാണം കെടുത്തും.
എന്നാല്‍ വലിയ ഒരു നികുതി വെട്ടിപ്പിന് കൂടിയാണ് ഇവിടെ കളം ഒരുങ്ങുന്നത്. നൂറുകണക്കിന് ആളുകളുടെ കയ്യില്‍ നിന്നും ഒരു രൂപ വീതം കിട്ടുന്നത് ആയിരക്കണക്കിന് ബസുകളിലാണ്. ഇത് തന്നെ ലക്ഷങ്ങള്‍ വരും. കണക്കില്‍പ്പെടാത്ത ഈ വരുമാനത്തിന് നികുതിയും നല്‍കണ്ട. എന്നാല്‍ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ മാത്രമാണ് യാത്രക്കാര്‍ നല്‍കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. അതേസമയം ടിക്കറ്റിനെ പറ്റി ചോദിച്ചാല്‍ ഉത്തരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: