അങ്ങാടിപ്പുറം: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ അങ്ങാടിപ്പുറത്ത് ഇന്നലെ നിയന്ത്രണാതീതമായ തിരക്കായിരുന്നു. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ റോഡ് വരെ എതാണ്ട് 200ല്‍ അധികം യാത്രക്കാരാണ് ഒറ്റ വരിയായി ഒരേ സമയം ക്യൂ നില്‍ക്കേണ്ടി വന്നത്.
പലപ്പോഴും യാത്രക്കാര്‍ തമ്മില്‍ വഴക്കും ഉണ്ടായി. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ പോലീസിന്റെ സേവനം ലഭിക്കാതിരുന്നതും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. രാവിലെ ഒന്‍പത് മണിക്കും 10 മണിക്കും ഇടയിലാണ് ഏറ്റവും നീണ്ടനിര രൂപപ്പെട്ടത്. സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇവിടെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 10 മണിക്ക് നിലമ്പൂരിലേക്കും ഷൊര്‍ണൂരിലേക്കും പോകുന്ന ട്രെയിനില്‍ കയറാന്‍ എട്ട് മണിക്ക് തന്നെ യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.
എന്നാല്‍ തിരക്ക് പരിഗണിച്ച് നേരത്തെ ടിക്കറ്റ് കൗണ്ടര്‍ തുറക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായതുമില്ല. അങ്ങാടിപ്പുറം സ്റ്റേഷനില്‍ രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും ഇതിലൊന്ന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് പഴമക്കാര്‍ പോലും കണ്ടിട്ടില്ലെന്ന് പറയുന്നു. മാത്രമല്ല കൃത്യമായി ചില്ലറ നല്‍കാത്ത യാത്രക്കാരോട് കുറ്റവാളികളോടെന്ന പോലെയാണ് ജീവനക്കാര്‍ പെരുമാറുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. ഓണാവധിക്ക് വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളും തിരുമാംന്ധാംകുന്ന് ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തരുമാണ് ഇന്നലെ ഏറെ വലഞ്ഞത്.
അങ്ങാടിപ്പുറത്ത് നിന്ന് ഷൊര്‍ണൂര്‍ വരെ ബസില്‍ യാത്ര ചെയ്യണമെങ്കില്‍ 40 രൂപ ചിലവ് വരും. മിക്കവാറും മൂന്ന് ബസ് മാറിക്കയറേണ്ടിയും വരും. രണ്ടര മണിക്കൂര്‍ സമയവും വേണം. ഇനി നിലമ്പൂരില്‍ എത്തണമെങ്കിലോ ചിലവ് 36 രൂപ. കുറഞ്ഞത് രണ്ട് ബസ് കയറണം. ഏതാണ്ട് രണ്ട് മണിക്കൂറും പാഴാകും. അതേസമയം ഈ രണ്ട് സ്ഥലങ്ങളിലും ട്രെയിനിലെത്താന്‍ അങ്ങാടിപ്പുറത്ത് നിന്നും ഒരു മണിക്കൂറില്‍ താഴെ സമയം മാത്രവും. ചിലവാകുന്നതോ വെറും 10 രൂപയും. ഇത് തന്നെയാണ് ജനങ്ങളെ ട്രെയിന്‍ യാത്രക്ക് പ്രേരിപ്പിക്കുന്നതും. എന്നാല്‍ ഓണാവധി കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ പോകാനെത്തിയ 100 കണക്കിനാളുകള്‍ക്ക് ഇന്നലെ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനും നിര്‍ബന്ധിതരായി. എന്നാല്‍ ഏറെയാളുകളും റെയില്‍വേ ഈടാക്കുന്ന കൊടിയ പിഴ പേടിച്ച് ടിക്കറ്റ് ഇല്ലാതെ യാത്രചെയ്തതുമില്ല. 10 രൂപയുടെ ടിക്കറ്റ് എടുക്കാതിരുന്നാല്‍ ടാക്സി വിളിച്ച് പോകേണ്ട തുകയാകും പിഴയായി നല്‍കേണ്ടി വരിക.
ഇന്നലെ രാവിലെ അര കിലോമീറ്ററോളം യാത്രക്കാരുടെ ക്യൂ നീണ്ടു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ അങ്ങാടിപ്പുറത്ത് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: