കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) കീഴില്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്‍കുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികള്‍ തങ്ങളുടെ നൂതനങ്ങളായ ഉല്പന്നങ്ങള് പുറത്തിറക്കി. 3ക്യുമെന്റേഴ്സിന്റെ 3ക്യുമെട്രിക്സ് എന്ന സോഫ്റ്റ്വെയര്, ബ്ലാക് വാഷ് ലാബ്സിന്റെ ഫിഫ്റ്റി ഫിഫ്റ്റി എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, സൈബോടെക് റിസര്‍ച്ച് ലാബ്സിന്റെ ട്രാക് ഓണ്‍ പ്രോ എന്നിവയാണ് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെഎസ്ഐഡിസി എംഡി ഡോ.എം. ബീന ഐഎഎസ് പുറത്തിറക്കിയത്.
‘കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ കെഎസ്ഐഡിസിയുടെ ഇന്‍കുബേഷന്‍ സെന്ററില്‍ 12 കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അങ്കമാലി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ കൂടി ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ കോര്പ്പറേഷന് ആരംഭിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ എയ്ഞ്ചല്‍ ഫണ്ടിനു വേണ്ടി ഇതിനോടകം 17 പേര് അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. 25 ലക്ഷം രൂപ വീതം നാലു കമ്പനികള്‍ക്കു കൈമാറിയെന്നും ഡോ. എം. ബീന ഐഎഎസ് പറഞ്ഞു’. ടൂട്ടി ഫ്രൂട്ടി എന്ന കമ്പനിക്കുള്ള എയ്ഞ്ചല്‍ ഫണ്ട് വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കൈമാറിയത്.
അങ്കമാലിയില്‍ ഇന്‍കലിന്റെ കെട്ടിടത്തില്‍ 5000 ചതുരശ്ര അടി സ്ഥലം വാടകയ്ക്കെടുത്താണു രണ്ടാമത്തെ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുക. ഐടിക്കു പുറത്തുള്ള കമ്പനികളെയാകും ഇവിടെ പരിഗണിക്കുകയെന്നും മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഡോ. ബീന വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോടും അനുയോജ്യമായ സ്ഥലം തേടുകയാണ്. സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുക യെന്നലക്ഷ്യത്തോടെ യായിരിക്കും തിരുവനന്തപുരത്തെ ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡോ. എം. ബീന പറഞ്ഞു.
ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനു വേണ്ടി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയാക്കി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും പദ്ധതിക്കു വേണ്ടി ഹഡ്കോയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഡോ. ബീന പറഞ്ഞു.
ഇന്തോ കനേഡിയന്‍ സഹകരണ സംരംഭമായ 3ക്യുമെന്റേഴ്സ് പുറത്തിറക്കിയ
3 ക്യുമെട്രിക്സ് വിദ്യാഭ്യാസ മേഖലയ്ക്ക് സഹായകരമായ സോഫ്റ്റ്വെയറാണ്. യുഎസ് ആസ്ഥാനമായ പിറ്റ്സ്കോ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിന്റെ സ്ഥാപകയായ ജിഷ ജോഷി ഇന്‍ഫോപാര്‍ക്കിലെ ഇന്‍കുബേഷന്‍ സെന്ററിലെ ഏക സ്ത്രീ സംരംഭക കൂടിയാണ്.
വിവിധ സ്ഥാപനങ്ങളിലെ ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ ഒരു നിശ്ചിത പരിധിക്കുള്ളില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് എം.കൃഷ്ണപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ബ്ലാക് വാഷ് ലാബ്സിന്റെ ഫിഫ്റ്റി ഫിഫ്റ്റി. ഒരു കമ്പനിയിലെ ഉദ്യോഗസ്ഥരെ ട്രാക് ചെയ്യാന്‍ സഹായിക്കുന്നതാണ് സുനില്‍ പി.ജോണിയുടെ നേതൃത്വത്തിലുള്ള സൈബോടെക് റിസര്‍ച്ച് ലാബ്സിന്റെ ട്രാക് ഓണ്‍ പ്രോ എന്ന ആപ്ലിക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: