കൊച്ചി: സ്മാര്‍ട്സിറ്റി പദ്ധതി അതിന്റെ തുടക്കത്തിലുണ്ടായ തടസ്സങ്ങള്‍ മറികടന്ന് നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തീകരിക്കുമെന്ന് കൊച്ചി സ്മാര്‍ട്സിറ്റി വൈസ് ചെയര്‍മാനും ദുബായ് സ്മാര്‍ട്സിറ്റി സിഇഒയുമായ ജാബര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. കേരളത്തിന്റെ സ്വപ്നപദ്ധതി സാക്ഷാത്കരിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
‘പദ്ധതി വിഭാവനം ചെയ്ത രീതിയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തും. പദ്ധതിയുടെ ദൈനംദിന പുരോഗതി നിരീക്ഷിക്കാന്‍ സ്മാര്‍ട്സിറ്റി എംഡി ബാജു ജോര്‍ജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അദ്ദേഹം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും,’ ജാബര്‍ ബിന്‍ ഹാഫിസ് പറഞ്ഞു.
സ്മാര്‍ട്സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനായി പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 90,000 പേര്‍ക്ക് നേരിട്ട് ജോലി നല്കാന് കഴിയുന്ന പദ്ധതി നിശ്ചയിച്ച പ്രകാരം 2019-ല്‍ തന്നെ കമ്മീഷന് ചെയ്യും. ഇതിനിടെ, പ്രസ്റ്റീജ് ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്സിറ്റിയില്‍ ഐടി ടവര്‍ നിര്‍മിക്കുന്നു. സ്മാര്‍ട്സിറ്റി പദ്ധതിയിലെ 246 ഏക്കറില്‍ 2.61 ലക്ഷം ച.അടിയില്‍ നിര്‍മിക്കുന്ന ഐടി ടവറിനായുള്ള കരാറില്‍ സ്മാര്‍ട്സിറ്റിയും പ്രസ്റ്റീജ് ഗ്രൂപ്പും ഒപ്പുവെച്ചു.
കേരളത്തിന്റെ അഭിമാന പദ്ധതിയായ സ്മാര്‍ട്സിറ്റിയുടെ കോ-ഡെവലപ്പര്‍മാരാകാന്‍ പ്രമുഖ കമ്പനികളെത്തുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് കൊച്ചി സ്മാര്‍ട്സിറ്റി എംഡിയും സിഇഒയുമായ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: