ന്യൂദല്‍ഹി/കൊച്ചി: ഉന്നത നിലവാരമുള്ള സുഗന്ധദ്രവ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില് അണിനിരത്തി സ്പൈസസ് ബോര്‍ഡ് സിഗ്നേച്ചര്‍ ഷോപ്പുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ‘സ്പൈസസ് ഇന്ത്യ’ എന്ന ബ്രാന്‍ഡില്‍ രണ്ട് ഷോറൂമുകള്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സുഗന്ധവ്യഞ്ജനങ്ങള്‍ക്കു പുറമെ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത ചോക്ലേറ്റ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സോപ്പ്, ഷാംപൂ തുടങ്ങിയവയും ഷോറൂമുകളില്‍ ഇടം നേടിയിട്ടുണ്ട്.
ശുദ്ധിയും ഗുണമേന്മയും ഇത്തരം സ്ഥാപനങ്ങളുടെ മുഖമുദ്രയായിരിക്കുമെന്ന് വെസ്റ്റ് ദല്‍ഹി ജനക്പുരിയിലെ ദില്ലി ഹാട്ട് പ്ലാസയിലേയും ജന്‍പഥ് റോഡിലേയും ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര വാണിജ്യ സെക്രട്ടറി രാജീവ് ഖേര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വളരെ പ്രിയപ്പെട്ട സുഗന്ധവ്യഞ്ജനങ്ങള്‍ ഇപ്പോള്‍ ആഗോളപ്രീതി നേടിക്കഴിഞ്ഞു.
ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മികച്ച പാക്കിംഗും പ്രോസസ്സിംഗും ബ്രാന്‍ഡിങ്ങും അനിവാര്യമാണ്. വിവിധ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് അറിവു പകരുന്ന കിയോസ്കുകള്‍ ഓരോ ഔട്ട്ലെറ്റിലും സ്ഥാപിക്കാമെന്ന ആശയവും അദ്ദേഹം മുന്നോട്ടു വച്ചു.
മുളക്, ജീരകം, കറുവപ്പട്ട, ഏലം, ഗ്രാംപൂ എന്നീ രുചികളിലെത്തുന്ന ചോക്ലേറ്റ് ബാറുകളാണ് സ്പൈസസ് ഇന്ത്യ ഷോറൂമിലെ ഏറ്റവും ശ്രദ്ധയമായ വിപണനവസ്തു. ജാതി, ഗ്രാംപൂ, ഏലം, പുതിന, വാനില, കറുവപ്പട്ട എന്നിവയുടെ സുഗന്ധമുള്ള മെഴുകുതിരികളാണ് മറ്റൊരു പ്രധാന ഉല്‍പ്പന്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: