പാറമ്പുഴയും വൈക്കവും മലയാളിക്ക് നല്കുന്ന പാഠമെന്താണ്. പാലുകൊടുക്കുന്ന കൈകളില്‍ത്തന്നെ കടിക്കുന്നവര്‍ മലയാളിക്ക് ഭീഷണിയാകുന്നു? ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്ര കുമാറും ഡെബന്നാഥ്ദേവും നല്കിയ പ്രഹരങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ തേടി അനുസ്യൂതം മലയാളമണ്ണിലേയ്ക്ക് ചേക്കേറിയപ്പോള്‍ മലയാളി മനസ്സില്‍ ആശങ്കയും ആകുലതയും വര്‍ദ്ധിച്ചു. കുറഞ്ഞ കൂലിക്ക് കൂടുതല്‍ പണിചെയ്യിക്കാമെന്ന മലയാളിയുടെ വക്രബുദ്ധി അവനുതന്നെ തിരിച്ചടിയാവുകയാണ്.
കോട്ടയം തിരുവഞ്ചൂരിന് സമീപം ഡ്രൈക്ലീന്‍ സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്തിയ ഫിറോസാബാദ് സ്വദേശി നരേന്ദ്രന് ഉടമയുടെ കുടുംബത്തിലെ ഒരാളൊഴികെ മുഴുവന്‍ പേരെയും കൊലപ്പെടുത്തി കടന്നുകളഞ്ഞത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു.
സ്ഥാപനത്തിന്റെ ഉടമയായ തുരുത്തേല്‍ കവലയില്‍ മൂലേപ്പറമ്പില്‍ റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് ലാലസന്‍ (70), ഭാര്യ കോട്ടയം ജില്ലാ ആശുപത്രിയിലെ നേഴ്സ് പ്രസന്നകുമാരി (54), മകന് പ്രവീണ്‍ലാല്‍ (28) എന്നിവരെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു. തൊഴില്‍ തേടിയെത്തിയ നരേന്ദ്രന് തൊഴിലും ഭക്ഷണവും താമസവും നല്കിയ ലാലസന്റെ കുടുംബം അവസാനം നരേന്ദ്രന്റെ കൈകൊണ്ട് തന്നെ ഇല്ലാതായി. കൊലപാതകത്തിന് ശേഷം പ്രസന്നകുമാരിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ചത് കൂടാതെ ചെവിയറുത്ത് കമ്മല്‍ കൈക്കലാക്കിയപ്പോള്‍ ക്രൂരതയുടെ മുഖമായിരുന്നു നരേന്ദ്രന്റേതെന്ന് വ്യക്തം.
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളില്‍ മോഷണക്കേസ് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. പാറമ്പുഴ കൊലപാതകം നടന്ന ദിവസം തന്നെ വൈക്കം തലയാഴത്ത് അസം സ്വദേശിയെ സ്വന്തം നാട്ടുകാരന്‍കൂടിയായ സുഹൃത്ത് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി തോട്ടില്‍ തള്ളിയ സംഭവമുണ്ടായി. പണത്തിന് വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ഒരു വലിയ സമൂഹം കേരളത്തില്‍ രൂപപ്പെട്ടുവരികയാണ് എന്നതിന് തെളിവുകളാണ് ഈ സംഭവങ്ങള്‍. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന ഇവരുടെ പൂര്‍വ്വകാല ചരിത്രമോ ക്രിമിനല്‍ പശ്ചാത്തലമോ എന്തിന് ഏത് രാജ്യക്കാരനാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാന ഭരണകൂടം.
അന്യസംസ്ഥാന തൊഴിലാളികളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പോലീസിന്റെ പക്കല്‍ പോലും ഇല്ലെന്നുള്ളത് ഗൗരവം അര്‍ഹിക്കുന്നു. ബംഗാള്‍, യുപി, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന തൊഴിലാളികളില്‍ പലരും ഈ സംസ്ഥാനക്കാരല്ലെന്നും അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ബംഗ്ലാദേശുകാരായവര് പോലും ഈ കൂട്ടത്തിലുണ്ടെന്നുള്ളതാണ് ഏറെ ഭയപ്പെടുത്തുന്നത്. ഇവരില്‍ പലരും തീവ്രവാദ ബന്ധമുള്ളവരും കൊടും ക്രിമിനല്‍ പശ്ചാത്തലവും ഉള്ളവരാണ്. തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്ന കരാറുകാരുടെ കൈവശം ഇവരെ സംബന്ധിച്ച പൂര്‍ണ്ണ വിവരവും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകണമെന്നാണ് നിയമം. എന്നാല്‍ നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത് തന്നെയാണ് അക്രമങ്ങള്‍ നടത്തിയ ശേഷം ഇവര്‍ രക്ഷപെടുന്നതിന് ഇവര്‍ക്ക് സഹായകമാകുന്നതും.
ഇന്ന് ചായക്കടയിലും നിര്‍മ്മാണ മേഖലയിലും തെങ്ങ് കയറാനും മൈക്കാട് ജോലിക്കും റോഡ് ടാറിംഗിനും കൃഷിപ്പണിക്കും അന്യസംസ്ഥാന തൊഴിലാളിയാണ് ആശ്രയം. ഇടുക്കി, വയനാട് ജില്ലകളിലെ വനപ്രദേശങ്ങളില്‍ ഈറ്റവെട്ടുന്നത് ഒരുകാലത്ത് തമിഴ്നാട്ടുകാരുടെ കുത്തകയായിരുന്നു. എന്നാല്‍ ഈ മേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. ഈ അനുകൂലസാഹചര്യമെല്ലാം പ്രയോജനപ്പെടുത്തികൊണ്ടാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ 37 വര്‍ഷം ഭരിച്ച് തകര്‍ത്ത് തരിപ്പണമാക്കിയ പശ്ചിമ ബംഗാളില്‍ നിന്നുംചെറുപ്പക്കാര് കേരളത്തില്‍ എത്തുവാന്‍ തുടങ്ങിയത്. ഇതോടൊപ്പംതന്നെ യുപി, അസം,, മേഘാലയ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും തൊഴില്തേടിചെറുപ്പക്കാര് എത്തുന്നുണ്ട്.
ബംഗ്ലാദേശികളും ഏറെയുണ്ട് ഇന്ന് കേരളത്തില്‍. കേരളത്തിലെ തൊഴിലാളികള്‍ക്ക് 600 ഉം 700 ഉംകൂലിയുള്ളപ്പോള് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരമാവധി 400രൂപയാണ് കൊടുക്കുന്നത്. ഈ തൊഴിലാളികള്‍ പലപ്പോഴും സമയം നോക്കാതെയാണ് ജോലിചെയ്യുന്നത്. ഇവിടെയും ഇവര്പലപ്പോഴും ചൂഷണവിധേയരാകുന്നുണ്ട്. മാസങ്ങളോളം ജോലിചെയ്യിച്ചിട്ട് പ്രതിഫലംകൊടുക്കാതെ ഭീക്ഷണിപ്പെടുത്തി ഓടിക്കുന്ന സംഭവങ്ങള്‍ കേരളത്തിന്റെ വിവിധ പോലീസ്സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാതൃകയായി അന്വേഷണ സംഘം
പാറമ്പുഴ കൊലപാതകം നടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിയെ കണ്ടെത്തി അന്വേഷണ സംഘം മാതൃകയായി. മൂന്ന് പേരെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്താന്‍ കുറഞ്ഞത് നാലുപേരെങ്കിലും അക്രമി സംഘത്തിലുണ്ടാവുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കൊലയാളിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലും അന്വേഷണ സംഘം നടത്തിയ ചടുലവും ശാസ്ത്രീയവുമായ അന്വേഷണമാണ് പ്രതിയെ ഒരാഴ്ച്ചക്കുള്ളില്‍ പിടികൂടാന്‍ കാരണമായത്. കാഞ്ഞിരപ്പള്ളി-കോട്ടയം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതി നരേന്ദ്ര കുമാറിന്റെ രേഖാചിത്രം വരച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിലെ സിപി ഒ.രാജേഷും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തുമ്പുകള്‍ കിട്ടാതെ ഇഴഞ്ഞുനീങ്ങുന്ന കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലീസിന്റെ ഈ നേട്ടം സഹായകമാകുമെന്നും പ്രതീക്ഷിക്കാം.
മലയാളിയെ ഭയപ്പെടുത്തുന്ന മറുനാട്ടുകാര്‍
സ്വന്തം മണ്ണില്‍ പണിയെടുക്കാന്‍ മലയാളികള്‍ മറന്നപ്പോള്‍ ആ ഇടം മറുനാട്ടുകാര്‍ കൈയേറി. പിന്നീട് അവന് അവിടെ ആധിപത്യം ഉറപ്പിച്ചു. തന്റെ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൂലി മലയാളക്കര വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ ഒന്നടങ്കം കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തി. റോഡരികില്‍ കുഴികുത്താന്‍ മാത്രമല്ല, ഹോട്ടലുകളില്‍ പൊറോട്ടയടിക്കാനും നെല്ലുകൊയ്യാനും വരെ അവര്‍ തയ്യാറായി. ഒടുവിലവന് ഇന്നാട്ടുകാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരത്തിലാണ് അന്യസംസ്ഥാനത്തൊഴിലാളികള്‍ ഏറെയുള്ളത്. ഞായറാഴ്ച ദിവസം മലയാളിക്ക് വഴിനടക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് അന്നവര്‍ വീഥികള്‍ കൈയടക്കുക. കേരളത്തില്‍ അന്യസംസ്ഥാനക്കാര്‍ പണിയെടുക്കാത്ത ഒരിടവും ഉണ്ടാവില്ല. അവര്‍ക്കുവേണ്ടി നാം അവരുടെ ഭാഷ പഠിച്ചെടുത്തു.
പെട്ടന്നൊരു സുപ്രഭാതത്തില്‍ പണക്കാരനാവാന്‍ വേണ്ടി കേരളത്തിലെത്തിയതാണോ ഇവര്‍?.അല്ല എന്നും പറയാന്‍ സാധിക്കില്ല.
മെയ് 18 ന് നടന്ന പാറമ്പുഴ കൊലപാതകം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തികച്ചും ആസൂത്രിതമായ കൊലപാതകം. അവസരം ഒത്തുവന്നപ്പോള്‍ കൃത്യം നടപ്പാക്കി പ്രതി നരേന്ദ്രകുമാര്‍ രക്ഷപെട്ടു. ഇതുപോലെ ചെറുതും വലുതുമായ എത്ര കുറ്റകൃത്യങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായിട്ടുള്ളത്. അറിഞ്ഞതും അറിയപ്പെടാത്തതുമായ എത്രയേറെ കേസുകള്‍.
ഇവിടെയാണ് മലയാളികള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം ഉടലെടുക്കുന്നത്. പശ്ചിമബംഗാള്‍, ബീഹാര്‍, ഒറീസ, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തില്‍ തൊഴിലന്വേഷിച്ച് എത്തുന്നവരില്‍ അധികവും. ഇവര്‍ക്ക് തൊഴില്‍ നല്കുന്നവരായ മലയാളികല്‍ ഇവരെക്കുറിച്ച് വേണ്ടത്ര അന്വേഷണവും നടത്തുന്നില്ല. കാര്യം നടന്നാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. തൊഴില്‍തേടിയെത്തി ഇവിടെത്തന്നെ വേരുറപ്പിക്കുന്നതാണ് കണ്ടുവരുന്നത്.
കടുത്ത ജീവിതസാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടിവരുന്നവരുടെ മനസിലും കുറ്റവാനസയുണ്ടായിരിക്കും. സാഹചര്യം ഒത്തുവന്നാല്‍ അവനിലെ കുറ്റവാളി പുറത്തുചാടുകതന്നെ ചെയ്യും. ഇതൊന്നും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്നില്ല.
ഒരു ദിവസം വാര്‍ത്തയാകുന്ന മോഷണ, കൊലപാതക കേസുകളില്‍ ഒരു പ്രതിയെങ്കിലും അന്യസംസ്ഥാനക്കാരനാണ് എന്നും പറയേണ്ടിയിരിക്കുന്നു.
മൊബൈല്‍ മോഷണം, പിടിച്ചുപറി, പീഡനം എന്തിനേറെ ലഹരിമരുന്ന് കടത്തുവരെ ഇവര്‍ നടത്തുന്നുണ്ട്. കവര്ച്ചയ്ക്കുവെണ്ടി ആളെ കൊല്ലുന്നവര്‍, അതിനുശേഷം രക്ഷപെടുകയാണ് പതിവ്. ഇങ്ങനെ മുങ്ങുന്നവരെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങളോ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടാവുകയുമില്ല. കാരണം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കെത്തിയാല്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ല.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നതിനായാണ് അന്യസംസ്ഥാനക്കാരെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നത്. ഏജന്റുമാരാണ് ഇവരെ ഇങ്ങോട്ടെത്തിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും 400 രൂപയാണ് ദിവസക്കൂലി. തൊഴിലാളിയുടെ പേരുപറഞ്ഞ് നിര്‍മാതാക്കളില്‍ നിന്നും നല്ലൊരു തൂക വാങ്ങുന്ന കരാറുകാര്‍ തൊഴിലാളിക്ക് കൊടുക്കുന്നത് ശരാശരി 400 രൂപയാണ്.
കേരളത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികളെകൊണ്ട് ഏറെ നേട്ടം ഉണ്ടാക്കുന്നത് ഇവിടുത്തെ പാന്‍മസാല കച്ചവടക്കാരാണ്. പാന്‍മസാല കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നുംതന്നെ ഫലപ്രദമല്ല. നാട്ടിന്‍പുറങ്ങളില്‍പോലും പണിയെടുക്കുന്നത് അന്യസംസ്ഥാനക്കാരാണ്. ഇവരെപ്പറ്റി തൊട്ടയല്പക്കത്തു താമസിക്കുന്നവര്‍ക്ക് യാതൊന്നും തന്നെ അറിയില്ല. ആരും ഇവരുമായി അധികം ഇടപഴകാറില്ല എന്നതാണ് വാസ്തവം. സാധാരണ ഗതിയില്‍ മറുനാട്ടുകാര്‍ താമസത്തിന് വരുമ്പോള്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും പൊലീസ് സ്റ്റേഷനില്‍ നല്‍കണം. സ്റ്റേഷനിലെ ബി.സി റോളിലെ (എ) ഫോറം പൂരിപ്പിക്കണം.
മൂന്ന് പേജടങ്ങുന്ന ഈ ഫോറം പൂരിപ്പിച്ച് ഏത് സംസ്ഥാനത്തെ താമസക്കാരനാണോ അവിടുത്തെ സ്റ്റേഷനിലേക്കയക്കണം. അവിടെ അന്വേഷണം നടത്തി ഇയാളുടെ പേരില്‍ കേസുകളുണ്ടോ എന്ന് വ്യക്തമാക്കി ആയതിന്റെ കോപ്പി തിരിച്ച് ഇവിടുത്തെ സ്റ്റേഷനിലേക്കയക്കണം എന്നാണ് നിയമം. പല സ്റ്റേഷനുകളിലും ഇതിന് നടപടിയുണ്ടാകുന്നില്ല. ഇതെല്ലാം വല്യ ചടങ്ങാണെന്നാണ് പോലീസിന്റെ ഭാവം. അത്തരം സമീപനമാണ് പ്രശ്നം. ഇത്തരത്തില്‍ കേരളത്തിലേക്ക് കുടിയേറ്റം നടത്തുന്നത് ബംഗ്ലാദേശിയാണോ പാക്കിസ്ഥാനിയാണോ എന്നുപോലും പലര്‍ക്കും അറിയില്ല. എന്നാല്‍ ചിലരുടെ പെരുമാറ്റ രീതികള്‍ സമീപവാസികളില്ത്തന്നെ സംശയം ഉണ്ടാക്കാറുണ്ട്. ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ചിലര്‍ വരികയും രഹസ്യകൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യുന്നതാണ് കാരണം. എന്നാല്‍ ഭയം കാരണം ആരും ഇത് ചോദ്യം ചെയ്യാറില്ല.
നമ്മുടെ പ്രതികരണശേഷിയില്ലായ്മയെ, അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരാണ് മലയാളികള്‍ എന്ന ധാരണയെ ഇവര്‍ മുതലെടുക്കുന്നുണ്ടോ എന്നറിയണമെങ്കില്‍ അതിന് തക്കതായ എന്തെങ്കിലും സംഭവം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നേക്കാം. കേരളത്തില്‍ ജോലി തേടി എത്തുന്നവര്‍ക്ക് ഈ മണ്ണിനോട് കൂറുകാട്ടേണ്ട ആവശ്യമില്ല. പക്ഷേ അവര്‍ നമുക്കൊരു പേടിസ്വപ്നമായി മാറുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനൊരു പരിഹാരം കാണേണ്ടത് ആവശ്യമാണ്. സംസ്ഥാനത്ത് എത്രത്തോളം മറ്റുസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം തേടുകയും ബന്ധപ്പെട്ട രേഖകളില്ലാത്തവരെ തിരിച്ചയക്കുകയും ചെയ്യാന്‍ ഇനിയും താമസിച്ചാല്‍ പാറമ്പുഴപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: