കൊച്ചി: ചാര്‍ജറുകളെ മൊബൈലിന്റെ ഭാഗമായി കണക്കാക്കണമെന്നും അതിന് പ്രത്യേകം നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന് (ഐസിഎ) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു.
മൊബൈലിന്റെ ഭാഗമായി ഒരു ഹാന്‍ഡ്സെറ്റ് പാക്കായാണ് ചാര്‍ജറുകള്‍ വരുന്നത്. അതുകൊണ്ടു തന്നെ അത് ഏക യൂണിറ്റായി കാണണമെന്നും അതിന് പ്രത്യേകം വാറ്റ് ചുമത്തരുതെന്നും ഐസിഎ പറഞ്ഞു. രാജ്യാന്തര തലത്തില്‍ അംഗീകരിച്ചിട്ടുള്ള നികുതി സമ്പ്രദായങ്ങള്‍ കേരള സര്‍ക്കാരും തുടരണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
പ്രത്യേകം നികുതി ഏര്‍പ്പെടുത്തുന്നതിനായി മൊബൈല്‍ ചാര്‍ജറുകളെ സ്വതന്ത്ര വസ്തുവായി പരിഗണിച്ച അനുചിതവും ഹാനികരവുമായ നടപടികളില്‍ നിന്നും സംസ്ഥാന നികുതി വകുപ്പിനെ തടയണമെന്ന് ഐസിഎ ദേശീയ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രൂ ആവശ്യപ്പെട്ടു. മൊബൈലുകളോടൊപ്പമുള്ള ചാര്‍ജറുകള്‍ക്ക് രാജ്യാന്തര തലത്തിലെങ്ങും പ്രത്യേക നികുതി ചുമത്തുന്ന സമ്പ്രദായമില്ല. രാജ്യത്തെ ഇലക്ട്രോണിക് സിസ്റ്റം രൂപകല്‍പ്പനയ്ക്കും ഉല്‍പ്പാദനത്തിനും (ഇഎസ്ഡിഎം) ഹാനികരമാണ് സംസ്ഥാന നികുതി വകുപ്പിന്റെ നടപടികളെന്നും കത്തില്‍ വ്യക്തമാക്കുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യ കരുത്തേറിയ ഒരു മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണ് നികുതി വകുപ്പിന്റെ ഇത്തരം ഹാനികരമായ നടപടികളെന്നും അദേഹം ആരോപിച്ചു. രാജ്യാന്തര തലത്തില്‍ മല്‍സരിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള രീതികളും അംഗീകരിക്കണമെന്നും മൊഹീന്ദ്രൂ ചൂണ്ടിക്കാട്ടി.
മൊബൈല്‍ ഉല്‍പ്പാദകര്‍, ബ്രാന്‍ഡ് ഉടമകള്‍, സേവന ദാതാക്കള്‍, വിതരണക്കാര്‍, റിട്ടെയ്ലുകാര്, മികച്ച ഉപഭോക്താക്കള്‍ തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള മൊബൈല്‍ വ്യവസായ രംഗത്തെ ഉന്നത സമിതിയാണ് ഐസിഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: