ന്യൂദല്‍ഹി: രാജ്യത്തെ നിരത്തിലൂടെ ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുന്‍പാകെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിനും ഐആര്ഡിഎക്കും റിട്ട. ജസ്റ്റിസ് കെ. രാധാകൃഷ്ണന് അധ്യക്ഷനായ സമിതി നിര്‍ദേശം നല്കി.
ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചിട്ടും പല വാഹന ഉടമകളും പുതുക്കാന്‍ തയാറായിട്ടില്ലെന്ന് ഐആര്‍ഡിഎ ഈ മാസം ആദ്യം അറിയിച്ചതായി ജസ്റ്റിസ് രാധാകൃഷ്ണന് പറഞ്ഞു.
രാജ്യത്തെ നിരത്തില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്. ആകെ വാഹനങ്ങളില്‍ 82 ശതമാനവും സ്വകാര്യ വാഹനങ്ങള്‍.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരുചക്ര വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹന ഉടമകളുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യവുമായി ഗതാഗത മേഖലയിലെ വിദഗ്ധര്‍ സമിതിയെ സമീപിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന് വിലകല്‍പ്പിക്കാത്ത ഇത്തരക്കാര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്ഷുറസില്ലാതെ വാഹനമോടിക്കുന്ന കാര്യം രണ്ടു വര്‍ഷം മുന്‍പുതന്നെ ഐആര്‍ഡിഎയെ ധരിപ്പിച്ചുവെന്നും, ഇത്തരക്കാരുടെ വിവരം ശേഖരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പുതുതായി കൊണ്ടുവരുന്ന റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബില്‍ ഇത്തരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നിര്‍ദേശിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് രാധാകൃഷ്ണന് സമിതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി കഴിഞ്ഞദിവസം സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: