കൊച്ചി: കേരോത്പന്നങ്ങളുടെ നിര്‍മ്മാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര ടെക്നോളജി മിഷന് പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 21.209 കോടിയുടെ 19 പദ്ധതികള്‍ക്ക് അനുമതി നല്കി.
ഇവയ്ക്കായി 4.256 കോടി രൂപയുടെ സബ്സിഡിയും അനുവദിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി. കെ. ജോസിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
19 പദ്ധതികളില്‍ അഞ്ചെണ്ണം ഗവേഷണ പദ്ധതികളും 13 എണ്ണം നാളികേര സംസ്കരണത്തിനും ഉല്പന്ന വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികളും ഒരെണ്ണം മാര്‍ക്കറ്റ് പ്രമോഷനുള്ള പദ്ധതിയുമാണ്.
കേരളത്തില്‍ പ്രതിദിനം 15000 തേങ്ങ സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ സംസ്കരണ യൂണിറ്റിന് അനുമതി ലഭിച്ചു.
മൈസൂര്‍ സി.എഫ്.ടി.ആര്.ഐ (സി.എസ്.ഐ.ആര്)യിലെ ശാസ്ത്രജ്ഞന് ഡോ. കെ.എസ്.എം.എസ്. രാഘവ റാവു, കായംകുളം റീജണല്‍ സി.പി.സി.ആര്.ഐ റിസര്‍ച്ച് സ്റ്റേഷന്റെ തലവന്‍ ഡോ. വി. കൃഷ്ണകുമാര്‍, തിരുവനന്തപുരത്തെ നബാര്‍ഡ് റീജിയണല്‍ ഓഫീസിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉഷ കെ., കൊച്ചി ഡി.എം.ഐയിലെ അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ് അഡൈ്വസര്‍ ഡോ. അനില്‍കുമാര്‍ ആര്, കൊച്ചി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ അസിസ്റ്റന്റ് മാനേജര്‍ മാര്‍ട്ടീന യോഹന്നാന്, നാളികേര വികസന ബോര്‍ഡിന്റെ മുഖ്യ നാളികേര വികസന ഓഫീസര്‍ സുഗതഘോഷ്, സെക്രട്ടറി ഡോ. എ. കെ. നന്തി, ഡയറക്ടര്‍ രാജീവ് പി. ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഹേമചന്ദ്ര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: