കൊച്ചി: 2014 – 15 വര്‍ഷത്തെ ഇന്ത്യയില്‍ നിന്നുള്ള നാളികേര ഉല്‍പ്പന്ന കയറ്റുമതി മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി നാളികേര വികസന ബോര്‍ഡ് വ്യക്തമാക്കി. കയറും കയറുല്‍പ്പന്നങ്ങളും ഒഴികെയുള്ള നാളികേരോല്‍പ്പന്നങ്ങളുടെ കയറ്റുമതി 1311.45 കോടി രൂപയായി ഉയര്‍ന്നു.
2013 – 14 സാമ്പത്തിക വര്‍ഷം നാളികേരോല്‍പ്പന്ന കയറ്റുമതി 1156.12 കോടി രൂപയുടേതായിരുന്നു. ഇതില്‍ ഉത്തേജിത കാര്‍ബണിന്റെ മാത്രം വിഹിതം 558 കോടി രൂപയുടേതാണ്. എന്നാല്‍ ഉത്തേജിത കാര്‍ബണിന്റെ 2014-15 ലെ കയറ്റുമതി, 2013 – 14 വര്‍ഷത്തേക്കാള്‍ മൂല്യത്തിലും അളവിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തേജിത കാര്‍ബണ്‍ നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുവായ ചിരട്ടക്കരിയുടെ ആഭ്യന്തര വില ഉയര്‍ന്ന നിലയില്‍ തുടരുകയും ഇന്ത്യന്‍ നിര്‍മ്മിത ഉത്തേജിത കാര്‍ബണിന്റെ അന്താരാഷ്ട്ര മത്സരക്ഷമത കുറയുകയും ചെയ്തതിനാലാണ് കയറ്റുമതിയില്‍ നേരിയ ഇടിവ് സംഭവിച്ചത്. ചിരട്ടക്കരിയുടെ ആഭ്യന്തര വില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ 2015 – 16 വര്‍ഷത്തിലെ ഉത്തേജിത കാര്‍ബണ്‍ കയറ്റുമതിയില്‍ നിലവിലെ സ്ഥിതി തുടര്‍ന്നേക്കും.
2014 – 15 വര്‍ഷത്തില്‍ ഉണ്ട കൊപ്രയുടെ പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി 183.06 കോടി രൂപയുടേതായിരുന്നു. വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ കയറ്റുമതി മൂല്യത്തിലും അളവിലും മുന്‍വര്‍ഷത്തേക്കാള്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. 2014 – 15 ല്‍ 4.91 കോടിയില്‍ നിന്ന് 24.72 കോടിയായി ഉയര്‍ന്നു. 2015 – 16 വര്‍ഷം വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ കയറ്റുമതിയില്‍ കാര്യമായ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓര്‍ഗാനിക്ക് വെര്‍ജിന്‍ കോക്കനട്ട് ഓയിലിനായി വര്‍ദ്ധിച്ച അന്വേഷണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ 2015 – 16 വര്‍ഷത്തെ കയറ്റുമതി 2014 – 15 ലെ കയറ്റുമതിയായ 815.97 മെട്രിക് ടണ്ണില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 2000 മെട്രിക് ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: