തിരുവനന്തപുരം: ഒന്നരവര്‍ഷം മുന്‍പ് ചെയ്തുതീര്‍ത്ത പണികള്‍ക്ക് നല്കുവാനുള്ള പണം ബാങ്ക് ഡിസ്കൗണ്ടിംഗ് സമ്പ്രദായപ്രകാരം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് കരാറുകാരെ കടക്കെണിയിലാക്കും. 2014 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസത്തെ കുടിശികയാണ് 10.5 ശതമാനം പലിശനിരക്കില്‍ ഡിസ്കൗണ്ടിംഗ് സമ്പ്രദായത്തിലൂടെ ബാങ്കുവഴി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം.
കഴിഞ്ഞ 18 മാസമായി സര്‍ക്കാര്‍ കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 3000 കോടിരൂപയാണ്. നാലുമാസത്തെ ബില്ല് ധനവകുപ്പിനു കൈമാറി അനുമതി നേടണം. ബാങ്കിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്കി കരാറുകാരന് തുക കൈപ്പറ്റുമ്പോള്തന്നെ നാലുമാസത്തെ പലിശകൂടി മുന്‍കൂര്‍ പിടിച്ചെടുക്കുന്ന വിചിത്ര രീതിയാണ് ഡിസ്കൗണ്ടിംഗ് സമ്പ്രദായം.
ഇറിഗേഷന്‍, ബില്‍ഡിംഗ്സ്, റോഡ് എന്നിങ്ങനെ മൂന്നു മേഖലയിലാണ് ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടിംഗ് സമ്പ്രദായപ്രകാരം ഇറിഗേഷന്‍ വിഭാഗത്തിലും ബില്‍ഡിംഗ് വിഭാഗത്തിലുമായി കുടിശിക ഇനത്തില്‍ 500 കോടിയോളം രൂപ 2015 മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കാമെന്നതാണ് സര്‍ക്കാര്‍ നയം.
ശേഷിക്കുന്ന 2500 കോടിരൂപ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് നല്കുവാനുള്ളതാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2500 കോടിയുടെ ബില്ല് പരിഗണിക്കാമെന്ന വാഗ്ദാനം നല്കി തടിതപ്പാമെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കേരളത്തിലാകെ 12000ത്തോളം കരാറുകാരും രണ്ടുലക്ഷത്തിലധികം തൊഴിലാളികളും സര്‍ക്കാരിന്റെ ക്രൂരതമൂലം പട്ടിണിയിലേക്കാണ് വഴുതി വീഴുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മൂന്ന് കരാറുകാരാണ് കേരളത്തില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. ഇരുന്നൂറോളം കരാറുകാര്‍ കിടപ്പാടമുള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലായി. സര്‍ക്കാര്‍ ടെണ്ടര്പ്രകാരം നിര്‍മ്മാണജോലികള്‍ ഏറ്റെടുത്ത് പണം ലഭിക്കാതെ ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന ആയിരക്കണക്കിന് കരാറുകാരാണ് സംസ്ഥാനത്തുള്ളത്.
സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഉദേ്യാഗസ്ഥ- രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പടി നല്കി കഴിഞ്ഞ് തുച്ഛമായ ലാഭമാണ് കരാറുകാര്‍ക്ക് ലഭിക്കുന്നത്. ബാങ്ക് വായ്പയും കൈവായ്പയും വാങ്ങി പണി പൂര്‍ത്തിയാക്കി കഴിഞ്ഞ് ബില്ലുമാറി കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കുന്നതോടെ തങ്ങളുടെ ലാഭവും മുതലിന്റെ വലിയൊരു ഭാഗവും പലിശ ഇനത്തില്‍ നല്‍കേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. കൂടാതെ വെല്‍ഫയര്‍ ഫണ്ട്, വില്പന നികുതി, ആദായ നികുതി എന്നിങ്ങനെ പിഴിയാവുന്നതിന്റെ അങ്ങേയറ്റം പിഴിഞ്ഞെടുത്തുകഴിയുമ്പോള് ഗവണ്മെന്റ് കരാറുകാരന്റെ നടുവൊടിയും.
ഇതുകൂടാതെ പാര്‍ട്ടി ഫണ്ട്, പ്രാദേശിക നേതാക്കള്‍ക്കുള്ള കൈമണി ഇവയൊക്കെ കരാറുകാരെനെ പിച്ചച്ചട്ടിയെടുപ്പിക്കുകയാണ്. കരാറുകാരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്ക് ഡിസ്കൗണ്ടിംഗ് സമ്പ്രദായം കൂടി നിലവില്‍ വന്നതോടെ പലരും കരാര്‍പണി ഉപേക്ഷിച്ച് കൂലിപ്പണി തേടുകയാണത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: