ആലപ്പുഴ: പോളിഹൗസുകള്‍ കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമാകുന്നു. സാധാരണഗതിയില്‍ നിന്ന് പത്തിരട്ടിയിലേറെയാണ് പോളിഹൗസിലെ കൃഷിയില്‍ നിന്നുള്ള ഉത്പാദനക്ഷമത. സംസ്ഥാനത്ത് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ 708 പോളിഹൗസ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതായാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നല്കുന്ന വിവരം. ഇവ നിര്‍മ്മിക്കുന്നതിനായി 1.39 കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കിയിട്ടുണ്ട്.
ഉത്പാദനക്ഷമതയിലെ ഉയര്‍ന്ന തോതാണ് പോളിഹൗസുകളുടെ പ്രധാന ആകര്‍ഷണീയത. സലാഡ് വെള്ളരി പോളിഹൗസില്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് 600 ചതുരശ്ര മീറ്ററില്‍ എട്ട് ടണ്‍ വരെ ലഭിച്ചു. ഒരു ഹെക്ടറിന് 133.33 ടണ്‍ എന്ന നിരക്കില്‍ ഉത്പാദനക്ഷമത ലഭ്യമാക്കാന്‍ സാധിച്ചതായാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കണക്ക്. തുറസായ സ്ഥലത്ത് ഉത്പാദന ക്ഷമത കേവലം 10 മുതല്‍ 15 ടണ്‍ വരെ മാത്രമാണ് പയര്‍ ഉത്പാദനത്തിലും ഇതേ സ്ഥിതിയാണുള്ളത്.
പോളിഹൗസുകളില്‍ 600 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ നിന്നും 2.5 ടണ്‍ പയര്‍ ലഭിച്ചു. ഒരു ഹെക്ടറില്‍ 41.66 ടണ്ണാണ് ഉത്പാദന ക്ഷമത. തുറസായ സ്ഥലങ്ങളില്‍ പയറിന്റെ ഉത്പാദനം 10 മുതല്‍ 20 ടണ്‍ വരെയാണ്. ക്യാപ്സിക്കത്തിന് പോളിഹൗസില്‍ 10.5 ടണ്‍ ഉത്പാദനവും 175 ടണ്‍/ഹെക്ടര്‍ ഉത്പാദനക്ഷമതയും ലഭിച്ചു. സാധാരണ കൃഷിയിടങ്ങളില്‍ 12 മുതല്‍ 15 ടണ്‍ വരെ മാത്രമാണ് ഉത്പാദനക്ഷമത.
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന പോളിഹൗസുമായി ബന്ധപ്പെട്ടും നിരവധി ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണം ഉയരുന്നതാണ് ദൗര്‍ഭാഗ്യകരം. സ്വകാര്യ ഏജന്‍സികളാണ് കര്‍ഷകര്‍ക്ക് പോളിഹൗസുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ആകെ മുതല്‍മുടക്കിന്റെ പകുതിയോളം രൂപം സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ നല്കുന്നു. കൂടാതെ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയും ലഭ്യമാകുന്നു. സബ്സിഡി തുകയും വായ്പയും മാത്രം ലക്ഷ്യമാക്കി ഈ രംഗത്തേക്ക് കടന്നുവരുന്ന വ്യാജകര്ഷകരും നിരവധിയാണ്. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: