മഹാത്മാഗാന്ധി ഇങ്ങനെയെഴുതി. ”കേരളത്തില്‍ അയിത്തോച്ചാടനത്തിന്റെ തറക്കല്ല് പാകിയ രണ്ട് നാമങ്ങളായി ഞാന്‍ എപ്പോഴും ഓര്‍ക്കുന്നത് ടി.ആര്.കൃഷ്ണസ്വാമിയുടെയും കെ.കേളപ്പന്റേതുമാണ്. വൈക്കം സത്യഗ്രഹാശ്രമത്തില്‍ കൃഷ്ണസ്വാമി ആലപിച്ച ഭക്തിഗാനങ്ങള്‍ എന്റെ ചെവിയില്‍ എപ്പോഴും അലയടിച്ചുകൊണ്ടിരിക്കും.”
”കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നുമെന്നും നിലകൊള്ളേണ്ട ഒരു പേരാണ് ടി.ആര്.കൃഷ്ണസ്വാമി അയ്യരുടേത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായില്ല. വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യശില്‍പ്പിയായ ടി.കെ.മാധവന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യുക എന്ന ഉചിതകര്‍മം നിര്‍വഹിക്കുന്ന സമയത്തും ആ സത്യഗ്രഹത്തില്‍ ഒരു പ്രമുഖ പങ്ക് വഹിച്ച കൃഷ്ണസ്വാമി അയ്യരെ ഓര്‍ക്കുവാന്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തിനും ഇന്നത്തെ തലമുറ മറന്നുപോയത് ഖേദകരമാണ്.” മുന്‍ മുഖ്യമന്ത്രിയും പ്രമുഖചിന്തകനുമായ സി.അച്യുതമേനോന്റെ വരികളാണിത്.
ആ മഹാത്മാവിന്റെ 125-ാം ജന്മദിനമാണ് ഏപ്രില്‍ 30 ന്. കഷ്ടി രണ്ടുപതിറ്റാണ്ടുമാത്രം നീണ്ടുനിന്നതാണ് കൃഷ്ണസ്വാമിയുടെ സ്വാതന്ത്ര്യസമര പോരാട്ടം. പക്ഷേ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കേണ്ടത് അദ്ദേഹം തീര്ത്തുവെന്നുപറയാം.
ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ അന്യാദൃശമായ ആത്മാര്‍ത്ഥതയോടെ സ്വീകരിച്ച് ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച കൃഷ്ണസ്വാമിയെപ്പോലെ മറ്റൊരാള്‍ കേരളത്തിലില്ലെന്നു പറയാം.
നൂറ്റാണ്ടുകളായി ചൂഷണത്തിനും ക്രൂരതകള്‍ക്കും അവഗണനയ്ക്കും വിധേയമായിക്കൊണ്ടിരുന്ന പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി കേരളത്തില്‍, ഒരുപക്ഷേ ഭാരതത്തില്‍ തന്നെ അനുകരണീയമായ ഒരു സ്ഥാപനം തുടങ്ങിയത് കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലാണ്. പക്ഷേ കേരളത്തിലെ സ്വാതന്ത്ര്യസമര നേതാക്കളുടെ ഗണത്തില്‍ ഇദ്ദേഹത്തെ ഇനിയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നു പറയാം. ബ്രാഹ്മണ്യം കൊടികുത്തിയകാലത്ത് അതിനെതിരെ അനവരതം പോരാടിയ മറ്റൊരാള്‍ കേരളത്തിലില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ഥത്തില്‍ ജീവിച്ചിരുന്ന ധീരദേശാഭിമാനികളുടെ മുന്‍നിരയില്‍ നില്ക്കുന്ന കൃഷ്ണസ്വാമിയുടെ ജീവചരിത്രത്തിനുവേണ്ടിയുള്ള തീര്‍ത്ഥയാത്ര എക്കാലത്തും സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായിരിക്കും.
കൃഷ്ണസ്വാമി അയ്യര്‍ ജനിച്ച് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും അകത്തേത്തറയിലെ ശബരി ആശ്രമം ഒഴികെ അദ്ദേഹത്തിന്റെ നാമധേയത്തില്‍ മറ്റൊരു സ്ഥാപനവും എവിടെയും പ്രവര്ത്തിക്കുന്നില്ലെന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഗംഭീരമായി ആഘോഷിച്ചെങ്കിലും പിന്നീടത് നിശ്ചലമായി. ഇന്നും പാലക്കാട് കോളേജ് റോഡിലെ മോയന്‍ ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ രണ്ടുസെന്റില്‍ നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രതിമ സംരക്ഷിക്കുവാന്പോലും നഗരസഭയ്ക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്.
തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ മഞ്ഞപ്ര ഗ്രാമത്തില്‍ പി.കെ.രാമസ്വാമി അയ്യരുടേയും അരുന്ധതി അമ്മാളുടേയും പുത്രനായി 1891 ഏപ്രില്‍ 30നായിരുന്നു കൃഷ്ണസ്വാമി അയ്യരുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വിക്ടോറിയയില്‍നിന്നാണ് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയത്. പിന്നീട് നിയമബിരുദവും നേടിയശേഷം തിരക്കുള്ള വക്കീലായി പ്രാക്ട്രീസ് ചെയ്തുകൊണ്ടിരിക്കെയാണ് കര്‍മരംഗം സ്വാതന്ത്ര്യസമരത്തിലേക്ക് തിരിയുന്നത്.
1920 ഡിസംബറില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ആഹ്വാനപ്രകാരമാണ് കൃഷ്ണസ്വാമി അയ്യര്‍ വക്കീല്‍ കുപ്പായം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യസമരത്തിന്റെയും അയിത്തോച്ചാടനത്തിന്റെയും തീച്ചൂളയിലേക്ക് എടുത്തുചാടുന്നത്. അയിത്താചരണത്തെക്കുറിച്ച് ഗാന്ധിജി എഴുതിയ ലേഖനമാണ് അദ്ദേഹത്തിന് പ്രചോദനമായത്. ഹരിയുടെ ജനങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് സവര്‍ണഹിന്ദുക്കള്‍ മുഖ്യപങ്കാളിത്തം വഹിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം സര്‍വാത്മനാ സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. സത്യത്തിന്റെയും അഹിംസയുടേയും പാത പിന്തുടരാന് അവശ്യം പാലിക്കേണ്ട അയിത്തോച്ചാടനത്തിന് ഭാരതമൊട്ടാകെ തുടക്കം കുറിച്ചപ്പോള്‍ ടി.ആര്. കൃഷ്ണസ്വാമി അയ്യരും കെ.കേളപ്പനുമായിരുന്നു കേരളത്തിലെ രണ്ടു മുഖ്യ കണ്ണികള്‍.
ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി മിശ്രഭോജനം നടത്തിയത് കൃഷ്ണസ്വാമി അയ്യരാണ്. അയിത്തോച്ചാടനരംഗത്ത് തെക്കേ ഇന്ത്യയില്‍ പ്രചോദനവും കേന്ദ്രവുമായി മാറിയത് അദ്ദേഹം അകത്തേത്തറയില്‍ സ്ഥാപിച്ച ശബരി ആശ്രമമാണ്. ഈ ആശ്രമത്തിന്റെ രൂപീകരണത്തിനുപിന്നില്‍ പന്തിഭോജനമായിരുന്നുവെന്നത് ചരിത്രത്തില്‍ കുറിക്കേണ്ടതാണ്. നായരും, നായാടിയും, പട്ടരും, പാണനും, പറയനും എല്ലാം മിശ്രഭോജനത്തില്‍ പങ്കെടുത്തത് അയിത്തോച്ചാടന ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നുവെന്ന് കെ.പി.കേശവമേനോന് എഴുതുമ്പോള്‍, ഈ മിശ്രഭോജനം ഇത്രയധികം ചരിത്രപ്രാധാന്യമായി മാറുമെന്ന് ആരും സ്വപ്നത്തില്‍പ്പോലും കണ്ടില്ല.
സമൂഹത്തിലെ മുഴുവന്‍ വിഭാഗത്തില്‍പ്പെട്ടവരേയും ഒന്നിച്ചണിനിരത്തി കൃഷ്ണസ്വാമി അയ്യര്‍ മിശ്രഭോജനം നടത്തിയത് മുന്നോക്കജാതിക്കാരുടെ ശക്തമായ എതിര്‍പ്പിന് ഇരയാക്കി. മിശ്രഭോജനം നടത്തിയതിനെതിരെ കൃഷ്ണസ്വാമിയെ സമുദായത്തില്‍നിന്ന് പുറത്താക്കി ഭ്രഷ്ട് കല്പ്പിച്ചു. കല്‍പ്പാത്തിയിലെ സ്വന്തം ഭവനത്തിലോ അഗ്രഹാരത്തിലോ പ്രവേശനമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി ഒന്നിച്ചു ഭക്ഷണം കഴിക്കുകയെന്നത് ചിന്തിക്കാന്‍പോലും സവര്‍ണര്‍ക്ക് കഴിയാതിരുന്ന കാലത്താണ് കൃഷ്ണസ്വാമി അതിന് മുന്‍കൈയെടുത്തത്.
സമുദായത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചത് ഉര്‍വശീശാപം ഉപകാരമായിമാറി എന്നതുപോലെയായി. അദ്ദേഹത്തോടൊപ്പം പത്നി ഈശ്വരിയമ്മാളും കൈകോര്‍ത്തു. കോണ്‍ഗ്രസിന്റെ സമ്മേളന പന്തല്‍ തീര്‍ത്ത സാമഗ്രികള്‍കൊണ്ട് താല്‍ക്കാലിക ഭവനവും കെട്ടിടവും നിര്‍മിച്ച് അദ്ദേഹം സ്കൂള്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് താമസിച്ച് വിദ്യാഭ്യാസം ചെയ്യുന്നതിന് നാനാജാതി മതസ്ഥരെ ഒരുമിപ്പിച്ച ആദ്യത്തെ സ്കൂള്‍ എന്ന ബഹുമതിയും ഇതിനു ലഭിച്ചു. ഗാന്ധിജിയുടെ ആഗ്രഹപ്രകാരമുള്ള വിദ്യാഭ്യാസപദ്ധതിക്കാണ് അദ്ദേഹം രൂപം നല്‍കിയത്. 1922 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സ്കൂളാണ് ഇന്ന് കാണുന്ന ശബരിആശ്രമം.
പിന്നീട് അകത്തേത്തറയിലെ അപ്പു യജമാനന് മൂന്നേക്കര്‍ സ്ഥലം ആശ്രമത്തിന് സൗജന്യമായി നല്കുകയുണ്ടായി. ഇവിടെ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന കുട്ടികളാണ് തുടക്കത്തില്‍ ഖദര്‍ വസ്ത്രനിര്‍മാണത്തിന് തുടക്കം കുറിച്ചത്. ഖാദി പ്രസ്ഥാനം ഭാരതത്തില്‍ ആരംഭിക്കുന്നതോടൊപ്പംതന്നെ ഇവിടേയും അതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. നിര്‍മിച്ചിരുന്ന തുണികള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് വിറ്റഴിക്കുകയുണ്ടായി. തെക്കെ ഇന്ത്യയിലേയും പ്രത്യേകിച്ച് തെക്കെ മലബാറിലേയും ഖാദി പ്രചാരണത്തിന്റെ സിരാകേന്ദ്രം ഈ ആശ്രമമായിരുന്നു.
ആശ്രമത്തിലെ കുട്ടികളെല്ലാം തന്നെ ഹിന്ദിയില്‍ പ്രാവീണ്യം ഉള്ളവരായിരുന്നു. കേരളത്തില്‍ നല്ലൊരു ശതമാനം ഹിന്ദി പ്രചാരകന്മാരെ സംഭാവന നല്കുവാന് ഈ ആശ്രമത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ എടുത്തുപറയേണ്ട പേരാണ് പി.നാരായണ്‍ജിയുടേത്. ‘കൃഷ്ണസ്വാമി കാ ലഡ്കാ’ എന്നപേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഒരുപക്ഷേ കൃഷ്ണസ്വാമി അയ്യര്‍ ഏതാനും വര്‍ഷംകൂടി ജീവിച്ചിരുന്നെങ്കില്‍ ഭാരതത്തിലെ ഏറ്റവും വലിയ ഗാന്ധി ആശ്രമം പാലക്കാട്ട് രൂപംകൊള്ളുമായിരുന്നു.
ശബരി ആശ്രമത്തെ സബര്‍മതി ആശ്രമംപോലെ രൂപപ്പെടുത്തുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇതിനുവേണ്ടി ഗാന്ധിജി, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും അതിനനുസൃതമായ വിദ്യാഭ്യാസപദ്ധതിക്ക് രൂപം നല്‍കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതിന്റെ പേരില്‍ അനുഭവിച്ച പോലീസ് ലാത്തിച്ചാര്‍ജിന്റെ ക്രൂരമായ പീഡനം അദ്ദേഹത്തിന്റെ അകാലചരമത്തിനിടയാക്കി.
കള്ളുഷാപ്പ് പിക്കറ്റിംഗ് ഹരിജനോദ്ധാരണം, അയിത്തോച്ചാടനം, മിശ്രഭോജനം, ഹിന്ദിപ്രചാരണം, ഖാദി വിറ്റഴിക്കല്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവര്‍ത്തനം. ഇതോടൊപ്പം കൈകോര്‍ത്ത് സഹധര്മിണിയുമുണ്ടായിരുന്നു. ഗാന്ധിജിയോടൊപ്പം കസ്തൂര്‍ബാ എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു കൃഷ്ണസ്വാമി അയ്യരോടൊപ്പം ഭാര്യ ഈശ്വരിയമ്മാളും. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശബരി ആശ്രമമായിരുന്നു. ഉപ്പുസത്യഗ്രഹത്തിന്റെ 40 അംഗജാഥ ആരംഭിച്ചത് ഇവിടെനിന്നായിരുന്നു.
മലബാറില്‍ നടന്ന ഉപ്പുസത്യഗ്രഹസമരത്തിലെ ഏറ്റവും പൈശാചികമായ രംഗമായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്നത്. വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും കൃഷ്ണസ്വാമി അയ്യര്‍ പങ്കെടുത്തു. പില്ക്കാലത്ത് അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പാലക്കാട്ടുനിന്നും ‘യുവഭാരത്’ എന്ന പത്രവും പ്രസിദ്ധീകരണം ആരംഭിച്ചു. ഇതില്‍ കവി ടി.എസ്.തിരുമുമ്പിന്റെ വിപ്ലവ കവിത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തി അദ്ദേഹത്തെ ശിക്ഷിക്കുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ മഹാത്മാഗാന്ധി മൂന്ന് തവണ സന്ദര്‍ശിച്ച ഏകസ്ഥലം ശബരി ആശ്രമമാണ്. സരോജിനി നായിഡു, സി.രാജഗോപാലാചാരി, എസ്.രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രഗത്ഭര്‍ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.
സാമൂഹ്യനീതിക്കുവേണ്ടി തങ്ങളുടെ കര്‍മരംഗം പൂര്‍ണമായി സമര്‍പ്പിച്ച ധീരദേശാഭിമാനികളുടെ മുന്‍നിരക്കാരനായ ടി.ആര്.കൃഷ്ണസ്വാമിയെക്കുറിച്ചും അദ്ദേഹം സ്ഥാപിച്ച ശബരിയാശ്രമത്തെക്കുറിച്ചും ഗാന്ധിജി നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അയിത്തോച്ചാടനരംഗത്ത് എത്രമാത്രം പ്രാധാന്യമുണ്ടായിരുന്ന ഒരു സ്ഥാപനമായിരുന്നു ശബരി ആശ്രമം എന്നതാണ്.
ശബരി ആശ്രമത്തിനു സമീപം ഉണ്ടായിരുന്ന കല്‍മാടം അയ്യപ്പ ക്ഷേത്രം ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്തത് കസ്തൂര്‍ബാ ഗാന്ധിയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ച് പൂജാരി ക്ഷേത്രം വിട്ടുപോയപ്പോള്‍, സ്ഥലം വിട്ടുകൊടുത്ത അപ്പു യജമാനന് തന്നെ പൂജാരിയായി മാറിയതും കേരളത്തിലെ അയിത്തോച്ചാടന പ്രവര്‍ത്തന ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും ഹരിജനങ്ങള്ക്കുമായി ഒരു ക്ഷേത്രം ഭാരതത്തിലാദ്യമായി തുറന്നുകൊടുത്തതും ഇവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: