കൊച്ചി: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു സാധ്യമായ ദീര്‍ഘകാല സഹകരണങ്ങളുടെ ഭാഗമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് ആര് വര്‍മ്മ സ്റ്റാര്‍ട്ടപ് വില്ലേജ് സന്ദര്‍ശിച്ചു.വെള്ളിയാഴ്ച സ്റ്റാര്‍ട്ടപ് വില്ലേജിലെത്തിയ അദ്ദേഹം യുവ സംരംഭകരോടും അധികൃതരോടും ആശയവിനിമയം നടത്തി.
യുവ സംരംഭകര്‍ക്ക് യുഎസിലെ സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കിത്തരണമെന്ന സ്റ്റാര്‍ട്ടപ് വില്ലേജ് അധികൃതരുടെ അഭ്യര്‍ത്ഥനയ്ക്കു മറുപടിയായി സിലിക്കണ്‍ വാലിയില്‍ തയ്യാറാകുന്ന ലാന്റിംഗ് പാഡിനെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് വര്‍മ്മ പറഞ്ഞു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സിലിക്കണ്‍ വാലിയിലെ സംരംഭക സംസ്കാരത്തെക്കുറിച്ച് നേരിട്ട് അറിവുപകരുന്നതിനുള്ള സംവിധാനമാണ് ലാന്റിംഗ് പാഡ്.
സംസ്ഥാന ഐടി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനും സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍, സിഇഒ പ്രണവ് കുമാര്‍ സുരേഷ് എന്നിവരും സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കേരളത്തിലെ വിദഗ്ധരുടെ ലഭ്യതയെക്കുറിച്ചും വര്‍മ്മയെ ധരിപ്പിച്ചു.
സംരംഭകര്‍ക്കായുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും നിക്ഷേപകരില്‍ നിന്നും സിലിക്കണ്‍ വാലിയിലെ മാര്‍ഗനിര്‍ദേശകരില്‍ നിന്നും കൂടുതല്‍ സഹായവും സഹകരണവും ലഭ്യമായാല്‍ എല്ലാ വെല്ലുവിളികളേയും അഭിമുഖീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: