ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. മെയ് ഒന്നു മുതല്‍ കോള്‍, റോമിങ്, എസ്എംഎസ് നിരക്കുകള്‍ കുറയും. മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. ഉപഭോക്താക്കള്‍ക്കായി പ്രത്യേക റോമിങ് പ്ലാന്‍ ആവിഷ്കരിക്കണമെന്നും കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു.
ലോക്കല്‍ കോളുകള്‍ക്ക് നിലവില്‍ മിനിറ്റിന് ഒരു രൂപയാണ് ഈടാക്കിവരുന്നത്. ഇതു 85 പൈസയായി കുറയും. എസ്ടിഡി കോളുകളുടെ നിരക്ക് മിനിറ്റിന് 1.50 പൈസയില്‍ നിന്ന് 1.15 പൈസയാകും. രാജ്യത്തിനകത്തെ റോമിങ് കോളുകള്‍ സ്വീകരിക്കുമ്പോഴുള്ള നിരക്ക് 75 പൈസ എന്നതില്‍ നിന്ന് 45 പൈസയായും ലോക്കല്‍ എസ്എംഎസ് നിരക്ക് ഒരു രൂപയില്‍ നിന്ന് 25 പൈസയായും താഴും.
റോമിങ് എസ്എംഎസുകള്‍ക്ക് ഇനിമുതല്‍ വെറും 38 പൈസ ചെലവിട്ടാല്‍ മതിയാകും. 1.50 പൈസയില്‍ നിന്നാണ് ഈ ഇളവ്. റോമിങ് സൗജന്യമാക്കുകയോ അതല്ലെങ്കില്‍ ഒരു നിശ്ചിത തുക ഈടാക്കുകയോ ചെയ്യണമെന്നും ട്രായി നിര്‍ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്കു മുന്നില്‍ രണ്ടു തരത്തില്‍ റോമിങ് പ്ലാന്‍ വയ്ക്കരുതെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
പുതിയ ഘടന പ്രകാരം കോള്‍ നിരക്കുകളില്‍ 20 ശതമാനത്തിന്റെയും എസ്എംഎസ് നിരക്കുകളില്‍ 75 ശതമാനത്തിന്റെയും കുറവ് പ്രതീക്ഷിക്കുന്നു. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്കുകളുടെ ഗുണം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: