ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുദ്രാ ബാങ്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നിര്‍മ്മാണ-വിതരണ-സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫൈനാന്‍സ് ഏജന്‍സി(മുദ്ര) ബാങ്ക്. 20,000 കോടി രൂപയുടെ ആസ്തി മൂലധനത്തോടെ ആരംഭിക്കുന്ന ഈ ബാങ്കില്‍ 3,000 കോടി രൂപയാണ് വായ്പകള്‍ക്കായി നീക്കി വെച്ചിട്ടുള്ളത്.
നിയമ നിര്മ്മാണത്തിലൂടെയാകും മുദ്രാബാങ്ക് നിലവില്‍ വരിക. ഇതിനുള്ള കാലതാമസം കണക്കിലെടുത്ത് ചെറുകിട വ്യവസായ വികസന ബാങ്കിന്റെ കീഴിലുള്ള ഒരു യൂണിറ്റായിട്ടായിരിക്കും മുദ്രാ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. സംസ്ഥാന-മേഖലാ തലങ്ങളിലുള്ള കോ-ഓര്‍ഡിനേറ്ററുമായി സഹകരിച്ചുകൊണ്ട് ചെറുകിട -സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പുറമെ രാജ്യത്തൊട്ടാകെയുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും മുദ്രാബാങ്ക് ലഭ്യമാക്കും.
മൈക്രോ ഫിനാന്‍സിംഗ് സംബന്ധിച്ച നയപരമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവലംബിക്കുക, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്, അക്രഡിറ്റേഷന്, ഗുണനിലവാര നിര്‍ണ്ണയം, വായ്പ എടുത്തവരെ കടക്കെണിയിലാക്കാതെ അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഉത്തരവാദ പൂര്‍ണ്ണമായ ധനസഹായ രീതികള്‍ അവലംബിക്കല്‍, അനുയോജ്യമായ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവ മുദ്രാബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.
വനിതകള്‍ ഉള്‍പ്പെടെ അഭ്യസ്തവിദ്യരും നൈപുണ്യം നേടിയവരുമായ യുവസംരംഭകരെ ലക്ഷ്യമിട്ടായിരിക്കും മുദ്രാബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. 2013 ല്‍ ദേശീയ സാമ്പിള്‍ സര്‍വ്വെ സംഘടന നടത്തിയ സര്‍വ്വെ പ്രകാരം വ്യക്തിഗത ഉടമസ്ഥതയിലുള്ള ഏകദേശം 5.77 കോടി ചെറുകിട ബിസിനസ്സ് യൂണിറ്റുകള്‍ നിര്‍മ്മാണ-വിതരണ-സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍, പഴം, പച്ചക്കറി കടകള്‍, ലോറി, ടാക്സി ഓപ്പറേറ്റര്‍മാര്‍, തട്ടുകടകള്‍, റിപ്പയര്‍ ഷോപ്പുകള്‍, തെരുവ് കച്ചവടം എന്നിങ്ങനെയുള്ള വിപുലമായ മേഖലയാണ് അത് ഉള്‍ക്കൊള്ളുന്നത്. ഇവയില്‍ മിക്കവയുടെയും ഉടമസ്തര്‍ പട്ടികജാതി,വര്‍ഗ പിന്നോക്ക വിഭാഗക്കാരാണ്. ധനസഹായത്തിന്റെ അഭാവമാണ് ഈ മേഖലയില്‍ സംരംഭകത്വം വളരുന്നതില്‍ ഏറ്റവും വലിയ തടസ്സം. മൂദ്രാബാങ്ക് വഴി ഈ സംരംഭങ്ങള്‍ക്ക് വായ്പ സഹായം ലഭ്യമാക്കി അതിലൂടെ മൊത്തം ആഭ്യന്തര ഉല്പന്ന വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും സാധ്യമാക്കാന്‍ കഴിയും.
പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും. ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് ‘ശിശു, കിഷോര്‍, തരുണ്‍’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപവരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്ലക്ഷം രൂപവരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചുലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.
ഭാവിയില്‍ വായ്പാ തുക വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ മുദ്രാ കാര്‍ഡും വിഭാവനം ചെയ്തിട്ടുണ്ട്. കോര്‍പ്പറേറ്റ് ഇതര ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ധനസഹായ സംവിധാനം സൃഷ്ടിക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: