എടത്വ: പരാതി സ്വീകരിക്കാന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ജല അതോറിറ്റി ഓഫീസിന് മുന്നില്‍ പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷധം. കുടിവെള്ള വിതരണത്തിലെ ക്രമക്കേടുകള്‍ പരിഹരിച്ച് ശുദ്ധജല വിതരണം നടത്തണമെന്നാവശ്യപ്പെട്ട് എടത്വ, തകഴി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ എടത്വ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തിയപ്പോള്‍ പരാതി സ്വീകരിക്കാന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പഞ്ചായത്ത് പ്രതിനിധികള്‍ ഉദ്യോഗസ്ഥനെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഇദേഹം ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. എഞ്ചിനീയറുടെ അസാന്നിധ്യത്തില്‍ പരാതി സ്വീകരിക്കാന്‍ മറ്റ് ഉദ്യാഗസ്ഥരും തയ്യാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഓഫീസ് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ജീവനക്കാര്‍ സ്റ്റേഷനില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല. തിരുവല്ല എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി സമരക്കാരുമായി ഒത്ത്തീര്‍പ്പിന് ശ്രമിച്ചു. രണ്ട് ദിവസത്തിനകം നീരേറ്റുപുറം ട്രീന്റ്മെന്റ് പ്ലാറ്റില്‍ നിന്നോ തിരുവല്ല കറ്റോട്ട് നിന്നോ കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിന്മേലാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: