ആലപ്പുഴ: കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ പതിവായി മുടങ്ങുന്നതിനാല്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള യാത്രക്കാര്‍ ദുരിതത്തില്‍. ആലപ്പുഴ, അമ്പലപ്പുഴ മേഖലകളില്‍ നിന്നും എടത്വ, തിരുവല്ല ഭാഗങ്ങളിലേക്കാണ് രാവിലെ പലപ്പോഴും സര്‍വീസുകള്‍ മുടങ്ങുന്നത്.
എട്ടര മുതല്‍ ഒമ്പതരവരെ ട്രിപ്പുകള്‍ മുടങ്ങി ബസില്ലാതെ വരുന്നതാണ് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. ഒമ്പതരയ്ക്കും പത്തിനുമെല്ലാം എത്തേണ്ടവര്‍ ഇതുമൂലം ഏറെ കുഴയുന്നു. അമ്പലപ്പുഴ-തിരുവല്ല റോഡില്‍ വിവിധ ഭാഗങ്ങളിലായി കോളജുകള്‍ ഉള്‍പ്പടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്. എന്നാല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയിലായതിനാല്‍ പലപ്പോഴും താമസിച്ചെത്തുന്നവര്ക്കു പിഴയും ചുമത്തും.
ഇതേത്തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്നും കരൂര്‍, തോട്ടപ്പള്ളി ഭാഗങ്ങളില്‍ നിന്നും സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ക്കു 150 മുതല്‍ 300 രൂപവരെ നല്കി ഒട്ടോറിക്ഷയില്‍ യാത്ര ചെയ്യേണ്ട ഗതികേടാണുള്ളത്. പലയിടത്തും പരീക്ഷ നടക്കുന്നതിനാല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ ഏറെയാണ് ബുദ്ധിമുട്ടുന്നത്. പ്രശ്ന പരിഹാരത്തിനു ജില്ലാഭരണകൂടം ഇടപെടണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: