തിരുവനന്തപുരം: സ്വദേശ ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജികെഎസ്എഫ് പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ നാല് ഷോപ്പിങ്ങ് മാളുകളില്‍ കുടുംബശ്രീ ഉല്പന്നങ്ങള് അടക്കമുള്ള വസ്തുക്കള്‍ വിപണിയില്‍ എത്തിക്കുവാനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയതായി ടൂറിസം വകുപ്പ് മന്ത്രി എ. പി. അനില്‍ കുമാര്‍ പറഞ്ഞു. ഇതോടൊപ്പം കേരളത്തിന്റെ സ്വന്തം കരകൗശല ഉല്പന്നങ്ങള് കെടിഡിസി ഹോട്ടലുകളില്‍ ജികെഎസ്എഫിന്റെ നേത്യത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എടുത്തുവരുന്നതായി അദ്ദേഹം പറഞ്ഞു.
സ്വദേശ ഉല്പന്നങ്ങള് വിപണികളിലും ടൂറിസംകേന്ദ്രങ്ങളിലും എത്തിക്കുകവഴി ടൂറിസം ജനകീയമാക്കുവാനും വിപണനം മെച്ചപ്പെടുത്തുവാനുമാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കരുനാഗപ്പള്ളിയില്‍ കെസി സെന്ററില്‍ കുടുംബശ്രീ ആരംഭിക്കുന്ന നാട്ടുവിപണി 11-ന് അഞ്ചുമണിക്ക് കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് എച്ച്. സലീമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി ഡോ. എം. കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും.
ഹസ്തശില്പകേന്ദ്രത്തിന്റെ ഉദ്ഘാടനം സി. ദിവാകരന് എംഎല്‍എയും ഉല്പന്നങ്ങളുടെ ആദ്യവില്പന കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ബി. വല്‍സലകുമാരി ഐഎഎസും നിര്‍വഹിക്കും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ നേത്യത്വത്തില്‍ വിവിധജില്ലകളില്‍ ഉല്പാദിപ്പിക്കുന്ന നാടന്‍ വസ്തുക്കള്‍ നാട്ടുവിപണികളിലെ ഷോറൂമുകളിലൂടെ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ ഉല്പന്നങ്ങള് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുവാനും പദ്ധതിയുണ്ടെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ കെ. എം. മുഹമ്മദ് അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: