ആലപ്പുഴ: ടൗണ്‍ഹാളിന് സമീപത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒത്താശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗര ഭരണകര്‍ത്താക്കള്‍ക്ക് സിപിഎം ജില്ലാ നേതാവ് കത്ത് നല്കി. പ്രമുഖ നേതാവിന്റെ കടുത്ത സമ്മര്‍ദ്ദം മൂലം ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സിപിഎമ്മുകാരായ നഗരസഭാ ഭരണനേതൃത്വം.
നേരത്തെ സിപിഎമ്മിന്റെ യുവകൗണ്‍സിലര്‍ കൈക്കൂലി വാങ്ങി കോംപ്ലക്സിലെ 15-ാം നമ്പര്‍ മുറിയിലെ ലൈസന്‍സിയായ കായംകുളം സ്വദേശി ഇക്ബാലിന് അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. പരാതികള്‍ ഉയര്‍ന്നെങ്കിലും കൗണ്‍സിലറുടെ സ്വാധീനം മൂലം നഗരസഭാ നടപടിയെടുത്തില്ല. ഒടുവില്‍ കഴിഞ്ഞ നവംബറില്‍ ഓംബുഡ്സ്മാന് ഉത്തരവ് പ്രകാരം നഗരസഭാ അധികൃതര്‍ കൈയേറ്റം പൊളിച്ചു നീക്കാനെത്തിയെങ്കിലും കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. പിന്നീട് പോലീസ് സംരക്ഷണയിലാണ് കൈയേറ്റം പൊളിച്ചു നീക്കിയത്.
കോടതി ഉത്തരവു പ്രകാരം പൊളിച്ചു നീക്കിയ കൈയേറ്റം പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാണ് സിപിഎം ജില്ലാ നേതാവ് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടാതെ ഇക്ബാല്‍ കൈയേറിയ 600 സ്ക്വയര്‍ ഫീറ്റ് സ്ഥലത്തിന് വാടക ഈടാക്കി സാധുത നല്‍കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള നീക്കത്തിന് സിപിഎം നേതൃത്വം തന്നെ വിലങ്ങുതടിയാകുന്നതില് നഗര ഭരണകര്‍ത്താക്കളും ആശങ്കയിലാണ്. റിയല്‍ എസ്റ്റേറ്റ്, ക്വട്ടേഷന്‍ മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില യുവകൗണ്സിലര്മാര്ക്ക് സിപിഎം ഉന്നത നേതൃത്വത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: