ആലപ്പുഴ: നമ്മുടെ നാടിനെ മുന്നോട്ടു നയിക്കേണ്ട ചാലകശക്തി യുവജനങ്ങളാണെന്നും അവരുടെ കര്‍മ്മശേഷി സ്വന്തം രാജ്യത്തു തന്നെ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഭാരതത്തിന്റെ 66-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് മന്ത്രി വിവിധ പ്ലാറ്റൂണുകള്‍ പരിശോധിക്കുകയും പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്ക് അദ്ദേഹം പുരസ്കാരം നല്കി. പോലീസ് വിഭാഗത്തില്‍ ആലപ്പുഴ എആര്‍ ക്യാമ്പും എന്‍സിസി സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ പുന്നപ്ര കാര്‍മല്‍ പോളി ടെക്നിക്കും എന്‍സിസി സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജും ഒന്നാം സ്ഥാനത്തെത്തി. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ആലപ്പുഴ എസ്ഡിവി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും എന്‍സിസി ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ആലപ്പുഴ ലിയോ തേര്ട്ടീന്ത് എച്ച്എസ്എസും എന്‍സിസി ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ തിരുവമ്പാടി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. മികച്ച സ്കൗട്ട് പ്ലാറ്റൂണായി ലിയോ തേര്ട്ടീന്ത് എച്ച്എസ്എസും മികച്ച ഗൈഡ്സ് പ്ലാറ്റൂണായി സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസും തിരഞ്ഞെടുക്കപ്പെട്ടു. കബ്സ് വിഭാഗത്തില്‍ ലിയോ തേര്ട്ടീന്ത് എല്‍പി സ്കൂളിനും ബുള്‍ബുള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ്സ് എല്പിഎസിനുമാണ് ഒന്നാം സ്ഥാനം.
ദേശഭക്തിഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും മികച്ച ബാന്‍ഡ് ട്രൂപ്പായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പുന്നപ്ര ജ്യോതിനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനും ദേശീയഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനും മികച്ച പ്ലാറ്റൂണ്‍ കമാന്‍ഡറായ കാര്‍മ്മല്‍ പോളിടെക്നിക് എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ സുധീഷിനും പുരസ്കാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: