എടത്വ: പാണ്ടങ്കരി പാലപ്പറമ്പ് കോളനി നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാതെ വഞ്ചിച്ച എടത്വ പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ നിരാഹാര സമരം ഒത്തുതീര്‍പ്പായി. ജനുവരി 24ന് കൂടുന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ കോളനിയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 1,90,000 രൂപ അനുവദിക്കാന്‍ തീരുമാനമെടുക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. നിരാഹാരം അനുഷ്ഠിച്ച സജി പാലപ്പറമ്പിലിന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. പൈപ്പ് എത്തുന്നതു വരെ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നത് തുടരും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കൂടാതെ ബിജെപി നേതാക്കളായ എം.ആര്. സജീവ്, മണിക്കുട്ടന് ചേലേകാട്, ജി. വിജയകുമാര്‍, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: