മുഹമ്മ: മകരവിളക്ക് മഹോത്സവത്തിനു ക്ഷേത്രങ്ങള്‍ ഒരുങ്ങി; നാട് ശബരീശ കീര്‍ത്തനങ്ങളാല്‍ ഭക്തിസാന്ദ്രമായി. ഐതീഹ്യപ്പെരുമ പേറുന്ന മുഹമ്മ മുക്കാല്‍വെട്ടം അയ്യപ്പ ക്ഷേത്രത്തില്‍ ബുധനാഴ്ച നടതുറക്കില്ല. ഒരുതിരി പോലും തെളിയില്ല. കഴിഞ്ഞ 40 ദിവസങ്ങളായി നടന്നുവന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന നവാഹയജ്ഞത്തിന് സമാപനമായി. ഇതിനിടെ ചെന്നൈ തങ്കനല്ലൂര് ശബരീശ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി പന്തളത്ത് എത്തിയ ശേഷം മുക്കാല്‍വെട്ടം ക്ഷേത്രത്തിലും എത്തിയത് ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി. തങ്ക അങ്കി ഘോഷയാത്ര മടങ്ങിയ ശേഷം ഹരിവരാസനം ചൊല്ലി നടയടച്ചു. ക്ഷേത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അയ്യപ്പന്റെ മുഴുവന്‍ ചൈതന്യവും മകരവിളക്കു ദിവസമായ ഇന്നു ശബരിമലയിലായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച നടതുറക്കാത്തത്.
കായിപ്പുറം വല്ലാരിമംഗലം (ശാസ്താങ്കല്‍) ക്ഷേത്രത്തില്‍ പുരുഷ-വനിതാ ഭക്തജനസമിതികളുടെ നേതൃത്വത്തില്‍ മകരവിളക്കു മഹോത്സവം നടക്കും. ആറ്റുപുറത്ത് പനച്ചുവട്ടില്‍ ക്ഷേത്രത്തില്‍ മകരവിളക്ക് ഉത്സവവും മാസപൂജയും ഇന്നു നടക്കും. മുഹമ്മ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ മകരവിളക്കു മഹോത്സവം ആഘോഷിക്കും. റെജി ഭാസ്കര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: