ഇത് അഹിംസാത്മകമായി നേടിയ ഒരു പോരാട്ടത്തിന്റെ കഥ. സമകാലീന സംഭവങ്ങളുമായി അതിന് അഭേദ്യമായ ബന്ധമുണ്ട്. നിയമത്തിന്റെ അലംഘനീയമായ വഴികളിലൂടെ നടന്ന് സംസ്കാരത്തിന്റെ കൊടി പാറിച്ച പ്രസ്ഥാനത്തിന്റെ വിജയഗാഥകൂടിയാണിത്. അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ആ ഓര്‍മ്മയിലൂടെ ഒന്നു നടന്നു നോക്കാം.
വിശ്വഹിന്ദു പരിഷത്തിന്റെ ഘര്‍വാപസിക്കെതിരെ വാളോങ്ങുകയും എന്തിനും ഏതിനും പുരപ്പുറത്ത് കയറി ഓരിയിടുകയും ചെയ്യുന്ന പുരോഗമന വാദികളും കപട മതേതര വാദികളും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മതപരിവര്‍ത്തനത്തെ കണ്ടില്ലെന്നു നടിച്ചു. പഞ്ചപുച്ഛമടക്കി നിയമലംഘനം അറിയാത്തമട്ടില്‍ മാറിനിന്നവര്‍ മതപരിവര്‍ത്തനത്തിനെതിരെ പ്രതികരിച്ചവരെ വേട്ടക്കാരോടൊപ്പം നിന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ അഹിംസാപരമായി പ്രക്ഷോഭം നടത്തുകയും നിയമനടപടികളിലൂടെ വിജയം കാണുകയും ചെയ്ത കോട്ടയം ഹിന്ദു ഐക്യവേദിയുടെ ഉജ്ജ്വല പോരാട്ടത്തിന്റെ കഥ.
പ്രലോഭിപ്പിച്ചും, ഭീഷണിയിലൂടെയും കബളിപ്പിച്ചും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഉയര്‍ന്ന ജനരോഷം ഒരു രാഷ്ട്രീയക്കാരും പുരോഗമന സംഘടനകളും കണ്ടില്ലെന്നു മാത്രമല്ല മതപരിവര്‍ത്തകരുടെ ഒപ്പംചേര്‍ന്ന് മതേതരത്വം പ്രസംഗിക്കുകയും ചെയ്തു. നിസ്സഹായരായവര്ക്കുമുമ്പില് ഹിന്ദു ഐക്യവേദി എത്തിയതോടെയാണ് ചിത്രം മാറിയത്.
സ്വര്‍ഗ്ഗീയ വിരുന്നുകാരനായ തങ്കു ബ്രദറിന്റെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പാണ് കോട്ടയത്തും പരിസരത്തും വ്യാപക മതപരിവര്‍ത്തനം നടന്നത്. ദരിദ്രരായ ഈഴവ സമുദായത്തെയാണ് സ്വര്‍ഗ്ഗീയവിരുന്നുകാരന്‍ ലക്ഷ്യം വച്ചതും മതപരിവര്‍ത്തനം നടത്തിയതും. ഇതിനെ തടയിടാന്‍ സമുദായം നടത്തിയ ശ്രമവും കാര്യമായി വിജയിച്ചില്ല. തുടര്‍ന്ന് സമുദായാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി പ്രശ്നത്തില്‍ ഇടപെട്ടത്. അവര്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി. ഇതിനിടെ കോടികള്‍ മുടക്കി നഗരമദ്ധ്യത്തില്‍ നാഗമ്പടത്ത് നഗരാസൂത്രണത്തിനായി നീക്കി വച്ച സ്ഥലം വിരുന്നുകാരന് കൈക്കലാക്കി. നിയമങ്ങളെല്ലാം ലംഘിച്ചും എതിര്‍പ്പുകള്‍ അവഗണിച്ചും താല്‍ക്കാലിക കെട്ടിടം കെട്ടിയുയര്‍ത്തി സുവിശേഷം ആരംഭിച്ചു.
വര്‍ഷങ്ങളായി നിലനിന്നിരുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം മതസ്പര്‍ദ്ധയ്ക്ക് ഇടയാക്കുന്ന രീതിയില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനവും സുവിശേഷവും ഹിന്ദുക്കളില്‍ കൂടുതല്‍ അസ്വസ്തതയും ഭീതിയും ഉളവാക്കി.
വിരുന്നുകാരും എസ്എന്‍ഡിപി സമുദായക്കാരുമായി ഉണ്ടായ സംഘര്‍ഷം ചരിത്രത്തില്‍ ആദ്യമായി കോട്ടയം നഗരത്തില്‍ നിരോധാനാജ്ഞയില് വരെ എത്തിച്ചു. തുടര്‍ന്ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ആറുമാസത്തിനുള്ളില്‍ സ്ഥലം ഒഴിഞ്ഞുകൊള്ളാമെന്ന് വിരുന്നുകാര് ഉറപ്പു നല്‍കുകയും ചെയ്തു. സാമ്പത്തിക രാഷ്ട്രീയ സ്വാധീനത്തിന്റെ തിണ്ണമിടുക്കില്‍ ഉറപ്പുകളെല്ലാം ലംഘിച്ച് മതപരിവര്‍ത്തനവും സുവിശേഷവും നിര്‍ബാധം തുടര്‍ന്നു. ഇതേതുടര്‍ന്ന് ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രക്ഷോഭവും നിയമനടപടികളും ആരംഭിച്ചു.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എന്നുവേണ്ട എല്ലാവരും സ്വര്ഗ്ഗീയവിരുന്നുകാരോടൊപ്പം നിന്നപ്പോള്‍ സത്യസന്ധരായ ചില ഉദ്യോഗസ്ഥര്‍ക്കുപോലും നിയമം നടത്താന്‍ കഴിയാത്ത അവസ്ഥ വന്നു. പണത്തിന്റെയും സംഘടിത മതത്തിന്റെയും പിന്‍ബലത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനീതി കണ്ടില്ലെന്നു നടിച്ചു. പിന്നീട് കോട്ടയം കണ്ടത് ശക്തമായ പ്രക്ഷോഭത്തിന്റെ നീണ്ട നിരയായിരുന്നു.
1995 വരെ അല്ലറ ചില്ലറ ചിട്ടിപ്പരിപാടിയുമായി നടന്ന മാത്യു കുരുവിള ചിട്ടി പൊളിഞ്ഞപ്പോള്‍ പണം കൊടുക്കാനാവാതെ നാട്ടുകാരെ ഭയന്ന് മുങ്ങി. കുറച്ചു നാളുകള്‍ക്കുശേഷം തങ്കു ബ്രദറായാണ് പൊങ്ങിയത്. രോഗശാന്തിയുടെ അത്ഭുതങ്ങള്‍ കാട്ടിയെത്തിയ ദേവദൂതനാണ് തങ്കു ബ്രദറെന്ന് പ്രചരിപ്പിച്ചു. ഇതിനിടെ അത്യാവശ്യം സമ്പാദ്യവുമായി രംഗപ്രവേശം ചെയ്ത തങ്കു ബ്രദര്‍ മതപരിവര്‍ത്തനത്തിന് ലക്ഷങ്ങള്‍ വാരി വിതറി. 2008ല്‍ ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയിഡില്‍ ഒന്നിലധികം പാസ്പോര്‍ട്ടുകളും സ്ഥലമിടപാടു രേഖകളും പിടിച്ചെടുക്കുകയുണ്ടായി. പിന്നീടുള്ള തങ്കു ബ്രദറിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
നാഗമ്പടത്ത് വികസന പദ്ധതിയിലുള്ള ഭൂമി കൈവശപ്പെടുത്തിയാണ് സുവിശേഷ മന്ദിരം പണിതുയര്‍ത്താന്‍ ശ്രമിച്ചത്. ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തും അട്ടിമറിച്ചുമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിരുന്നുകാരനെ സഹായിച്ചത്. 2009 മുതല്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഷെഡ്ഡിന് നഗരസഭയും ഒത്താശ ചെയ്തുകൊടുത്തു.
2012 ജൂലൈ 31ന് അനധികൃത ഷെഡ്ഡിലെ ആരാധന ഹൈക്കോടതി നിരോധിച്ചു. നവംബര്‍ 7ന് നാഗമ്പടത്തെ ഷെഡ്ഡ് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. സ്വര്‍ഗ്ഗീയ വിരുന്നിന് അനുകൂലമായി കള്ളറിപ്പോര്‍ട്ട് നല്കിയ അന്നത്തെ എസ്പിക്കെതിരെ ഹിന്ദു ഐക്യവേദി നടത്തിയ എസ്പി ഓഫീസ് മാര്‍ച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ വിരുന്നുകാരന് ഓശാന പാടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഇത് ഹിന്ദുഐക്യവേദിയുടെ ധര്‍മ്മ സമരത്തിന് കരുത്തേകി. അനധികൃത കെട്ടിട നിര്മാണത്തിനുള്ളഅനുമതി എതിര്‍ത്തുള്ള പോലീസ് റിപ്പോര്‍ട്ടുകള്‍ ബോധപൂര്‍വ്വം മറച്ചുവച്ചു.
ഹിന്ദു സമുദായ സംഘടനകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഹൈന്ദവര്‍ എന്‍ഒസിയെ എതിര്‍ത്തുകൊണ്ട് ജില്ലാ ഭരണകൂടത്തിന് നല്കിയ പരാതി അധികൃതര്‍ അവഗണിക്കുകയായിരുന്നു. സ്വര്‍ഗീയ വിരുന്നിന്റെ പേരില്‍ നടത്തിയ മതപരിവര്‍ത്തനത്തിന്റെ വ്യക്തമായ തെളിവുകള്സംഘടനകള് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെങ്കിലും നീതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരാരും ശ്രമിച്ചില്ല. തുടര്‍ന്ന് നടന്ന ശക്തമായ പ്രക്ഷോഭത്തിനും നീതിസമരത്തിനും മുമ്പില്‍ നിയമലംഘകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ആറുവര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ ആരാധനാലയം നിര്‍മ്മിക്കാനുള്ള സ്വര്‍ഗ്ഗീയ വിരുന്നുകാരുടെ അപേക്ഷ കഴിഞ്ഞമാസം കോട്ടയം ജില്ലാ കളക്ടര്‍ നിരസിച്ചുകൊണ്ടുത്തരവിട്ടു. ആറുവര്‍ഷമായി വെളിച്ചം കാണാതെ കിടന്ന സത്യം അവസാനം ചാരംമാറി പ്രകാശിതമായി.
വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കള്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്, വി.കെ. വിശ്വനാഥന്, ആര്. സാനു, ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ എം. രാധാകൃഷ്ണന്, കുമ്മനം രാജശേഖരന്, പി.ആര്. ശിവരാജന്, കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, ആര്.വി. ബാബു, ജില്ലാ നേതാക്കളായ പൂഴിമേല്‍ രണരാജന്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍, ടി.എസ്. ശ്രീകുമാര്‍, തമ്പി പട്ടശേരി, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്, സി.എന്‍. സുഭാഷ്, വിഎച്ച്പി നേതാവ് കെ.എസ്. ഓമനക്കുട്ടന് എന്നിവരായിരുന്നു മുന്‍നിരപ്പോരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: