സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് എന്നും പ്രശ്നസങ്കുലമാണ്. പ്രത്യേകിച്ച് മൂന്നു പതിറ്റാണ്ടോളമായി. ഇതെന്തുകൊണ്ടാണെന്ന ചോദ്യം ഉയരുമ്പോഴും ഉത്തരം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അറിയാം. നിഷ്പക്ഷവും കലാപരഹിതവും ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാതെ ഒരു തുള്ളിചോര ചിന്താതെ നടന്ന തെരഞ്ഞെടുപ്പ് ഇത്തവണയാണെന്ന് ഓരോ ഭാരതീയനും അഭിമാനപൂര്‍വ്വം പറയാം.
ഹിമാലയ പര്‍വ്വതനിരകളോട് ചേര്‍ന്നുകിടക്കുന്ന ജമ്മു-കശ്മീര്‍. അതിന്റെ തുടക്കം മുതല്‍ പാക്കിസ്ഥാനും ഭാരതവും തമ്മിലുള്ള ബന്ധത്തിന് ഇടച്ചിലുണ്ടാക്കിയിട്ടുള്ള സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ ഭരണകാലാവധി ആറുവര്‍ഷമാണ്. ഭരണഘടനയിലെ 370-ാം വകുപ്പുപ്രകാരം ജമ്മുവിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകാധികാരാവകാശങ്ങളും നല്‍കിയിട്ടുണ്ട്.
പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രമാണ് കേന്ദ്രത്തിന് അധികാരമുള്ളത്. സുപ്രീംകോടതിയുടെ ഉത്തരവുകള്‍പോലും ബാധകമല്ല. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഗവര്‍ണറാണ് ഭരണത്തലവന്. ഇദ്ദേഹത്തെ സഹായിക്കുകയെന്ന ചുമതലയാണ് മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്ക്കുമുള്ളത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരി മഹാരാജ ഹരിസിംഗ് ആയിരുന്നു. എന്നാല്‍ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത് 1957ല്‍ ആയിരുന്നു. അതില്‍ നാഷണല്‍ കോണ്‍ഫ്രന്‍സിന് ഭൂരിപക്ഷം ലഭിക്കുകയും അവര്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.
2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയാണ് ഭരണം നടത്തുന്നത്.
സംസ്ഥാനം രൂപീകരിച്ചതുമുതല്‍ ജമ്മുവില്‍ സമാധാനാന്തരീക്ഷം ഉണ്ടായിട്ടില്ലെന്നു വേണം പറയാന്‍. ചോരചിന്താത്ത ദിനങ്ങള്‍ അവിടെയുണ്ടായിട്ടില്ല, ഏതു നിമിഷവും എന്തു സംഭവിക്കുമെന്ന് ആര്‍ക്കും ഗണിച്ചു പോലും പറയാന്‍ പറ്റാത്ത കാലങ്ങള്‍. ഇതിനെല്ലാം ഒറ്റയടിക്ക് മാറ്റംവന്നുവെന്നല്ല കഴിഞ്ഞ തെരഞ്ഞെടുപ്പ് അര്‍ത്ഥമാക്കുന്നത്.
സ്വതന്ത്രഭാരതത്തില്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍ ഇത്രയും തവണ ജമ്മുകശ്മീരിലെത്തുകയും അവിടുത്തെ ജനതയ്ക്ക് അഭിമാനവും ആത്മവിശ്വാസവും പകര്‍ന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലം മാറ്റിവെച്ചാല്‍ അധികാരത്തിലെത്തി എട്ടുമാസത്തിനുള്ളില്‍ എന്തു തിരക്കുകള്‍ ഉണ്ടായാലും മാസത്തില്‍ ഒരു തവണ വീതം കശ്മീര്‍ ജനതയ്ക്ക് സാന്ത്വനം പകരാന്‍ ഓടിയെത്തുന്ന നേതാവാണ് മോദി. അദ്ദേഹം പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികള്‍ തന്നെ അതിനു തെളിവാണ്. ഇങ്ങനെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് കശ്മീരികളുടെ മനസ്സില്‍ ഇടം നേടാന്‍, ഷേയ്ഖ് അബ്ദുള്ളയ്ക്കുപോലും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഷെയ്ഖ് അബ്ദുള്ള കശ്മീരികളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നുവെന്നതാണ് ഒരു വസ്തുത.
കശ്മീരിന് സ്വയംഭരണാധികാരം നല്‍കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന നിരവധി സംഘടനകള്‍ ഉണ്ട്. ഇക്കാരണങ്ങളാല്‍ സമുദായഭിന്നത, കലഹമനോഭാവം, സുരക്ഷാഫോഴ്സുകളുടെ സജീവ സാന്നിദ്ധ്യം, വികനസമുരടിപ്പ്, നിരക്ഷരത, തൊഴിലില്ലായ്മ, വൈദ്യുതി, കുടിവെള്ളം തുടങ്ങി വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെയാണ്.
പട്ടാളത്തിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ വികസനത്തെ തുരങ്കംവെക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥമാണ്. സാമ്പത്തികാസ്ഥിരതമൂലം വ്യവസായ മുതല്‍മുടക്കിന് ആരും തയ്യാറാകുന്നില്ലെന്നത് ഒരു വസ്തുതയാണ്. എണ്ണപ്പെട്ട ഒരു വന്‍ വ്യവസായസ്ഥാപനം ഇവിടെയില്ല. രാഷ്ട്രീയാസ്ഥിരതയും മറ്റൊരു പ്രശ്നമാണ്. ഈ വിഷയങ്ങളാണ് ബിജെപി ഇത്തവണ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്.
രൂക്ഷമായ തൊഴിലില്ലായ്മമൂലം യുവാക്കള്‍ മയക്കുമരുന്നിനും കലാപങ്ങള്‍ക്കും അടിമയാകുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് മോദി ആഹ്വാനം ചെയ്തത്.
ഈ കാലത്തിനിടയ്ക്ക് അടുക്കും ചിട്ടയോടും കൂടി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം സാക്ഷിയായിട്ടുമില്ല. അതിലുമുപരി സംസ്ഥാനം പലതവണ ഒറ്റയ്ക്കും കൂട്ടായും ഭരിച്ച കശ്മീരില്‍ കോണ്‍ഗ്രസും, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും അക്ഷരാര്‍ത്ഥത്തില്‍ ഒതുങ്ങിയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ജമ്മുവില്‍ മാത്രമല്ല കശ്മീര്‍ താഴ്വരയില് പോലും ചടുലമായ ചലനങ്ങള്‍ ബിജെപിക്ക് ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞു.പ്രധാനമന്ത്രി പങ്കെടുത്ത റാലികളിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന പോളിംങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നതു തന്നെ കശ്മീര്‍ താഴ്വരയിലുണ്ടായ ആത്മവിശ്വാസത്തിന്റെ തെളിവാണ്. പൊതുയോഗങ്ങളിലേക്കും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കും ജനങ്ങള്‍ യാതൊരു തരത്തിലുമുള്ള ഭയാശങ്കകളുമില്ലാതെ വന്നെത്തിയത് തന്നെ കേന്ദ്ര സര്‍ക്കാരില്‍ അവര്‍ അര്‍പ്പിക്കുന്ന ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്.
സാധാരണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ട് ബഹിഷ്കരണം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കശ്മീര്‍. മതമൗലികവാദികള്‍ക്ക് അതിനു പലതരത്തിലുള്ള ന്യായീകരണങ്ങള്‍ നിരത്താനുണ്ടാകും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനാണ് അഞ്ചുഘട്ടങ്ങളിലായി നടത്തിയത്. എന്നിട്ടും ജനങ്ങള്‍ സ്വമേധയാ ധൈര്യസമേതം വോട്ടുചെയ്യാന്‍ എത്താറില്ല.
ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് രക്ഷകരാകുന്നില്ലെന്ന ചിന്തയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. കേന്ദ്രവും സംസ്ഥാനവും കോണ്‍ഗ്രസും, എന്‍സിയും കൂട്ടായും വെവ്വേറെയും ഭരണത്തില്‍ പങ്കാളികളായിട്ടും ഇതു തന്നെയായിരുന്നു സ്ഥിതി. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഭീകരവാദികള്‍ പലതരത്തിലുള്ള പേരുകളില്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത വിധം അഴിഞ്ഞാടുകയായിരുന്നു. ഇതിനുകാരണം ഭരണാധികാരികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ അവര്‍ക്കുണ്ടായിരുന്നതാണ്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ അപ്പാടെ മാറി.
വോട്ടര്‍മാരില്‍ തികഞ്ഞ ആത്മവിശ്വാസം നല്കി അവര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള ധൈര്യം നല്കാന് മോദി സര്‍ക്കാരിനു കഴിഞ്ഞു. ചില തെരഞ്ഞെടുപ്പുകളില്‍ ഒരു വോട്ടുപോലും രേഖപ്പെടുത്താത്ത ബൂത്തുകള്‍ ഉണ്ടായിരുന്നെന്നു പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ എത്രത്തോളം ഭയചകിതരായിരുന്നെന്നതിന് തെളിവാണ്. ഇത്തവണ ഇത്രയും കൂടിയ പോളിംങ് രേഖപ്പെടുത്താന്‍ കഴിഞ്ഞത് അവരില്‍ ഉണ്ടായ മാറ്റത്തെയാണ് കാണിക്കുന്നത്. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുമെന്ന കാര്യത്തിലും സംശയമില്ല.
ജമ്മുവിലും, കശ്മീരിലും, വാലിയിലും ഒരുപോലെ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ ബിജെപിക്കു കഴിഞ്ഞു. അതിനുമുമ്പില്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്, ജമ്മുവിലെ പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും നടുങ്ങിയെന്നു പറയുന്നതാകും ശരി.
തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുക എന്നതുമാത്രമായിരുന്നില്ല ബിജെപി ലക്ഷ്യമിട്ടത്. നേരത്തെ സൂചിപ്പിച്ചതു പോലെ പരമാവധി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുവാനുള്ള സൗകര്യവും ആത്മവിശ്വാസവും അവകാശവും ഉണ്ടാക്കുകയായിരുന്നു ഉദ്ദേശിച്ചത്. അധികാരം പിടിച്ചെടുത്താലും ഇല്ലെങ്കിലും ജനങ്ങളില്‍ ഈ ഒരു അവബോധം ഉണ്ടാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞു എന്നതില്‍ തികച്ചും അഭിമാനിക്കാനുള്ള അവകാശമുണ്ട്.
പ്രത്യേകിച്ച് മാസങ്ങള്‍ക്കുമുമ്പ് വാലിയെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്നും ഇനിയും ജനം മുക്തമായിട്ടില്ല. ഈ സമയത്ത് വിദേശത്തായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് തിരിച്ചെത്തി വിശ്രമിക്കാന്‍ പോലും നില്‍ക്കാതെ നേരേ കശ്മീരിലെത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അറച്ചുനിന്ന സ്ഥാനത്ത് ഉടന്‍ തന്നെ ആയിരം കോടി രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ അനുവദിച്ചത്. മാത്രമല്ല അത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യക സമിതിയുണ്ടാക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസം യഥാസമയം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുവാന്‍ കഴിഞ്ഞുവെന്നതായിരുന്നു മോദി സര്‍ക്കാരിന്റെ വിജയം.
2002ല്‍ കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിനു കാരണം അന്നത്തെ വാജ്പേയി സര്‍ക്കാര്‍ ആയിരുന്നു. ആ പാതയാണ് മോദിയും പിന്തുടര്ന്നത്.
മറ്റു സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പന്ഥാവിലൂടെ സഞ്ചരിക്കുമ്പോള്‍ ജമ്മു അതില്‍ നിന്നും മാറി നില്‍ക്കേണ്ട ഒരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നാണ് മോദി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഭാരതത്തിലുണ്ടാക്കിയ പരിവര്‍ത്തനത്തില്‍ ജമ്മുവും പങ്കാളിയായേ പറ്റൂ എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെുപ്പിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ഷേയ്ഖ് അബ്ദുള്ളയ്ക്കും ഫാറൂഖിനും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത ഖ്യാതി 2002ല്‍ അടല്‍ബിഹാരി വാജ്പേയിയും, ഇതാ 2014ല്‍ മോദിയും നേടിയെടുത്തുവെന്നുപറയുന്നതില് അല്പം പോലും അതിശയോക്തിയില്ല. ജനങ്ങളുടെ ഹൃദയം എത്രത്തോളം കീഴടക്കാന്‍ കഴിഞ്ഞുവെന്നതിന്റെ തെളിവു കൂടിയാണിത്.
ഇത്തവണ അഞ്ചുഘട്ടങ്ങളിലായി 87 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 66 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പുകാലത്ത് സായുധസൈന്യ തയ്യാറെടുപ്പ് ഒഴിച്ചുകൂട്ടാനാവാത്ത ഘടകങ്ങളായിരുന്നു.
പതിനായിരക്കണക്കിന് പോലീസുകാരും സായുധ സേനാവിഭാഗക്കാരും തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു. നൂറുകണക്കിനാളുകളുടെ ജീവന് ഇതില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കര്‍ഫ്യൂ ഇവിടെ നിത്യസംഭവമായിരുന്നു. ഓരോ പോളിംങ് സ്റ്റേഷനിലും വന്‍ പോലീസ് ബന്തവസ്സായിരുന്നു. പെട്രോളിംങ് വേറെ .
ബാരിക്കേഡുകള്കൊണ്ടുപോലും ബൂത്തുകളെ വേര്‍തിരിക്കേണ്ട തെരഞ്ഞെടുപ്പ് കാലത്ത് അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാക്കുകളില്‍ തന്നെ ഇക്കാര്യം സ്ഫുരിക്കുന്നത് കാണാം. തെരഞ്ഞെടുപ്പ് ദിവസങ്ങളിലോ അതിനു മുമ്പോ ശേഷമോ ജമ്മുകശ്മീരില്‍ ഒരു നേരിയ അക്രമ സംഭവം പോലും ഉണ്ടായിട്ടില്ലെന്നത് റെക്കോര്‍ഡാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനങ്ങളുടെ അഭിലാഷം പ്രതിഫലിപ്പിക്കുന്നതല്ല തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടനകള്‍ ബഹിഷ്കരിക്കാനും പ്രകടനം നടത്താനും ആഹ്വാനം ചെയ്തിരുന്നത്. ഇത്രയും ഉയര്‍ന്ന വോട്ട് രേഖപ്പെടുത്തിയത് ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ ശരിവെയ്ക്കുന്നുണ്ട്.
അഞ്ചാംഘട്ടത്തിലാകട്ടെ മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 20 നിയമസഭാ മണ്ഡലങ്ങളില്‍ 76 ശതമാനം പേരാണ് വോട്ടുചെയ്തത് ഇതില്‍ ബാഹി മണ്ഡലത്തില്‍ 83.20% ബഷോളിയില് 78.5%, കത്തുവയില്‍ 80.47%, ഹീരാനഗറില്‍ 80.17%, ദര്ഹാളില് 81%, മര്‍ഹയില്‍ 82.45% എന്നിങ്ങനെയാണ്.
വോട്ടര്‍മാര്‍ക്കുണ്ടായ ആത്മവിശ്വാസമാണ് ഇതുതെളിയിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുമ്പും എല്ലാവിധ സജ്ജീകരണങ്ങളും നടത്താറുണ്ടെങ്കിലും ജനങ്ങള്‍ ഭയചകിതരായിരുന്നു. ഇത്രയും സമാധാനപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും അഭിമാനിക്കാം. എണ്പതുശതമാനത്തിലധികംപേര് വോട്ടുചെയ്ത ബൂത്തുകള്‍ ഏറെയാണ്. ഇതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളില്‍ കര്‍ഫ്യൂ, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം എന്നിവയെല്ലാമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ നടന്ന 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും പിഡിപിയും ആകെയുള്ള ആറുസീറ്റുകളും തുല്യമായി കരസ്ഥമാക്കി. സംസ്ഥാനത്താദ്യമായി അവിടുത്തെ ഭരണകക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും തറപറ്റി.
2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സി-28, പിഡിപി-21, കോണ്‍ഗ്രസ്-17, ബിജെപി-11 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ജമ്മു-കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നലെ പുറത്തുവന്നപ്പോള്‍ വ്യക്തമായ കാര്യം ഈ സംസ്ഥാനം വലിയൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണിപ്പോള്‍ എന്നാണ്. കോണ്‍ഗ്രസിനേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും നിലംപരിശാക്കി പിഡിപിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി എന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: