ഉപയോഗത്തിന് നികുതി ഉയര്‍ത്തണം
ഫ്ളക്സ് നിരോധനത്തിന് പകരം നിയന്ത്രണമേര്‍പ്പെടുത്തുകയെന്നത് വളരെ മോശപ്പെട്ട തീരുമാനമാണ്. ഫ്ളക്സ് ഉപയോഗത്തില്‍ നിയന്ത്രണം എന്നത് നേരത്തെ ഉണ്ടായിരുന്നതാണ്. ഈ നിയന്ത്രണം പ്രായോഗികമല്ല. നിയമപരമായ നിയന്ത്രണമാണ് ആവശ്യം. അതില്ലാത്തിടത്തോളം കാലം ഫ്ളക്സ് ഉപയോഗം കുറയ്ക്കുക സാധ്യമല്ല. നിയന്ത്രണം ഫലപ്രദമാവണമെങ്കില്‍ ഫഌക്സ് ഉപയോഗത്തിന് നികുതി ഉയര്‍ത്തണം. കാരണം അനിയന്ത്രിതമായ ഫ്ളക്സ് ഉപയോഗത്താല്‍ സമൂഹത്തിനുണ്ടാകുന്ന ചെലവ് വളരെ കൂടുതലാണ്. ഫ്ളക്സിന് പാരിസ്ഥിതിക നികുതി ഏര്‍പ്പെടുത്തണം.
ഉത്പാദനം മുതല്‍ ഉപയോഗം വരെ നിയന്ത്രിക്കാന്‍ കഴിയണം. ഫ്ളക്സ് നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ഇത് ചെലവ് കുറഞ്ഞതും വളരെ ലാഭകരവുമാണ്. തൊഴിലിന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. സമൂഹത്തെ വിഷമയമാക്കുകയാണ് ഫ്ളക്സ് ഉപയോഗത്തിലൂടെ നടക്കുന്നത്. സമൂഹത്തിന്റേയും ഭാവി തലമുറയുടേയും ആരോഗ്യം നശിപ്പിക്കുന്നതുമൂലം സമൂഹത്തിനുണ്ടാകുന്ന ചെലവ് വളരെ വലുതാണ്. ഫ്ളക്സ് ഉപയോഗിക്കാത്തവനാണ് അതിന്റെ ദോഷം. ഇതുമൂലം ഒരാള്‍ രോഗിയായാല്‍ ആര് ഉത്തരവാദിത്തം പറയും. കോടികള്‍ നികുതിയിനത്തില്‍ വരുമാനം കിട്ടുമെന്ന കാരണത്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുന്നത് ശരിയല്ല. അതിനാല്‍ത്തന്നെ ഫ്ളക്സ് 100 ശതമാനവും സമൂഹത്തിനും പരിസ്ഥിതിക്കും ദോഷമാണ്. പുകവലിയുടെ കാര്യം പറയുന്നതുപോലെത്തന്നെയാണ് ഫഌകിസ്ന്റെ ഉപയോഗവും. ഉപയോഗിക്കാത്തവനും പുകവലി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെ? ഫ്ളക്സിന് പകരം പേപ്പര്‍, തുണി തുടങ്ങി നിരവധി സാധ്യതകള്‍ ഉണ്ട്. പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
കലാകാരന്മാര്ക്ക് തിരിച്ചുവരവിന് അവസരം
ഫ്ളക്സ് നിരോധനം കാര്യമായി ബാധിക്കില്ല. ഫ്ളക്സ് വര്‍ക്കിലേക്ക് വരുന്നതിന് മുമ്പ് പടം വരയും ബാനറെഴുത്തും ചുമരെഴുത്തും ആയിരുന്നു. ഫ്ളക്സ് നിരോധനം വന്നാല്‍ പഴയ മേഖലയിലേക്ക് മടങ്ങും. ഫ്ളക്സ് ജോലി കൂടാതെ ബാനര്‍ വര്‍ക്കുകളും ചെയ്യുന്നുണ്ട്. ലോണും മറ്റും എടുത്താണ് പലരും ഈ തൊഴിലിലേക്ക് കടന്നുവന്നിരിക്കുന്നത്. പെട്ടെന്ന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അവര്‍ക്ക് വായ്പ അടച്ചുതീര്‍ക്കുന്നതിന് സാധിക്കില്ല. അതിനാല്‍ പെട്ടന്നുള്ള നിരോധനം സാധ്യമല്ല.
ഫ്ളക്സ് വന്നപ്പോള്‍ പല കലാകാരന്മാര്ക്കും തൊഴില്‍ നഷ്ടമായി. അവര്‍ക്ക് മറ്റുമേഖലകള്‍ കണ്ടെത്തേണ്ടി വന്നു. പിന്നെ കാലത്തിനൊത്ത് നമ്മളും മാറണമല്ലോ?
നിരോധനം പൊതുസ്ഥലങ്ങളില്‍ ബാധകമായാലും ഗ്രാമപ്രദേശങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. ബാനറാവുമ്പോള്‍ ഫളക്സിനെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്. എന്നിരുന്നാല്‍ത്തന്നെയും കലാകാരന്മാര്ക്ക് തിരിച്ചുവരുന്നതിന് ഫ്ളക്സ് നിരോധനം വഴിതെളിക്കും.
ജീവനോപാധിയാകും
ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഫ്ളക്സിന്റെ അതിപ്രസരം മൂലം ബാനര്‍ എഴുത്തുകാര്‍ക്ക് പിന്നോട്ട് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചെലവ് കൂടുതലാണ്. ബാനറോ ബോര്‍ഡോ തീര്‍ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മതിയാവും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഞങ്ങളപ്പോലുള്ളവര്‍ക്ക് അവസരം കുറവായിരുന്നു. തങ്ങളുടെ ജീവനോപാധി അനാഥമായ സാഹചര്യത്തില്‍ ഫ്ളക്സിനെതിരെ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ബാനര്‍ എഴുതുമ്പോള്‍ മീറ്റര്‍ കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്.
ബിജു വി.പി (ബിജൂസ് ആര്‍ട്സ് ചേര്‍ത്തല)
ഫ്ളക്സ് വര്‍ക്കുകള്‍ ചെയ്യുന്നത് സാധാരണ ആര്‍ട്ടിസ്റ്റുമാരാണ്. എന്നാലിപ്പോള്‍ വ്യക്തികള്‍ നേരിട്ടെത്തി അവര്‍ക്കിഷ്ടമുളള ഡിസൈന്‍ ചെയ്യുന്നുണ്ട്. കലാകാരന്മാര്ക്ക് ജോലിയില്ലാത്ത അവസ്ഥയുണ്ട്. കേവലം ഒരുമണിക്കൂര്‍കൊണ്ട് ഫ്ളക്സുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമ്പോള്‍ ബാനറുകള്‍ തീര്‍ക്കാന്‍ മൂന്നോ നാലോ ദിവസം വേണം. ഫ്ളക്സുകളുടെ കാര്യത്തില്‍ 100 ശതമാനം നശിച്ചുപോകുന്ന തരത്തിലുള്ള പുത്തന്‍ രീതികള്‍ അവംലബിക്കേണ്ടിയിരിക്കുന്നു. നിരോധനം കലാകാരന്മാരെ ബുദ്ധിമുട്ടിലാക്കും
ഷാജി (ചിന്നൂസ് ഫ്ളക്സ്, ചേര്‍ത്തല)
സ്വാഗതം ചെയ്യുന്നു
ഫ്ളക്സ് നിരോധനം നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കലാകാരന്മാര്ക്ക് അത് കൂടുതല്‍ ഗുണം ചെയ്യും. ഫ്ളക്സുകളില്‍ സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. ജന്മനാകിട്ടിയിട്ടുള്ള കഴിവുകളാണ് കലാകാരന്മാര് പ്രയോജനപ്പെടുത്തുന്നത്. അതൊരു ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. പരിസ്ഥിതിക്ക് ദോഷം വരുന്ന പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പകരം തുണി ഉപയോഗിക്കണം.
ഫൈന്‍ ആര്ടിസില് ഡിപ്ലോമ നേടിയിട്ടുള്ള നിരവധി യുവാക്കള്‍ക്ക് താത്കാലികമായെങ്കിലും അവരുടെ കഴിവ് തെളിയിക്കാനുള്ള മാധ്യമമാണ് ഇത്. ഇന്ന് സ്കൂളുകളില്‍ ഡ്രോയിംഗ് തസ്തികകള്‍ ഇല്ല. ഇത് കലാകാരന്മാര്ക്ക് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ബാനറുകളും ചുവരെഴുത്തും ഒന്നും ഇല്ലെങ്കില്‍ ഉപജീവനത്തിന് എന്തുചെയ്യും. കുറച്ചുനാള്‍ മുമ്പ് ബാനര്‍ എഴുതുമ്പോള്‍ ഒരു മീറ്ററിന് 40 രൂപയായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്.
എന്നാല്‍ ഫ്ളകിസിന്റെ ഉപയോഗം കൂടിയപ്പോള്‍ നഷ്ടം സഹിച്ചാണെങ്കിലും തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ ചാര്‍ജ് കുറച്ചു. ബാനറില്‍ ഏതെങ്കിലും ഫിഗര്‍ ചേര്‍ക്കണമെങ്കില്‍ അതിന് അധിക ചാര്‍ജ് ഈടാക്കിയിരുന്നു. ചുവരെഴുത്താണെങ്കില്‍ സ്ക്വയര്‍ ഫീറ്റ് അടിസ്ഥാനമാക്കിയാണ് ചാര്‍ജ്ജ് നിശ്ചയിക്കുക.
കൂടുതല്‍ ജനങ്ങളുടെ ശ്രദ്ധകിട്ടുന്നിടമാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൈറ്റിനും ചാര്‍ജ്ജ് നിശ്ചയിക്കുക.
ആര്‍ട്ടിസ്റ്റ് ഷാജു, (ഊരമന)
നിരോധനം വ്യവസായത്തെ ബാധിക്കും
ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ചാല്‍ അത് ഈ വ്യവസായത്തെ ദോഷകരമായി ബാധിക്കും. ഫ്ളക്സ് വര്‍ക്കുകള്‍ ഏല്‍പ്പിക്കാന്‍ പാര്‍ട്ടി നേരിട്ടല്ല പകരം ഏജന്റുമാരാണ് എത്തുന്നത്.
ഒരു ഫ്ളക്സ് പൂര്‍ത്തിയാക്കാന്‍ പത്തോ പതിനഞ്ചോ മിനിട്ട് മതിയെന്നിരിക്കെ ഏവര്‍ക്കും താല്പര്യം ഫ്ളക്സാണെന്നും പറയുന്നു. എന്നാല്‍ ബാനര്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണം. രാഷ്ട്രീയക്കാര്‍ക്കും ഫ്ളക്സിനോടാണ് താല്പര്യം.
വര്‍ഷങ്ങളായി ഫ്ളക്സ് നിര്‍മാണ മേഖലയില്‍ നില്ക്കുന്ന തനിക്കോ മറ്റ് ജീവനക്കാര്‍ക്കോ അസുഖം ഒന്നും വന്നിട്ടില്ല.
ഷംസുദ്ദീന് (റെയിന്‍ബോ ഫ്ളക്സ് ആന്റ് ബാനര്‍വര്‍ക്സ് കൊല്ലം)
പരിസ്ഥിതിയുടെ ശത്രു
മനുഷ്യന് കാലത്തിനൊത്ത് മാറുമ്പോള്‍ ആ മാറ്റം പലപ്പോഴും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലായിരിക്കില്ല. ബാനറില്‍ നിന്നും പേപ്പറില്‍ നിന്നും ഫ്ളക്സിലേക്കുള്ള മാറ്റവും ഇത്തരത്തിലുള്ള ഒന്നാണ്. പ്ലാസ്റ്റിക് നിരോധിക്കണമെന്ന് അലമുറയിടുമ്പോഴും പ്ലാസ്റ്റിക്കിന് രൂപമാറ്റം വരുത്തി ഉണ്ടാക്കുന്ന ഫ്ളക്സിന്റെ കാര്യത്തില്‍ നിലപാട് മറ്റൊന്നാവുന്നു. പോളിവിനൈല്‍ ക്ലോറൈഡ്(പിവിസി) ആണ് ഇതിന്റേയും അടിസ്ഥാന പദാര്‍ത്ഥം. ഇതിന് പുറമെ മഴയേറ്റും മറ്റും നശിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും അത്യന്തം അപകടകാരികള്‍ തന്നെ. കാണുമ്പോള്‍ നിരുപദ്രവകാരിയെന്നു തോന്നുമെങ്കിലും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഘനലോഹങ്ങള്‍ ഇതില്‍ നിന്നും പുറത്തുവരുന്നുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഇത് മനുഷ്യ ശരീരത്തിലെ രാസാഗ്നിയുടെ പ്രവര്‍ത്തനം താറുമാറാക്കും. ആസ്മ, ശ്വാസകോശ രോഗങ്ങള്‍ എന്തിനേറെപ്പറയുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെപ്പോലും ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ജലം, മണ്ണ്, വായു എന്നിവയെ മലിനമാക്കുന്നു.
ഫ്ളക്സ് കത്തിച്ചുകഴിഞ്ഞാല് തീര്‍ന്നല്ലോ പ്രശ്നം എന്നും സമാധാനിക്കാന്‍ വരട്ടെ. ഇത് കത്തിക്കുമ്പോള്‍ പുറത്തുവരുന്നത് പോളിവിനൈല്‍ ക്ലോറൈഡ്, പോളി എത്തിലീന്‍ ട്രൈഫ്ത്താലെറ്റ്, ടെട്രാക്ലോറോഡൈബെന്‍സോ പാരാഡൈയോക്സിന്‍, അമ്ലവാതങ്ങള്‍, എത്തിലീന്‍ തുടങ്ങിയ ജീവനുതന്നെ അപകടം വരുത്തിവയ്ക്കുന്ന മാരക വിഷമാലിന്യങ്ങളാണ്. കാന്‍സര്‍, ജനനവൈകല്യങ്ങള്‍. പഠനവൈകല്യങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, അലര്‍ജി, വന്ധ്യത തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ക്കും ഫ്ളക്സ് കാരണമായേക്കാം.
ജൈവവിഘടനത്തിന് വിധേയമാകാത്തതിനാല് ഫ്ളക്സ് വിഘടിപ്പിക്കുവാന്‍ നിരവധി വര്‍ഷങ്ങള്‍ ആവശ്യമാണ്. ഇവ ഒരിക്കലും മണ്ണില്‍ ലയിച്ചുചേരില്ല. വായുവിലൂടെയും ജലത്തിലൂടെയും മണ്ണിലെത്തുന്ന ഫ്ളക്സ് രാസമാലിന്യങ്ങള്‍ മറ്റു ജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കും. മനുഷ്യര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിച്ചുകളയാന്‍ പരക്കം പായുമ്പോള്‍ അതുമൂലം അന്തരീക്ഷം എത്രമാത്രം മലിനമാക്കപ്പെടുന്നു എന്നും അതിന്റെ തോതും ചിന്തിക്കാന്‍ കൂടി സാധ്യമല്ല. സംസ്ഥാനം മുഴുവന്‍ ഫ്ളക്സ് ബോര്‍ഡുകളും ഹോര്‍ഡിങുകളും നിറഞ്ഞിരിക്കുകയാണ്. ഇവയെല്ലാം ഉപയോഗശേഷം എവിടെ പോകുന്നുവെന്നുപോലും ആരും അന്വേഷിക്കാറില്ല. ഇന്നലെ ഇരുന്ന പരസ്യമാവില്ല നാളെ ആ സ്ഥാനത്ത് കാണുന്നത്. രാഷ്ട്രീയക്കാരും, വിവിധ സ്ഥാപനങ്ങളും, ചാലനുകാര്‍പോലും അവരുടെ പ്രചാരണത്തിന് ഫ്ളക്സ് യഥേഷ്ടം ഉപയോഗിക്കുന്നു. മനുഷ്യര്‍ക്ക് നടക്കാന്‍പോലും പറ്റാത്തവിധത്തിലോ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയെ ക്ഷണിക്കുന്ന വിധത്തിലോ ഒക്കെയാവും ഫ്ളക്സുകള്‍ നിരത്തുകള്‍ കീഴടക്കുക. ഓരോ വ്യക്തിക്കും നാം ജീവിക്കുന്ന സമൂഹത്തോടും പരിസ്ഥിതിയോടും പ്രതിബന്ധതയുണ്ടെന്നകാര്യം മറക്കാതിരിക്കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ഈ പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല. ഭാവിതലമുറയ്ക്ക് വേണ്ടിക്കൂടിയും അതിനെ കാത്തുസൂക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം നമുക്കുണ്ടെന്നും ഇടയ്ക്കെങ്കിലും ഓര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: