വെഞ്ഞാറമൂട്(തിരുവനന്തപുരം): മിമിക്രി താരത്തില്‍ നിന്ന് ദേശീയ നിലവാരമുള്ള മഹാനടനിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ വളര്‍ച്ച അഭിമാനത്തോടെയാണ് വെഞ്ഞാറമൂട്ടിലെ ഗ്രാമീണര്‍ നോക്കിക്കാണുന്നത്.
സുരാജ് ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഉയര്ത്തപ്പെടുമ്പോള് വെഞ്ഞാറമൂട് നിവാസികളുടെ സന്തോഷത്തിനും അഭിമാനത്തിനും അതിരുകളില്ല.
ജ്യേഷ്ഠന് സജിയുടെ പ്രോഗ്രാമുകളായിരുന്നു സുരാജിന്റെ മിമിക്രിയിലേക്കുള്ള വരവ്. സജി അച്ഛന്റെ പാത പിന്തുടര്ന്ന് പട്ടാളത്തില്‍ പോയതോടെ മിമിക്രി ട്രൂപ്പിന്റെ ചുമതല സുരാജിനായി. പിന്നെ 16 വര്‍ഷം മിമിക്രി വേദിയില്‍. കേരളത്തിലെ പ്രധാന മിമിക്രി ട്രൂപ്പുകളിലെല്ലാം സുരാജിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മിമിക്രിയില്‍ സജീവമാകുന്നതുവരെ വെഞ്ഞാറമൂടിന്റെ അനൗണ്സര് ആയിരുന്നു സുരാജ്. ആണ് പെണ് ശബ്ദത്തിലും സിനിമാ താരങ്ങളുടെ ശബ്ദത്തിലുമുള്ള സുരാജിന്റെ അനൗണ്‍സ്മെന്റ് പ്രശസ്തമാണ്. അവിടെനിന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി. മിമിക്രി ട്രൂപ്പുകളുടെ പരിപാടികള്‍ക്ക് ശബ്ദം നല്‍കികൊണ്ടായിരുന്നു ഡബ്ബിംഗിന്റെ തുടക്കം. പിന്നീട് ടിവി അവതാരകനായി. സുരാജ് അവതരിപ്പിച്ചിരുന്ന കോമഡി തില്ലാന ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.
2002 ല്‍ പുറത്തിറങ്ങിയ ജഗപൊക എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തി.(അതിനുമുന്‍പ് അഭിനയിച്ച മുകേഷ് ചിത്രമായ ‘തെന്നാലി രാമന്’ പുറത്തിറങ്ങിയില്ല.) മിമിക്രി കലാകാരന്മാരെ അണിനിരത്തി നിര്‍മ്മിച്ച ചിത്രത്തില്‍ ഡബിള്‍ റോളായിരുന്നു സുരാജിന്. പാച്ചു എന്ന മിമിക്രി കലാകാരനായും മമ്മൂട്ടിയുടെ ദാദാസാഹിബായും സുരാജ് തിളങ്ങി. തെക്കന്‍കേരളത്തിന്റെ ഭാഷ അവതരിപ്പിച്ച കുടിയന് വേദികള്‍ കയ്യടക്കിയതോടെ സുരാജ് മെഗാഷോകളിലെ താരമായി. തുടര്‍ന്ന് 2005 ല്‍ പുറത്തിറങ്ങിയ ‘രാജമാണിക്ക’ത്തില്‍ മമ്മൂട്ടിക്ക് സുരാജ് ഭാഷാഗുരുവായി.
സേതുരാമയ്യര്‍ സിബിഐ, രസതന്ത്രം, തുറുപ്പുഗുലാന്‍, കനകസിംഹാസനം, കഥപറയുമ്പോള്‍, അറബിക്കഥ, ഹലോ, മായാവി, വെറുതേ ഒരു ഭാര്യ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രകങ്ങളില് ഹാസ്യതാരമായി. 2008 ല്‍ അണ്ണന്തമ്പി എന്ന ചിത്രത്തിലെ മുഴുനീളന്‍ കഥാപാത്രം പീതാംബരന് എന്ന ആംബുലന്‍സ് ഡ്രൈവര്‍ മലയാളിയുടെ മനം കീഴടക്കി. പിന്നെ നിരവധി മുഴുനീള ഹാസ്യ കഥാപാത്രങ്ങള്‍.
2009 ല്‍ പുറത്തിറങ്ങിയ ഡൂപ്ലിക്കേറ്റ് എന്ന ചിത്രത്തില്‍ നായകനായി. 2009 ല്‍ തന്നെ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ അഡ്വ. മണ്ണന്തല സുശീല്‍കുമാര്‍ എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ഈ കലാകാരനെ തേടിയെത്തി. തുടര്‍ന്ന് 2010 ലെ സംസ്ഥാന അവാര്‍ഡും ഈ നടന് തന്നെ ആയിരുന്നു. ഒരുനാള്‍ വരും എന്ന ചിത്രത്തിലെ ഡ്രൈവറുടെ വേഷം അനായാസം കൈകാര്യം ചെയ്ത് തീയറ്ററുകളില്‍ പ്രേക്ഷകനെ ചിരിപ്പിച്ചതിനായിരുന്നു 2010 ലെ അവാര്‍ഡ്.
അവിടന്നിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ തന്റെ കഴിവു പ്രകടിപ്പിച്ചു സുരാജ്. ഇതുവരെ 190 സിനിമകളില്‍ അഭിനയിച്ചു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാടോടിമന്നന്.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങി നിരവധി ചിത്രങ്ങള്‍. ഇപ്പോള്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ അസാധാരണമായ ശേഷി പ്രകടനത്തിന് ദേശീയ അവാര്‍ഡില്‍ മുത്തമിട്ടിരിക്കുകയാണ് ഈ കലാകാരന്.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: