കൊച്ചി: ഫാക്ടിന് സാമ്പത്തിക പായ്ക്കേജ് അനുവദിയ്ക്കാനും, മിതമായ വിലയ്ക്ക് എല്‍എന്‍ജി ഫാക്ടിനും ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരില്‍ അടിയന്തിരമായി ഇടപെടണമെന്നും, എല്‍എന്‍ജിയുടെ നികുതി കേരള സര്‍ക്കാര്‍ ഉപേക്ഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് ഫാക്ടിലെ യൂണിയന് പ്രസിഡന്റുമാര്‍ 20ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ സത്യഗ്രഹമിരിയ്ക്കുന്നു. സേവ് ഫാക്ട് ചെയര്മാന് കെ.മുരളീധരന് എംഎല്‍എ, കണ്‍വീനര്‍ കെ.ചന്ദ്രന് പിള്ള, കെ.എന്‍.രവീന്ദ്രനാഥ്, എ.സി.ജോസ്, അഡ്വ.കെ.പി.ഹരിദാസ്, അജയ് തറയില്‍, കാനം രാജേന്ദ്രന്, എന്‍.കെ.പ്രേമചന്ദ്രന്, അഡ്വ.എന്‍.നഗരേഷ്, കെ.വിജയന്‍പിള്ള, പി.രാജു, എ.എസ്.കേശവന് നമ്പൂതിരി, എസ്.ജയതിലകന്‍ തുടങ്ങി പ്രസിഡന്റുമാരാണ് സത്യഗ്രഹമിരിക്കുന്നത്. സേവ് ഫാക്ട് സമരസഹായ ജില്ലാസമിതിയുടെ നേതാക്കളും, സേവ് ഫാക്ട് നേതാക്കളും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും. 20 ദിവസം പിന്നിട്ട നിരാഹാര സത്യാഗ്രഹപന്തല്‍ സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി നപന്സെന് എംപി സന്ദര്‍ശിച്ചു.
എഫ്എസിടിയേയും പ്രതിസന്ധിയിലാക്കിയ കേന്ദ്ര രാസവളനയം തിരുത്തണമെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആവശ്യപ്പെട്ടു. സേവ് ഫാക്ട് നിരാഹാര സമരപ്പന്തലില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാക്ടിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ 991 കോടി രൂപയുടെ പായ്ക്കേജ് പൊതുമേഖലപുനരുദ്ധാരണ സമിതി ശുപാര്‍ശ ചെയ്തിരിക്കയാണ്. ഈ പായ്ക്കേജിന് അടിയന്തിരമായി ക്യാബിനറ്റ് അംഗീകാരം നല്‍കണം. അല്ലെങ്കില്‍ കമ്പനി ബിഐഎഫ്ആര്ലേക്ക് റഫര്‍ ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
രാസവള രംഗത്ത് പുതിയ നിക്ഷേപം വരുന്നില്ല. രാസവള നയം സ്വകാര്യ മൂലധന നിക്ഷേപകര്‍ക്കും ആകര്‍ഷകമായ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിവിശേഷം ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുകയാണ്. വിദേശനാണ്യവും വന്‍തോതില്‍ ചോരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിവാതകം കുറഞ്ഞവിലയ്ക്ക് നല്കിയാല് മാത്രമേ ഫാക്ടിന് ലാഭകരമായി പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. നിര്‍ദ്ദിഷ്ഠ യൂറിയ- അമോണിയ കോപ്ലംക്സ് അനുവദിയ്ക്കുന്നതും കൂടുതല്‍ വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതും ഫാക്ടിന്റെ സുരക്ഷിതമായ ഭാവിയ്ക്ക് ആവശ്യമാണ്. കെ.ചന്ദ്രപിള്ള, കെ.എന്‍.ഗോപിനാഥ്, കെ.വിജയകുമാര്‍, പി.എം.അലി, സി.ഡി.നന്ദകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മന്ത്രി ഇബ്രാഹിംകുഞ്ഞ് പന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: